തിരുവനന്തപുരം: വരാനിരിക്കുന്നത് അപ്രഖ്യാപിതമായ മാധ്യമസെന്‍സര്‍ഷിപ്പിന്റെ കാലമാണെന്നും സംഘപരിവാറിനു സ്വമേധയാ വഴങ്ങാന്‍ തീരുമാനിച്ച മാധ്യമങ്ങള്‍ക്കു മാത്രമേ നിലനില്‍പ്പുള്ളൂ എന്ന സ്ഥിതിയിലേയ്ക്കാണ് രാജ്യം പോകുന്നതെന്നും ധനമന്ത്രി തോമസ് ഐസക്.
വര്‍ഷങ്ങളായി എന്‍.ഡി.റ്റിവിയ്‌ക്കെതിരെ സംഘപരിവാര്‍ നടത്തിവരുന്ന പകപോക്കലിന്റെ അപഹാസ്യമായ എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസത്തെ റെയിഡെന്നും 2002ലെ ഗുജറാത്ത് കലാപം റിപ്പോര്‍ട്ടു ചെയ്ത നാള്‍ മുതല്‍ ആരംഭിച്ചതാണ് ആ ശത്രുതയെന്നും തോമസ് ഐസക് പറയുന്നു.
വിമര്‍ശനങ്ങള്‍ക്കും സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങള്‍ക്കും പേശീബലപ്രയോഗമാണ് സംഘപരിവാറിനറിയാവുന്ന പ്രതികരണം. ഒരുവശത്ത് അണികളെ ഉപയോഗിച്ച് കൈക്കരുത്തുകൊണ്ട് മാധ്യമപ്രവര്‍ത്തകരെ വരുത്തിയ്ക്കു നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍, മറുവശത്ത് സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച് മാധ്യമങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിക്കുകയാണ്. ഏഴു വര്‍ഷത്തിനു മുമ്പുള്ള ഒരു പരാതിയെ മറയാക്കിയാണ് എന്‍.ഡി.റ്റിവി അധികൃതര്‍ക്കെതിരെ സി.ബി.ഐയുടെ രംഗപ്രവേശമെന്നും അവരുടെ ഉള്ളിലിരിപ്പ് വ്യക്തമാണെന്നും തോമസ് ഐസക് പറയുന്നു.
നമ്മുടെ പ്രധാനമന്ത്രി അധികാരമേറ്റിട്ട് മൂന്നു വര്‍ഷം പൂര്‍ത്തിയായി. പക്ഷേ, ഇന്നേവരെ ഒരു പത്രസമ്മേളനവും വിളിച്ചു ചേര്‍ത്തിട്ടില്ല. അസുഖകരങ്ങളെന്നു തോന്നുന്ന ചോദ്യങ്ങള്‍ ഉന്നയിക്കുന്ന പത്രപ്രവര്‍ത്തകരെ aap chup ho jaiye എന്നു പരസ്യമായി മുഖമടച്ചാക്ഷേപിക്കാന്‍ ബിജെപി അധ്യക്ഷന് ഒരു മടിയുമില്ലെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വര്‍ഷങ്ങളായി എന്‍ഡിറ്റിവിയ്‌ക്കെതിരെ സംഘപരിവാര്‍ നടത്തിവരുന്ന പകപോക്കലിന്റെ അപഹാസ്യമായ എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസത്തെ റെയിഡ്. 2002ലെ ഗുജറാത്ത് കലാപം റിപ്പോര്‍ട്ടു ചെയ്ത നാള്‍ മുതല്‍ ആരംഭിച്ചതാണ് ആ ശത്രുത.
വിമര്‍ശനങ്ങള്‍ക്കും സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങള്‍ക്കും പേശീബലപ്രയോഗമാണ് സംഘപരിവാറിനറിയാവുന്ന പ്രതികരണം. ഒരുവശത്ത് അണികളെ ഉപയോഗിച്ച് കൈക്കരുത്തുകൊണ്ട് മാധ്യമപ്രവര്‍ത്തകരെ വരുത്തിയ്ക്കു നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍, മറുവശത്ത് സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച് മാധ്യമങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നു. ഏഴു വര്‍ഷത്തിനു മുമ്പുള്ള ഒരു പരാതിയെ മറയാക്കിയാണ് എന്‍ഡിറ്റിവി അധികൃതര്‍ക്കെതിരെ സിബിഐയുടെ രംഗപ്രവേശം. ഉള്ളിരിപ്പു വ്യക്തം.
മാഡിസന്‍ സ്‌ക്വയറില്‍ രാജ് ദീപ് സര്‍ദേശായിയ്‌ക്കെതിരെ നടന്ന കൈയേറ്റ ശ്രമം നാം മറന്നിട്ടില്ല. ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയെ നാണംകെടുത്തിയ സന്ദര്‍ഭമായിരുന്നു അത്. ഒന്നിനും തങ്ങള്‍ മടിക്കില്ലെന്ന സന്ദേശമാണ് അതുവഴി നല്‍കിയത്. കനയ്യ കുമാര്‍ സംഭവത്തില്‍ സുധീരമായ നിലപാടു സ്വീകരിച്ച ബര്‍ക്കാദത്തിനെതിരെ നടന്ന അസഭ്യവര്‍ഷവും തുടര്‍ന്ന് അവര്‍ പ്രധാനമന്ത്രിയ്ക്കയച്ച തുറന്ന കത്തുമൊക്കെ നമ്മുടെ മുന്നിലുണ്ട്.
ഭരണകൂടത്തിന്റെ വിവിധ സംവിധാനങ്ങളെ ഉപയോഗിച്ചാണ് മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ പടനയിക്കുന്നത്. കുറ്റാരോപിതര്‍ക്കെതിരെ പൊതുസമ്മതിയുണ്ടാക്കാന്‍ ദേശവിരുദ്ധരെന്ന ചാപ്പയും കുത്തും. സംഘപരിവാറിനെയും പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിക്കുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളാണത്രേ.
നമ്മുടെ പ്രധാനമന്ത്രി അധികാരമേറ്റിട്ട് മൂന്നു വര്‍ഷം പൂര്‍ത്തിയായി. പക്ഷേ, ഇന്നേവരെ ഒരു പത്രസമ്മേളനവും വിളിച്ചു ചേര്‍ത്തിട്ടില്ല. അസുഖകരങ്ങളെന്നു തോന്നുന്ന ചോദ്യങ്ങള്‍ ഉന്നയിക്കുന്ന പത്രപ്രവര്‍ത്തകരെ aap chup ho jaiye എന്നു പരസ്യമായി മുഖമടച്ചാക്ഷേപിക്കാന്‍ ബിജെപി അധ്യക്ഷന് ഒരു മടിയുമില്ല. ഇതിലൊന്നും നമ്മുടെ മാധ്യമങ്ങള്‍ക്കു പരാതിയുമില്ല. മുഖസ്തുതിയും പക്ഷപാതപരമായ റിപ്പോര്‍ട്ടിംഗും സ്വാഭാവികമെന്നോളം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. വേറിട്ടു നില്‍ക്കുന്നവരെ തിരഞ്ഞു ചെല്ലാന്‍ സിബിഐയും ഇന്‍കംടാക്‌സും പൊലീസുമൊക്കെയുണ്ട്.
സംഘപരിവാറിന് വിപുലമായ അജണ്ടകളുണ്ട്. അവ നടപ്പാക്കാന്‍ വിമര്‍ശനങ്ങളും ചെറുത്തുനില്‍പ്പുകളുമില്ലാത്ത ഒരന്തരീക്ഷം അവര്‍ ആഗ്രഹിക്കുന്നു. ഇന്ത്യയിലെ ഏതാണ്ടെല്ലാ മാധ്യമങ്ങളെയും സംഘപരിവാര്‍ അനുകൂല കുത്തകകള്‍ വിഴുങ്ങിയിട്ടുണ്ട്. വസ്തുനിഷ്ഠമായ റിപ്പോര്‍ട്ടിംഗും സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങളും പ്രോത്സാഹിക്കുന്ന മാധ്യമങ്ങളുടെ എണ്ണം ദിനംപ്രതി കുറയുന്നു.
വരാനിരിക്കുന്നത് അപ്രഖ്യാപിതമായ മാധ്യമസെന്‍സര്‍ഷിപ്പിന്റെ കാലമാണ്. സംഘപരിവാറിനു സ്വമേധയാ വഴങ്ങാന്‍ തീരുമാനിച്ച മാധ്യമങ്ങള്‍ക്കു മാത്രമേ നിലനില്‍പ്പുള്ളൂ എന്ന സ്ഥിതിയിലേയ്ക്കാണ് രാജ്യം പോകുന്നത്.