പിന്‍വലിക്കല്‍ പരമാവധി 12,000 24,000 രൂപയായും നിരോധിച്ച നോട്ടു മാറ്റാനുള്ള പരിധി 2,000വും 4,000 രൂപയായുമൊക്കെയായി പരിമിതപ്പെടുത്തിയിരിക്കുന്ന ഈ വേളയില്‍ ഒറ്റയാള്‍ക്കു മാത്രമായി ഇത്രയേറെ തുക അംഗീകൃത നോട്ടുകളുടെ രൂപത്തില്‍ എങ്ങനെ കിട്ടിയെന്നും തോമസ് ഐസക് ചോദിക്കുന്നു.
തിരുവനന്തപുരം:കറന്‍സി നിരോധനമുണ്ടായിട്ടും ബി.ജെ.പി നേതാവും കര്‍ണ്ണാടക മുന്‍മന്ത്രിയുമായ ജനാര്‍ദ്ദന റെഡ്ഡി മകളുടെ ആഡംബരവിവാഹത്തിന് 500 കോടി രൂപ എങ്ങനെ ലഭിച്ചെന്ന ചോദ്യവുമായി ധനമന്ത്രി തോമസ് ഐസക്.
അദ്ധ്വാനിച്ചു സ്വന്തമായി പണമുണ്ടാക്കിയവര്‍ ആ പണം നിത്യച്ചെലവിന് പിന്‍ബലിക്കാനാകാതെയും പൊതിയാത്തേങ്ങപോലെ കിട്ടുന്ന 2000ന്റെ നോട്ടു മാറ്റാനാകാതെയും നെട്ടോട്ടമോടുമ്പോള്‍ നടക്കുന്ന ഈ 500 കോടി മാമാങ്കം ചില ഗൗരവമുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
കറന്‍സി നിരോധത്തിനു ശേഷം നടന്ന ഈ വിവാഹത്തിന്റെ ചെലവുകള്‍ക്കുള്ള ഈ പണമത്രയും ജനാര്‍ദ്ദനറെഡ്ഡി എങ്ങനെ തരപ്പെടുത്തി? പിന്‍വലിക്കല്‍ പരമാവധി 12,000 24,000 രൂപയായും നിരോധിച്ച നോട്ടു മാറ്റാനുള്ള പരിധി 2,000വും 4,000 രൂപയായുമൊക്കെയായി പരിമിതപ്പെടുത്തിയിരിക്കുന്ന ഈ വേളയില്‍ ഒറ്റയാള്‍ക്കു മാത്രമായി ഇത്രയേറെ തുക അംഗീകൃത നോട്ടുകളുടെ രൂപത്തില്‍ എങ്ങനെ കിട്ടിയെന്നും തോമസ് ഐസക് ചോദിക്കുന്നു.
അതോ, പഴയ 1,000, 500 നോട്ടുകളായി കൈയില്‍ സൂക്ഷിച്ചിരുന്നതാണോ? എങ്കില്‍ നിരോധിക്കപ്പെട്ട ആ കറന്‍സികള്‍ എങ്ങനെ ചെലവാക്കാന്‍ ഈ പൗരന് ആര് അനുവാദം നല്‍കി? അതുമല്ലെങ്കില്‍, നോട്ടുനിരോധനക്കാര്യം റെഡ്ഡി നേരത്തേ അറിഞ്ഞിരുന്നോ? ഇത്രയും തുകയ്ക്കുള്ള പുതിയ കറന്‍സി ആരെങ്കിലും മുന്‍കൂട്ടി ഇദ്ദേഹത്തിനു ലഭ്യമാക്കിയോ? ഇതൊന്നുമല്ലെങ്കില്‍, വിവാഹച്ചെലവു മുഴുവന്‍ കറന്‍സിനിരോധത്തിനു മുമ്പ് അഡ്വാന്‍സായി ജോലിക്കാരടക്കം എല്ലാവര്‍ക്കും നല്‍കിക്കാണണം. അപ്പോഴും നിരോധം നേരത്തേ അറിയാതെ സാദ്ധ്യമല്ലല്ലോ.
ഇവയില്‍ ഏതെങ്കിലും സംഭവിക്കാതെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരാള്‍ക്ക് ഇത്ര വലിയ തുക ചെലവഴിച്ച് ഇത്തരമൊരു മാമാങ്കം നടത്താനാവില്ലല്ലോ എന്നും തോമസ് ഐസക് ചോദിക്കുന്നു.
പൗരസമൂഹത്തിനുമേല്‍ കൊടിയ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ചു നിര്‍ദ്ദയം ദുരിതക്കയത്തില്‍ തള്ളിയ നരേന്ദ്രമോദിയാണ് ഇതിനു മറുപടി പറയേണ്ടത്. ഒപ്പം റിസര്‍വ്വ് ബാങ്ക് മേധാവികളും സമാധാനം പറയണം.
ഇത്ര വലിയ കള്ളപ്പണനിക്ഷേപം വെളുപ്പിക്കാന്‍ വേണ്ടപ്പെട്ടവര്‍ക്കെല്ലാം സൗകര്യം ഒരുക്കി നല്‍കിയാണ് മോദി നാടകീയമായി കറന്‍സി നിരോധനം പ്രഖ്യാപിച്ചത് എന്നതിനുള്ള ഏറ്റവും വലിയ ദൃഷ്ടാന്തമാണിത്.
യു.പി തെരഞ്ഞെടുപ്പിനായെല്ലാം സമാഹരിച്ച കള്ളപ്പണമത്രയും അവര്‍ വെളുപ്പിച്ചു സുരക്ഷിതമാക്കിയിട്ട് ആ സംസ്ഥാനത്തെ എതിര്‍കക്ഷികളുടെ കള്ളപ്പണശേഖരം വെറും പാഴ്ക്കടലാസാക്കി മാറ്റാന്‍ കളിച്ച കളിയാണെന്ന ആരോപണവും കൂടുതല്‍ അംഗീകരിക്കപ്പെടുകയാണെന്നും തോമസ് ഐസ്‌ക പറയുന്നു.
റെഡ്ഡിയുടെ മാമാങ്കം മാത്രമല്ല, ഗുജറാത്തില്‍ നിന്ന് മറ്റൊരു വാര്‍ത്തയും വന്നു .ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങിയത് പിടി കൂടി എന്നതായിരുന്നു . കൈക്കൂലി പിടികൂടുന്നത് ആദ്യം അല്ലെങ്കിലും അതിലെ കൌതുകം എല്ലാ നോട്ടുകളും പുതിയ രണ്ടായിരത്തിന്റെതായിരുന്നു എന്നതാണ്.
ഇത്രയും കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളപ്പോള്‍ കൈക്കൂലി കൊടുത്തയാളിന് ഇത്രയും പണ , അതും പുതിയ കറന്‍സികള്‍ എവിടെ നിന്ന് കിട്ടി ? റിസര്‍വ്വ് ബാങ്കും മറ്റു ബാങ്കുകളും വഴി നോട്ട് എത്തും മുന്‍പ് മറ്റു വല്ല വഴിയിലും നോട്ടെത്തിയോ!
ബംഗാളിലെയും മറ്റും ബിജെപിയുടെ പാര്‍ട്ടി അക്കൗണ്ടുകളില്‍പ്പോലും നോട്ടുനിരോധത്തിനു മണിക്കൂറുകള്‍ മുമ്പ് ലക്ഷങ്ങളുടെയും കോടികളുടെയും 500, 1,000 നോട്ടുകള്‍ തിരക്കിട്ടു നിക്ഷേപിച്ച വാര്‍ത്തകളും നാം മാദ്ധ്യമങ്ങളില്‍ കണ്ടു. ഇതെല്ലാം വെളിവാക്കുന്നത് നോട്ടുനിരോധവും സാമ്പത്തികനിയന്ത്രണങ്ങളുമൊന്നും ഒരു വിഭാഗത്തിനു ബാധകമല്ല എന്നതാണ്. അവര്‍ ഒഴികെയുള്ള മഹാഭൂരിപക്ഷം പാവങ്ങള്‍ക്കും ദുരിതപര്‍വ്വവും.
എന്തൊക്കെയാണീ രാജ്യത്തു നടക്കുന്നത്! ആരോ സമൂഹമാദ്ധ്യമത്തില്‍ ചോദിച്ചതുപോലെ ഇന്‍ഡ്യ ഒരു ബനാനാ റിപബ്ലിക്കായി മാറിപ്പോയോ! പ്രതികരിക്കാന്‍ പോലും മറന്നു പോയ സമൂഹം. അതോ ചില ഭയങ്ങള്‍ക്കു സ്വയം അടിയറ വച്ചിരിക്കുന്നോ?
നോട്ടുമാറ്റലിന്റെ പ്രശ്‌നം മാത്രമല്ല ഇതില്‍ ഉള്ളത്. ജനാര്‍ദ്ദനറെഡ്ഡിയെപ്പോലെ സഹസ്രകോടീശ്വരരുടെയും അത്തരക്കാരുടെ ചങ്ങാതിമാരുടെയും കൂട്ടമാണ് ബി.ജെ.പി എന്ന രാഷ്ട്രീയപ്പാര്‍ട്ടി എന്നതാണ്. കള്ളപ്പണത്തിന്റെ മേലാണ് അവരുടെ നിലനില്‍പ്പെന്ന് സമീപകാലസംഭവങ്ങളെല്ലാം വെളിപ്പെടുത്തുന്നു.
ജനാര്‍ദ്ദനറെഡ്ഡി നടത്തുന്ന വിവാഹമാമാങ്കത്തില്‍ പങ്കെടുക്കുന്നതു പാര്‍ട്ടി വിലക്കിയിട്ടുപോലും അതു മറികടന്ന് ആ പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ യെദിയൂരപ്പതന്നെ അതില്‍ സംബന്ധിച്ചിരിക്കുന്നു. സംഗതി വിവാദമാകുന്നു എന്നു കണ്ടപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തട്ടിപ്പാണെന്ന് വിലക്കെന്നൊക്കെ നന്നായി അറിയാവുന്നതുകൊണ്ടാണല്ലോ യെദിയൂരപ്പ പോയത്.
കള്ളപ്പണത്തെപ്പറ്റി ഇത്ര വലിയവായില്‍ സംസാരിക്കുന്ന ബിജെപിയും കേന്ദ്രസര്‍ക്കാരും മോദിയും എന്തുകൊണ്ടാണ് റെഡ്ഡിമാരുടെ സാമ്രാജ്യത്തെപ്പറ്റി അന്വേഷിക്കാത്തത്? ഒരു പൊലീസുകാരന്റെ മക്കള്‍ എങ്ങനെ ഇത്രവലിയ ഖനിവ്യവസായികളും കോടീശ്വരരുമായി? അവരുടെ പണമത്രയും വെള്ളപ്പണമാണോ? ചോദ്യങ്ങള്‍ അനവധിയാണ്.
ബിജെപിയുടെ കള്ളപ്പണവിരോധത്തിന്റെ ആണിക്കല്ലിളക്കുന്നവയാണ് ആ ചോദ്യങ്ങളൊക്കെ. ഇന്‍ഡ്യക്കാര്‍ അതു ചോദിച്ചു തുടങ്ങിയിരിക്കുന്നു. അതാണ് പുതിയ സംഭവവികാസങ്ങളുടെ ആകെത്തുകയെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.