തിരുവനന്തപുരം: ബജറ്റിന്റെ പ്രസക്ത ഭാഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് അയച്ചുകൊടുത്തിരുന്നെന്നും അതാണ് പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തിക്കാട്ടിയതെന്നും ധനമന്ത്രി തോമസ് ഐസക്. നിയമസഭയില്‍വെച്ച പ്രധാന രേഖകളൊന്നും ചോര്‍ന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റ് അവതരണത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബജറ്റിന്റെ പ്രസക്തഭാഗങ്ങള്‍ ഉള്‍പ്പെടുത്തി മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ തയ്യാറാക്കിയ കുറിപ്പാണ് ചോര്‍ന്നതെന്നും ധനമന്ത്രി വിശദീകരിച്ചു.
ബജറ്റ് ചോര്‍ന്നെന്ന ആരോപണവുമായി ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിനിടെ പ്രതിപക്ഷം നിയമസഭയില്‍ രംഗത്തുവന്നിരുന്നു. ചോര്‍ന്ന ബജറ്റിന്റെ കോപ്പിയെന്നവകാശപ്പെട്ട ഒരു പേപ്പര്‍ ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആരോപണവുമായി രംഗത്തെത്തിയത്. ഇതിനു മറുപടിയെന്നോണമാണ് ധനമന്ത്രിയുടെ വിശദീകരണം.