ന്യൂദല്‍ഹി: ജെ.എന്‍.യുവില്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ട് ധനമന്ത്രി തോമസ് ഐസക്ക്. യൂണിവേഴ്‌സിറ്റി അടച്ചു പൂട്ടുക എന്നുള്ളതാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അതിന് വഴിയൊരുക്കുന്ന നടപടികള്‍ പാടില്ലായെന്നും തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.
സമര സഖാക്കള്‍ക്ക് ഒരു തളര്‍ച്ചയുമില്ലെന്നും അവര്‍ വേണമെങ്കില്‍ ഇനിയുമൊരങ്കത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഷഹീന്‍ ബാദില്‍ നിന്നും ജെ.എന്‍.യുവില്‍ എത്തിയപ്പോള്‍ ഒന്‍പത് മണി കഴിഞ്ഞിരുന്നു. ആ സമയത്ത് അയ്ഷിയും കൂട്ടുകാരും യൂണിയന്‍ ഓഫീസില്‍ എന്നെ കാത്തിരിപ്പുണ്ടായിരുന്നു. ജെ.എന്‍.യു കാമ്പസില്‍ വലിയൊരു നിശബ്ദത തളംകെട്ടി നില്‍ക്കുകയാണ്. മഹാഭൂരിപക്ഷം കുട്ടികളും വീടുകളിലേയ്ക്ക് പോയിരിക്കുന്നു. അവരൊക്കെ വന്നിട്ടുവേണം ഭാവിപരിപാടികള്‍ തീരുമാനിക്കാന്‍. അടുത്ത ടേമിലേയ്ക്കുള്ള രജിസ്‌ട്രേഷന്റെ സമയമാണ്. പഴയ ഫീസ് നിരക്കില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അനുവദിക്കണമെന്നതാണ് യൂണിയന്റെ ആവശ്യം. ഫീസ് വര്‍ദ്ധനവ് ഉപേക്ഷിക്കാന്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും രജിസ്‌ട്രേഷന്‍ ഫീസ് കുറച്ചിട്ടില്ല. യൂണിയന്‍ കേസ് കൊടുത്തിരിക്കുന്നു.
യൂണിവേഴ്‌സിറ്റി അടച്ചുപൂട്ടുക എന്നുള്ളതാണ് ബി.ജെ.പിയുടെ ലക്ഷ്യം. അതിന് വഴിയൊരുക്കുന്ന നടപടികള്‍ പാടില്ലായെന്നതു വ്യക്തം. പക്ഷെ, സമരത്തില്‍ ഏര്‍പ്പെട്ട മുഴുവന്‍പേരില്‍ നിന്നും അഭിപ്രായസമന്വയം ഉണ്ടാക്കേണ്ടതുണ്ട്. ഇതിനെയെല്ലാംകുറിച്ചുള്ള ചര്‍ച്ചകള്‍ പല തലങ്ങളില്‍ നടക്കുന്നുണ്ട്.
പക്ഷെ, ഒരുകാര്യം എനിക്കു ബോധ്യമായി. ഒരു തളര്‍ച്ചയുമില്ല. വേണമെങ്കില്‍ ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടെന്ന മട്ടിലാണ് സഖാക്കള്‍.
ഞാന്‍ ചെന്നത് അറിഞ്ഞ് കേരളഹൗസിലെ പി.ആര്‍.ഒയായ സിനിയുടെ പിഎച്ചഡി സൂപ്പര്‍വൈസറായിരുന്ന ഇന്റര്‍നാഷണല്‍ റിലേഷന്‍സിലെ പ്രൊഫസര്‍ രാജന്‍കുമാര്‍ യൂണിയന്‍ ആഫീസില്‍ വന്നു. പിന്നെ കുറച്ചുനേരം ഓരോരുത്തരുടെയും പിഎച്ച്ഡി, എംഫില്‍ വിഷയങ്ങളെക്കുറിച്ചായി ചര്‍ച്ച. അയ്ഷിയുടെ തിസീസ് കാലാവസ്ഥ വ്യതിയാനം തിബറ്റില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചായിരുന്നു. എംഫില്‍ കഴിഞ്ഞാല്‍ പിഎച്ച്ഡിക്ക് ഹിമാലയത്തെക്കുറിച്ച് മൊത്തം പഠിക്കാനാണ് പരിപാടി. യൂണിയന്‍ ഓഫീസില്‍ നിന്ന് പ്രൊഫ. സി.പി. ചന്ദ്രശേഖറിന്റെ വീട്ടിലേയ്ക്ക് പോകുമ്പോള്‍ ഞാന്‍ ഈ ചര്‍ച്ചയെക്കുറിച്ച് ഓര്‍ത്തു. സമരബഹളത്തിലും കുട്ടികള്‍ അവരുടെ തിസീസിനെക്കുറിച്ചും ഗവേഷണത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ സമയം കണ്ടെത്തുന്നു.