ഹൈക്കോടതി ഉത്തരവ് കേരളത്തിന് മാത്രമല്ല ബാധകമാകുക, കേന്ദ്രത്തിനും; തോമസ് ഐസക്ക്
Kerala
ഹൈക്കോടതി ഉത്തരവ് കേരളത്തിന് മാത്രമല്ല ബാധകമാകുക, കേന്ദ്രത്തിനും; തോമസ് ഐസക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th April 2020, 3:50 pm

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി താത്ക്കാലികമായി സ്‌റ്റേ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്ക്.

ആറ് ദിവസത്തെ ശമ്പളം പിടിച്ചുവെക്കാനുള്ള സര്‍ക്കാരിന്റെ നടപടി സ്റ്റേ ചെയ്തിരിക്കുകയാണെന്നും ഈ വിധി കേരളത്തിന് മാത്രമല്ല കേന്ദ്രസര്‍ക്കാരിനും മറ്റു സംസ്ഥാനങ്ങള്‍ക്കും കൂടി ബാധകമായി വരുമെന്ന് തോമസ് ഐസക് പറഞ്ഞു.

‘കേരള സംസ്ഥാനം മാത്രമല്ല ഹൈക്കോടതി വിധിയാകുമ്പോള്‍ അത് കേന്ദ്രസര്‍ക്കാരിനും മറ്റ് സംസ്ഥാനങ്ങള്‍ക്കും ബാധകമാണ്. വിധി വായിച്ച ശേഷം ഇത് നിയമപരമാക്കുന്നതിന് എന്ത് നടപടി വേണമെന്ന് ആലോചിക്കും. എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ കൊണ്ട് ഇങ്ങനെ ചെയ്യാന്‍ ആവില്ലെന്ന് പറഞ്ഞിരിക്കുകയാണ്. അത് പരിശോധിക്കും.

ഇത്തരമൊരു കാര്യം കേരളത്തിലെ ചിലരുടെ മാനസികാവസ്ഥ പ്രതിഫലിപ്പിക്കുന്നതാണ്. ഏതെല്ലാം രീതിയില്‍ സര്‍ക്കാരുമായി നിസ്സഹരിക്കാം, ഏതെല്ലാം രീതിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താം. അതിനൊക്കെ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു സെറ്റ് ആളുകള്‍ കേരളത്തില്‍ രൂപാന്തരപ്പെട്ടിരിക്കുന്നു എന്നത് അത്യധികം ദൗര്‍ഭാഗ്യകരമായ അവസ്ഥയാണ്.

ലോകം മുഴുവന്‍ കേരളത്തിലെ യോജിപ്പ്, കേരളത്തിന്റെ സോഷ്യല്‍ ക്യാപിറ്റല്‍ എന്നൊക്കെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനെയൊക്കെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചിലര്‍ നമുക്കിടയില്‍ ഉണ്ട് എന്നത് വലിയൊരു തിരിച്ചറിവ് തന്നെയാണെന്നും തോമസ് ഐസക് പറഞ്ഞു.

സര്‍ക്കാര്‍ ഉത്തരവ് രണ്ട് മാസത്തേക്കാണ് ചെയ്തിരിക്കുന്നത്. മെയ് 20 ന് കേസ് വീണ്ടും പരിഗണിക്കും.

സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ആറ് മാസത്തിനുള്ളില്‍ തവണകളായി പിടിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ശമ്പളമെന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശമാണ്. സര്‍ക്കാരിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് എന്നത് ശമ്പളം പിടിച്ചുവെക്കുന്നതിന് ന്യായീകരണമെന്ന് ഹൈക്കോടതി വിലയിരുത്തി. ശമ്പളം നീട്ടിവെക്കുന്നത് ശമ്പളം നിരസിക്കുന്നതിന് തുല്യമാണെന്നും ദുരന്ത നിവാരണ നിയമമോ പകര്‍ച്ചവ്യാധി നിയമമോ ഇത് സാധൂകരിക്കുന്നില്ലെന്നും കോടതി പറഞ്ഞു.