തിരുവനന്തപുരം: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംസ്ഥാനം പാസാക്കിയ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലിന്റെ നടപടിയെ അഭിനന്ദിച്ച് മന്ത്രി തോമസ് ഐസക്ക്. കേരള ജനതയുടെ അഭിപ്രായം സ്വീകരിച്ചത് നല്ല കാര്യമാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം പ്രമേയത്തിനെ അനുകൂലിച്ച് വോട്ട് ചെയ്ത നടപടിയില്‍ വിശദീകരണവുമായി ഒ. രാജഗോപാല്‍ രംഗത്തെത്തിയിരുന്നു.
വോട്ടെടുപ്പ് സമയത്ത് പ്രമേയത്തെ അനുകൂലിക്കുന്നവരെയും പ്രതികൂലിക്കുന്നവരെയും സ്പീക്കര്‍ വേര്‍തിരിച്ച് ചോദിച്ചില്ലെന്നാണ് രാജഗോപാല്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നത്. കാര്‍ഷിക ഭേദഗതി ബില്ലിനെതിരെ നിയമസഭയില്‍ ഇന്ന് അവതരിപ്പിച്ച പ്രമേയത്തെ ഞാന്‍ ശക്തമായി എതിര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക ഭേദഗതി ബില്ലിനെതിരെ നിയമസഭയില്‍ ഇന്ന് അവതരിപ്പിച്ച പ്രമേയത്തെ ഞാന്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്. എന്റെ നിലപാട് എന്താണെന്ന് കക്ഷി നേതാക്കളുടെ പ്രസംഗത്തില് ശക്തമായി പറഞ്ഞു. കേന്ദ്ര ബില്ലിനെ എതിര്‍ക്കുന്നില്ല. കേന്ദ്ര സര്‍ക്കാരിനെയും എതിര്‍ത്തിട്ടില്ല. ഈ ബില്ല് കര്‍ഷകര്‍ക്ക് ഏറെ ഗുണപ്രദമാണെന്നും രാജഗോപാലിന്റെ പ്രസ്താവനയില്‍ പറയുന്നു.
പ്രധാനമന്ത്രി ചര്‍ച്ചക്ക് തയ്യാറാകുന്നില്ലെന്ന് ഭരണപ്രതിപക്ഷ കക്ഷികള്‍ ഉന്നയിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചക്ക് തയ്യാറാണെന്നും എ്ന്നാല്‍ ബില്‍ പൂര്‍ണ്ണമായി പിന്‍വലിച്ചാലേ ചര്‍ച്ച നടത്തൂ എന്നുള്ള കര്‍ഷക സംഘടനകളുടെ തീരുമാനമാണ് സമരം നീണ്ടു പോകാന്‍ കാരണമെന്നും ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഞാന്‍ കേന്ദ്ര സര്‍ക്കാരിനെതിരെയാണെന്നുള്ള മറച്ചുള്ള പ്രസ്താവനകള്‍ വാസ്തവ വിരുദ്ധമാണ്.
ഈ നിയമം മുന്‍പ് കോണ്‍ഗ്രസ് അവരുടെ പ്രകടന പത്രികയില്‍ പറഞ്ഞതും സി.പി.ഐ.എം അവരുടെ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളതുമാണെന്നും ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. വോട്ടെടുപ്പ് സമയത്ത് പ്രമേയത്തെ അനുകൂലിക്കുന്നവരെയും പ്രതികൂലിക്കുന്നവരെയും വേര്‍തിരിച്ച് ചോദിച്ചില്ല. വേര്‍തിരിച്ച് ചോദിക്കാതെ ഒറ്റ ചോദ്യമാക്കി ചുരുക്കുകയായിരുന്നു. ഇത് കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്നും ഒ രാജഗോപാല്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭ പാസ്സാക്കിയ പ്രമേയത്തെ എതിര്‍ത്തിട്ടില്ലെന്ന് രാജഗോപാല്‍ നേരത്തെ പറഞ്ഞിരുന്നു. കേരള നിയമസഭയുടെ പൊതു അഭിപ്രായത്തെ മാനിക്കുകയായിരുന്നെന്നും അതുകൊണ്ടാണ് താന്‍ പ്രമേയത്തെ അനുകൂലിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രമേയത്തില്‍ പറഞ്ഞ ചിലകാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ട്. അത് ചൂണ്ടിക്കാണിച്ചു. അതിന് ശേഷം മറ്റെല്ലാം കൂടിച്ചേര്‍ന്ന സമഗ്രമായ റെസലൂഷനെ പിന്തുണച്ചു. കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തിനെ സ്റ്റേറ്റില്‍ നിന്ന് ബി.ജെ.പിക്കാരനായ ഞാന്‍ എതിര്‍ക്കുന്നത് ശരിയല്ല. അതുകൊണ്ട് എതിര്‍ത്തില്ല, എന്നായിരുന്നു രാജഗോപാല്‍ പറഞ്ഞത്.
തന്റെ നിലപാട് പാര്‍ട്ടിയില്‍ ആഭ്യന്തര പ്രശ്നമുണ്ടാക്കില്ല. കേന്ദ്രനിയമം പിന്‍വലിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ ആവശ്യപ്പെടുന്നതില്‍ ഒരു പ്രശ്നവും വരുന്നില്ല.
ഇത് ഡെമോക്രാറ്റിക് സ്പിരിറ്റാണെന്നാണ് വിശ്വസിക്കുന്നത്. പാര്‍ട്ടി നിലപാടിന് വിരുദ്ധമല്ലേ എന്ന ചോദ്യത്തിന്, പാര്‍ട്ടി നിലപാടായിട്ട് ഇഷ്ടമുണ്ടാകില്ലായിരിക്കും. ജനാധിപത്യ സംവിധാനത്തില്‍ ഇത്തരം കാര്യങ്ങളില്‍ കോംപ്രമൈസ് ഒക്കെ വേണം. നമ്മള്‍ പിടിച്ച മുയലിന് കൊമ്പ് രണ്ട് എന്നു പറഞ്ഞ് പിടിച്ചു നില്‍ക്കേണ്ട കാര്യമില്ല. അഭിപ്രായ സമന്വയം അനുസരിച്ച് പോകണമെന്നായിരുന്നു രാജഗോപാല്‍ പറഞ്ഞത്.
രാജഗോപാലിന്റെ പ്രസ്താവന ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. രാജഗോപാലിന്റെ പ്രസ്താവന കേട്ടിട്ടില്ലെന്നും അദ്ദേഹവുമായി സംസാരിച്ച ശേഷം മറുപടി പറയാമെന്നുമാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞത്. രാജഗോപാല്‍ പറഞ്ഞതെന്തെന്ന് പരിശോധിക്കുമെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. പ്രമേയം നിയമസഭയെ അവഹേളിക്കുന്നതാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. മറ്റു ബി.ജെ.പി നേതാക്കളും സമാനമായ പ്രതികരണവുമായാണ് രംഗത്തുവന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക