കേരളത്തോട് എന്തിനീ ക്രൂരത? ; പ്രളയാനന്തരം മോദി സര്‍ക്കാര്‍ കേരളത്തോട് കാട്ടിയ ക്രൂരതകള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് തോമസ് ഐസക്
Kerala News
കേരളത്തോട് എന്തിനീ ക്രൂരത? ; പ്രളയാനന്തരം മോദി സര്‍ക്കാര്‍ കേരളത്തോട് കാട്ടിയ ക്രൂരതകള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് തോമസ് ഐസക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st January 2019, 10:27 am

 

തിരുവനന്തപുരം: പ്രളയാനന്തരം കേരളത്തോട് കാണിച്ച വിവേചനത്തിന് കേന്ദ്രസര്‍ക്കാറിനെ കടന്നാക്രമിച്ച് ധനമന്ത്രി തോമസ് ഐസക്. പ്രളയത്തില്‍ നിന്നു കരകയറാന്‍ കേരളം നടത്തിയ ശ്രമങ്ങള്‍ക്ക്
കേന്ദ്രം എങ്ങനെ പ്രതിബന്ധം സൃഷ്ടിച്ചുവെന്ന് എടുത്തുപറഞ്ഞായിരുന്നു തോമസ് ഐസക്കിന്റെ വിമര്‍ശനം.

മഹാപ്രളയത്തില്‍ നിന്നേറ്റ ആഘാതത്തില്‍ നിന്നും കരകയറാന്‍ സഹായകരമായ നിലപാടല്ല കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും 3000ത്തോളം കോടി രൂപമാത്രമാണ് കേന്ദ്രം അനുവദിച്ചത്. സുഹൃദ് രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സഹായം നിഷേധിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടത്. പ്രവാസി മലയാളികളെ സഹായം തേടി സമീപിക്കാന്‍ മന്ത്രിമാരെ അനുവദിച്ചില്ല.

പുനര്‍നിര്‍മാണത്തിന് വാര്‍ഷിക വായ്പാ പരിധിക്കു പുറത്ത് വായ്പയെടുക്കാനും ഇതുവരെ അനുവാദം തന്നിട്ടില്ല. ലോകബാങ്കില്‍ നിന്നും എ.ഡി.ബിയില്‍ നിന്നും ഈ ഇനത്തില്‍ എടുത്ത വായ്പ സാധാരണ ഗതിയില്‍ അനുവദിക്കുന്ന വായ്പ തുകയില്‍ ഉള്‍പ്പെടുത്തണം എന്നതാണ് കേന്ദ്രനിലപാട്. എന്നുവെച്ചാല്‍ പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ നമുക്ക് അധികമായി ഒരു പണവും ഒരുക്കിയില്ല. കേരള ജനതയോട് എന്തിനീ ക്രൂരത? എന്ന ചോദ്യം ഓരോ മലയാളിയുടെ മനസില്‍ മുഴങ്ങുന്നുണ്ട്.

Also read:പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി നല്‍കും; വന്‍ പ്രഖ്യാപനവുമായി ഐസകിന്റെ ബജറ്റ് അവതരണം തുടങ്ങി

വായ്പ പരിധി ഉയര്‍ത്തുന്നത് കേന്ദ്രത്തിനു സമ്മതമല്ല എന്നു മാത്രമല്ല ട്രഷറി സേവിങ്‌സ് ബാങ്കില്‍ ഡെപ്പോസിറ്റിലുണ്ടാവുന്ന വര്‍ധന വായ്പയായി കണക്കാക്കി അംഗീകൃത വായ്പ വെട്ടിച്ചുരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ജനുവരി ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലായി 6000ത്തിലധികം കോടിരൂപ വായ്പയെടുക്കാന്‍ ബാക്കിയുണ്ടായിരുന്നു. എന്നാല്‍ രണ്ടുമാസത്തെ ചര്‍ച്ചയ്ക്കുശേഷം 1800 കോടി രൂപ വെട്ടിക്കുറക്കുകയാണ് കേന്ദ്രം ചെയ്തത്. ഈ സമീപനം സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തികാവസ്ഥയെ ഞെരുക്കിയിരിക്കുകയാണ്.

ധന ഉത്തരവാദിത്ത നിയമപ്രകാരം സംസ്ഥാന സര്‍ക്കാറിന്റെയും കേന്ദ്രസര്‍ക്കാറിന്റെയും ധനകമ്മിയുടെ പരിധി ദേശീയവരുമാനത്തിന്റെ 3% മാണ്. പക്ഷേ ആഗോളമാന്ദ്യം പോലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോള്‍ നിയമം എന്തുതന്നെയായാലും അതു പരിഗണിക്കാതെ മാന്ദ്യത്തില്‍ നിന്നും കരകയറാനാണ് രാജ്യങ്ങള്‍ ശ്രമിക്കാറ്. 2008 ലെ മാന്ദ്യത്തെ തുടര്‍ന്ന് എല്ലാ രാജ്യങ്ങളിലും കമ്മി ഗണ്യമായി ഉയര്‍ന്നു. ഇന്ത്യാ സര്‍ക്കാറിന്റെ 2009-2010ലെ ധനകമ്മി 6.46% ആയിരുന്നു. 2009-10 മുതല്‍ ഇന്നുവരെയുള്ള ധനകമ്മിയെടുത്താല്‍ 4.76% ആണ്. ഈ പശ്ചാത്തലത്തിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെ നേരിട്ട കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള വായ്പ സാധാരണ വായ്പയായി കണക്കാക്കണമെന്ന ആവശ്യം തള്ളിക്കളഞ്ഞ നിലപാട് വിലയിരുത്തേണ്ടത്.

കേരളത്തിനു മാത്രമായുള്ള പ്രത്യേക ആനുകൂല്യമായിട്ടല്ല നാം ഇത് ആവശ്യപ്പെടുന്നത്. പ്രകൃതി ദുരന്തം നേരിടുന്ന ഏത് സംസ്ഥാനത്തിനും പുനര്‍നിര്‍മാണത്തിന് അധിക വായ്പ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. സംസ്ഥാനങ്ങളുടെ ധനാവശ്യത്തിന് കൂടുതല്‍ ഉദാരമായ നിലപാട് സ്വീകരിക്കുന്ന ഒരു സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആരാധനയ്ക്കുള്ള സ്ത്രീകളുടെ തുല്യ അവകാശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ വര്‍ഗീയ ധ്രുവീകരണത്തിനുള്ള സുവര്‍ണാവസരമായി വര്‍ഗീയവാദികള്‍ ഉപയോഗിച്ചു. ഇതായിരുന്നു പ്രളയം കഴിഞ്ഞാല്‍ കേരളം നേരിട്ട രണ്ടാമത്തെ ദുരന്തമെന്നും തോമസ് ഐസക് പറഞ്ഞു. തെരുവില്‍ അക്രമമഴിച്ചുവിട്ട് കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെയാകെ അട്ടിമറിക്കാമെന്നതായിരുന്നു അവരുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.