കൊച്ചി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് യു.എ.ഇ സര്‍ക്കാര്‍ അനുവദിച്ച 700 കോടി രൂപ വേണ്ടെന്ന് വെച്ച കേന്ദ്ര നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
വിദേശസഹായം സ്വീകരിക്കുന്നത് സര്‍ക്കാര്‍ നയത്തിന് എതിരാണെന്ന കാരണം പറഞ്ഞാണ് സര്‍ക്കാര്‍ ധനസഹായം വേണ്ടെന്ന് വെച്ചതെന്നാണ് ഇപ്പോള്‍ നല്‍കുന്ന വിശദീകരണം.
കേരളത്തിന്റെ ദുരിതക്കെടുതി നേരിടാന്‍ കേന്ദ്രത്തോട് സഹായധനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വളരെ പിശുക്കി കേന്ദ്രം 600 കോടി രൂപ അനുവദിച്ചു. സംസ്ഥാനം ഇപ്പോള്‍ നേരിടുന്ന ദുരിതത്തെ നേരിടാന്‍ ഈ തുക കൊണ്ടാകില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു.
കേരള സര്‍ക്കാര്‍ വിദേശ രാജ്യങ്ങളോട് സഹായഭ്യര്‍ത്ഥന നടത്തിയിട്ടില്ല. പക്ഷെ യു.എ.ഇ സര്‍ക്കാര്‍ മഹാമനസ്‌കതയോടെ 700 കോടി രൂപ നല്‍കാം എന്ന വാഗ്ദാനം മുന്നോട്ടു വച്ചു .
തങ്ങള്‍ നല്‍കുന്നതിനേക്കാള്‍ കൂടിയ തുക ഒരു വിദേശ രാജ്യം നല്‍കുന്നത് ഒരു കുറച്ചില്‍ ആയി തോന്നിയിരിക്കണം . അത് കൊണ്ട് അവരുടെ അനൗദ്യോഗിക നിലപാട് അത്തരം സംഭാവന വേണ്ടെന്നാണ് . പട്ടിയൊട്ടു പുല്ലു തിന്നുകേമില്ല, പശൂനെ കൊണ്ട് തീറ്റിക്കുകേമില്ല എന്ന് കേട്ടിട്ടില്ലേ- എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
യു.എ.ഇ സര്‍ക്കാരിന്റെ 700 കോടി ധനസഹായം വാങ്ങുന്നതിന് നിയമപരമോ നയപരമോ ആയ ഒരു തടസവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം , കാരണം ഇത് വളരെ ഗുരുതരമായ ഒരു ദുരന്ത നിവാരണത്തിനായുള്ള സംഭാവന ആണ്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ വിദേശ സര്‍ക്കാരുകളുടെ സഹായങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ അനുവാദത്തോടെ സ്വീകരിക്കാം എന്ന് “ദേശീയ ദുരന്ത നിവാരണ പദ്ധതി -2016” ല്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കേരളം അടിയന്തിര സഹായമായി കേന്ദ്ര സര്‍ക്കാരിനോട് 2000 കോടി രൂപ ചോദിച്ചു. വളരെ പിശുക്കി കേന്ദ്രം 600 കോടി രൂപ അനുവദിച്ചു . കേരള സര്‍ക്കാര്‍ വിദേശ രാജ്യങ്ങളോട് സഹായം അഭ്യര്‍ഥിച്ചിട്ടില്ല . പക്ഷെ യു എ ഇ സര്‍ക്കാര്‍ മഹാമാനസ്‌കതയോടെ 700 കോടി രൂപ നല്‍കാം എന്ന വാഗ്ദാനം മുന്നോട്ടു വച്ചു . തങ്ങള്‍ നല്‍കുന്നതിനേക്കാള്‍ കൂടിയ തുക ഒരു വിദേശ രാജ്യം നല്‍കുന്നത് ഒരു കുറച്ചില്‍ ആയി തോന്നിയിരിക്കണം . അത് കൊണ്ട് അവരുടെ അനൌദ്യോഗിക നിലപാട് അത്തരം സംഭാവന വേണ്ടെന്നാണ് . പട്ടിയൊട്ടു പുല്ലു തിന്നുകേമില്ല, പശൂനെ കൊണ്ട് തീറ്റിക്കുകേമില്ല എന്ന് കേട്ടിട്ടില്ലേ ?
ഇത്തരത്തില്‍ വിദേശ സംഭാവന വാങ്ങുന്നത് ദേശീയ നയത്തിന് വിരുദ്ധമാണെന്നാണ് ഔദ്യോഗിക നിലപാട് . വിദേശ സഹായത്തിന്റെ പിന്നില്‍ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ചു ഏറ്റവും ജാഗ്രത പുലര്‍ത്തി വന്ന പ്രസ്ഥാനമാണ് ഇടതുപക്ഷ പ്രസ്ഥാനം . ഇത്തരം സഹായങ്ങള്‍ക്കൊപ്പം വരുന്ന കാണാച്ചരടുകളും നിബന്ധനകളും ആണ് ഈ എതിര്‍പ്പിനു കാരണം. പക്ഷെ എല്ലാവിധ വിദേശനിക്ഷേപങ്ങളെയോ സഹായങ്ങളെയോ ഇടതുപക്ഷം അടച്ചെതിര്‍ത്തിരുന്നില്ല. ചരടുകള്‍ ഇല്ലാത്ത സഹായങ്ങള്‍ സ്വീകരിക്കുന്നതില്‍ ഇടതുപക്ഷത്തിന് ഒരിക്കലും എതിര്‍പ്പുണ്ടായിരുന്നില്ല. ഇവിടെ യു എ ഇ സ്വമേധയാ നല്‍കാമെന്നു പറഞ്ഞ ഒരു ഗ്രാന്റ് ആണ് ഈ തുക . ഈ പണം തിരിച്ചു കൊടുക്കേണ്ടതില്ല . നമ്മുക്ക് ആവശ്യമുള്ള രീതിയില്‍ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും ഉപയോഗിക്കാം . ഇത്രയും വലിയ തുക സംഭാവന ആയി നല്‍കിയതിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ടാവാം . അവിടുത്തെ മറ്റു രാജ്യങ്ങളില്‍ നിന്ന് പോയി പണിയെടുക്കുന്നവരില്‍ ഭൂരിപക്ഷവും മലയാളികള്‍ ആണെന്നതാവാം ഒന്ന് . പ്രവാസികളുടെ ക്ഷേമാത്തെയും മറ്റും മുന്‍ നിര്‍ത്തി ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്ന സൌഹൃദ സമീപനം മറ്റൊരു കാരണമാവാം . കേരളത്തിലെ ദുരന്തവും അതിനെതിരായി കേരളീയ ജനത ഒരുമിച്ചുയുര്‍ത്തിയ പ്രതിരോധവും അവരുടെ മനസ്സിനെ പിടിച്ചുലച്ചതും ഒരു കാരണമാവാം . അതെന്തുമാവട്ടെ ഇത്തരം ഒരു സംഭാവന സ്വീകരിക്കുന്നത് കൊണ്ട് എന്താണ് കുഴപ്പം?
ആദ്യം വാജ്‌പേയി സര്‍ക്കാരും പിന്നീട് യു പി എ സര്‍ക്കാരും വിദേശ സഹായത്തോടു മുഖം തിരിച്ചത് കാണാചരടുകളോടുള്ള പേടി കൊണ്ടല്ല. അങ്ങനെയെങ്കില്‍ അമേരിക്ക , റഷ്യ , ജര്‍മ്മനി , ഇംഗ്ലണ്ട്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദേശ സഹായം അനുവദനീയമാക്കിയത് എന്തിന്? ഇതില്‍ ജപ്പാന്‍ ഒഴികെയുള്ള പാശ്ചാത്യ സാമ്പത്തീക ശക്തികള്‍ ഏറ്റവും കൂടുതല്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഉള്ള രാജ്യങ്ങള്‍ ആണ് . അതെ സമയം സ്‌കാന്‍ഡനെവിയന്‍ രാജ്യങ്ങള്‍ ആവട്ടെ താരതമ്യേന ചരടുകള്‍ ഇല്ലാത്ത സഹായം ആണ് വാഗ്ദാനം ചെയ്യാറ്. അവരോടായിരുന്നു ഇന്ത്യ സര്‍ക്കാരിന്റെ എതിര്‍പ്പ്. ഇന്ത്യ വലിയ സാമ്പത്തീക ശക്തി ആയി കൊണ്ടിരിക്കുന്നു , അത് കൊണ്ട് ചെറിയ രാജ്യങ്ങളുടെ സഹായം വാങ്ങുന്നത് നമ്മുടെ സ്റ്റാറ്റസിന് അനുയോജ്യമല്ല എന്നാണു ഔദ്യോഗികമായി അവര്‍ നല്‍കി വന്ന വിശദീകരണം. ഇന്ത്യ തന്നെ വിദേശ സഹായം നല്‍കുന്ന രാജ്യമായി മാറി കൊണ്ടിരിക്കുന്നു എന്നാണ് ഇവരുടെ അവകാശവാദം . ഇത്ര മാത്രം സമ്പന്നമാണ് ഇന്ത്യ എങ്കില്‍ കേരളത്തിലെ ദുരന്തത്തെ നേരിടാന്‍ യു എ ഇ സര്‍ക്കാര്‍ അനുവദിച്ച തുക എങ്കിലും നല്‍കാന്‍ കഴിയാതെ പോകുന്നത് എന്തുകൊണ്ട് എന്ന ചോദ്യം പ്രസക്തമാണ്.
യു എ ഇ സര്‍ക്കാരിന്റെ 700 കോടി ധനസഹായം വാങ്ങുന്നതിന് നിയമപരമോ നയപരമോ ആയ ഒരു തടസവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം , കാരണം ഇത് വളരെ ഗുരുതരമായ ഒരു ദുരന്ത നിവാരണത്തിനായുള്ള സംഭാവന ആണ് . ഇത്തരം സന്ദര്‍ഭങ്ങളില്‍ വിദേശ സര്‍ക്കാരുകളുടെ സഹായങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ അനുവാദത്തോടെ സ്വീകരിക്കാം എന്ന് “ദേശീയ ദുരന്ത നിവാരണ പദ്ധതി -2016” ല്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ രേഖയിലെ ഒന്‍പതാം അധ്യാത്തില്‍ ദുരന്തനിവാരണത്തിനായുള്ള “ഇന്റര്‍നാഷണല്‍ കോപ്പറേഷന്‍” എന്ന അദ്ധ്യായത്തില്‍ ഇത് വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ് . ഇത് സ്‌ക്രീന്‍ ഷോട്ട് ആക്കി കൊടുത്തിട്ടുണ്ട്. അത് കൊണ്ടാണ് ഇതു നിയമത്തിണോ നയത്തിനോ എതിരല്ല എന്ന് പറയുന്നത്. ഇത് വാങ്ങാന്‍ അനുവദിക്കാതിരിക്കുന്നത് രാഷ്ട്രീയ വിവേചനം മാത്രമാണ്. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളെയും ഇത്തരത്തില്‍ ദുരന്ത കാലത്ത് വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ മിഥ്യാ ബോധവും ജാള്യതയും മാറ്റി വച്ച് കേരളത്തിന്റെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ സഹായകമായ നിലപാട് സ്വീകരിക്കണം