| Sunday, 18th December 2016, 11:01 am

നോട്ടുനിരോധനത്തെ കുറിച്ച് മാസങ്ങള്‍ക്കുമുമ്പേ എസ്.ബി.ഐ മാസികയില്‍ ലേഖനം: മോദിയുടെ 'പരമരഹസ്യം' ആഘോഷിക്കകുന്നവര്‍ക്കു മുമ്പില്‍ തെളിവുമായി തോമസ് ഐസക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: 1000ത്തിന്റെയും 500ന്റെയും നോട്ടുകള്‍ റദ്ദാക്കപ്പെട്ടേക്കാമെന്ന റിപ്പോര്‍ട്ട് എസ്.ബി.ഐ മാസികയില്‍ മാസങ്ങള്‍ക്കു മുമ്പേ വന്നിരുന്നെന്ന് ധനമന്ത്രി തോമസ് ഐസക്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം തെളിവുസഹിതം ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അര്‍ദ്ധ ഔദ്യോഗിക പ്രസിദ്ധീകരണമായ ഇക്കോറാപ്പിന്റെ 2016 ഏപ്രില്‍ 7-ലെ ലക്കത്തില്‍ വരാന്‍ പോകുന്ന ഡീമോണിറ്റേഷനെക്കുറിച്ച് നോട്ടുവര്‍ധനവും നോട്ടുനിരോധനവും എന്ന തലക്കെട്ടില്‍ (Currency Increase and Demonetisation) വന്ന ലേഖനത്തിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നതെന്ന് ലേഖനത്തിന്റെ ചിലഭാഗങ്ങള്‍ ഉദ്ധരിച്ച് തോമസ് ഐസക് പറയുന്നു.


Also Read:സീനിയോറ്റി മറികടന്നത് മുസ്‌ലിം കരസേനാ മേധാവിയാകുന്നത് തടയാനോ? ബിപിന്‍ റാവത്തിന്റെ നിയമനം വിവാദമാകുന്നു


“ഉയര്‍ന്ന മൂല്യമുള്ള അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ റദ്ദാക്കപ്പെടാം എന്ന വാര്‍ത്ത കുറച്ച് നാളായി അന്തരീക്ഷത്തിലുണ്ട്. ഇതായിരിക്കാം പൊതുജനങ്ങളുടെ കൈയിലുള്ള നോട്ടിന്റെ വര്‍ദ്ധനയുടെ ന്യായമായി തോന്നുന്ന കാരണം. ഇതിന്റെ യുക്തിയെന്താണെന്നുവെച്ചാല്‍ ജനങ്ങള്‍ ക്യാഷ് ബാങ്കില്‍നിന്ന് പുറത്തെടുത്ത് സ്വര്‍ണംപോലുള്ള ആസ്തികള്‍ വാങ്ങുകയാണ്. നോട്ട് റദ്ദാക്കപ്പെടുന്നത് അവര്‍ക്ക് സൃഷ്ടിക്കുന്ന പ്രശ്‌നം കുറവായിരിക്കും.– അതുകൊണ്ട് നോട്ട് റദ്ദാക്കാന്‍ പരിപാടിയുണ്ടെങ്കില്‍ ഒരു കൃത്യം റോഡ് മാപ് സൃഷ്ടിക്കേണ്ടതുണ്ട് എന്നാണ് ഞങ്ങളുടെ പരിഗണനാര്‍ഹമായ കാഴ്ചപ്പാട്” എന്നാണ് ലേഖനത്തില്‍ പറയുന്നത്.

നോട്ട് റദ്ദാക്കല്‍ നടപടി പരമ രഹസ്യമായി സൂക്ഷിക്കാന്‍ കഴിഞ്ഞത് പ്രധാനമന്ത്രിയുടെ ഭരണനിര്‍വഹണശേഷിയുടെ അടയാളമായി ആഘോഷിക്കുന്നവര്‍ക്ക് മറുപടിയെന്ന നിലയിലാണ് തോമസ് ഐസക് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.


Don”t Miss:ഭാവിയില്‍ ഇന്ത്യന്‍ സൈന്യത്തെ സംഘപരിവാറില്‍ അംഗമാക്കുമോ? കരസേനാ മേധാവി നിയമനത്തെ വിമര്‍ശിച്ച് അഡ്വ.മുഹമ്മദ് റിയാസ്


നോട്ടുനിരോധനം നടപ്പിലാക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ചും ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും തോമസ് ഐസക് വിശദീകരിക്കുന്നു.

” ഈ ലേഖനം ഇന്ത്യയിലുള്ള നോട്ടുകളുടെ എണ്ണവും അവ റദ്ദാക്കിയാല്‍ അച്ചടിക്കാന്‍ വേണ്ടിവരുന്ന പ്രയാസങ്ങളും എ.ടി.എമ്മില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുമെല്ലാം പരസ്യമായി പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഈ മുന്‍കരുതലുകളൊന്നും എടുക്കുകയുണ്ടായില്ല. പൊടുന്നനെയുള്ള നോട്ട് റദ്ദാക്കല്‍ തെറ്റായൊരു നടപടിയാണെന്നു മാത്രമല്ല, നിര്‍വഹണത്തിലെ അമ്പേ പരാജയത്തിന്റെ മാതൃകകൂടിയാണ്.” അദ്ദേഹം പറയുന്നു

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

നോട്ട് റദ്ദാക്കല്‍ നടപടി പരമ രഹസ്യമായി സൂക്ഷിക്കാന്‍ കഴിഞ്ഞത് പ്രധാനമന്ത്രി മോദിയുടെ ഭരണനിര്‍വഹണശേഷിയുടെ അടയാളമായി പലരും കൊണ്ടാടിയിട്ടുണ്ട്. നവംബര്‍ 8ന് മുമ്പ് ചിലയിടങ്ങളില്‍ ബി.ജെ.പി. നേതാക്കള്‍ പണം ഡെപ്പോസിറ്റ് ചെയ്തതിന്റേയും ഭൂമിയും മറ്റും വാങ്ങിയതിന്റേയും വാര്‍ത്തകള്‍ വന്നിരുന്നു.

ഇപ്പോഴിതാ ഒരു പുതിയ വെളിപ്പെടുത്തല്‍ – സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അര്‍ദ്ധ ഔദ്യോഗിക പ്രസിദ്ധീകരണമായ Ecowrap ന്റെ 2016 ഏപ്രില്‍ 7-ലെ ലക്കത്തില്‍ വരാന്‍ പോകുന്ന ഡീമോണിറ്റേഷനെക്കുറിച്ച് “Currency Increase and Demonetisation” എന്നൊരു ലേഖനം തന്നെ വന്നിരുന്നു. മാര്‍ച്ചുമാസത്തില്‍ ഇന്ത്യയിലെ പൊതുജനങ്ങളുടെ കൈയിലുള്ള നോട്ടുകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടായി. ഈ വര്‍ദ്ധനയുടെ പിന്നിലെ കാരണങ്ങളെക്കുറിച്ചാണ് ലേഖനം.

ഇത് വരാന്‍ പോകുന്ന പഞ്ചാബ്, യു.പി. ഇലക്ഷനുമായിട്ട് ബന്ധമൊന്നുമില്ല എന്ന് മുന്‍ ഇലക്ഷന്‍ കാലത്ത് പൊതുജനങ്ങളുടെ കൈവശമുണ്ടായ കറന്‍സിമാറ്റങ്ങളെ താരതമ്യപ്പെടുത്തിക്കൊണ്ട് സമര്‍ത്ഥിക്കുകയാണ് ലേഖനത്തിന്റെ ആദ്യഭാഗം. പിന്നെ എന്താണ് കാരണം? ലേഖനത്തില്‍ന്ന് ഉദ്ധരിക്കട്ടെ:

ഇന്നലെ ഹൈദരാബാദ് കളക്റ്റീവ് സംഘടിപ്പിച്ച സെമിനാറില്‍ പ്രൊഫ. പ്രഭാത് പട്‌നായിക്കിന്റേയും പ്രൊഫ. റാംകുമാറിന്റേയും അവതരണങ്ങള്‍ ഫെയ്‌സ്ബുക്ക് ലൈവായുണ്ടായിരുന്നു. അപ്പോഴാണ് ഞാന്‍  Ecowrap ലേഖനത്തെക്കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. റാംകുമാര്‍ ലേഖനത്തിന്റെ ഒരു കോപ്പി അയച്ചുതരികയും ചെയ്തു.

ഈ ലേഖനം ഇന്ത്യയിലുള്ള നോട്ടുകളുടെ എണ്ണവും അവ റദ്ദാക്കിയാല്‍ അച്ചടിക്കാന്‍ വേണ്ടിവരുന്ന പ്രയാസങ്ങളും എ.ടി.എമ്മില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുമെല്ലാം പരസ്യമായി പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഈ മുന്‍കരുതലുകളൊന്നും എടുക്കുകയുണ്ടായില്ല. പൊടുന്നനെയുള്ള നോട്ട് റദ്ദാക്കല്‍ തെറ്റായൊരു നടപടിയാണെന്നു മാത്രമല്ല, നിര്‍വഹണത്തിലെ അമ്പേ പരാജയത്തിന്റെ മാതൃകകൂടിയാണ്.

We use cookies to give you the best possible experience. Learn more