തിരുവനന്തപുരം: ബജറ്റ് പ്രസംഗത്തിനിടെ ഏഴാംക്ലാസുകാരി സ്‌നേഹയുടെ കവിത ചൊല്ലിയ ധനമന്ത്രി വാക്ക് പാലിച്ചു. കുഴല്‍മന്ദം സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി ഏഴ് കോടി രൂപയാണ് മന്ത്രി പ്രഖ്യാപിച്ചത്.
കവിത ചൊല്ലിയതിന് പിന്നാലെ അഭിനന്ദനവുമായി എത്തിയപ്പോഴായിരുന്നു സ്‌നേഹ തന്റെ സ്‌കൂള്‍ നില്‍ക്കുന്നത് വാടക കെട്ടിടത്തിലാണെന്നും അതിന് പരിഹാരം കാണണമെന്നും മാധ്യമങ്ങളിലൂടെ ധനമന്ത്രിയോട് ആവശ്യപ്പെട്ടത്. സ്‌നേഹയുടെ വാക്കുകള്‍ കേട്ട മന്ത്രി അപ്പോള്‍ തന്നെ പരിഹാര നടപടികള്‍ ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം നിയമസഭയില്‍ സംസാരിക്കവെയാണ് കുഴല്‍മന്ദം ജി.എച്ച്.എസിന് ധനമന്ത്രി ഏഴുകോടി പ്രഖ്യാപിച്ചത്. നേരത്തെ സ്‌കൂളിന് പ്രഖ്യാപിച്ച മൂന്ന് കോടി ഏഴു കോടി രൂപയാക്കി ഉയര്‍ത്തുകയായിരുന്നു മന്ത്രി.
86 വര്‍ഷമായി കുഴല്‍മന്ദം സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. അടുത്ത കാലത്താണ് 1.60 ഏക്കര്‍ സ്ഥലം സ്വന്തമായി സ്‌കൂളിന് ലഭിച്ചത്. ഈ സ്ഥലത്താണ് പുതിയ സ്‌കൂള്‍ ഉയരുക. എല്‍.എസ്.ജി.ഡി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ഏഴു കോടി രൂപയുടെ പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയത്.
സ്‌നേഹയുടെ ‘നേരം പുലരുകയും സൂര്യന്‍ സര്‍വ്വ തേജസ്സോടെ ഉദിക്കുകയും ചെയ്ത’ എന്ന് തുടങ്ങുന്ന കവിതയാണ് ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ ചൊല്ലിയത്.
സ്‌കൂളിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട സ്‌നേഹയുടെ വാക്കുകള്‍ പുറത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷം ബജറ്റില്‍ മന്ത്രിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ സ്‌നേഹ കാരണം നിര്‍ണായക പ്രശ്‌നമാണ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതെന്ന് ധനമന്ത്രി പറഞ്ഞു. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 92 സ്‌കൂളുകള്‍ കേരളത്തിലുണ്ടെന്നും ഈ കെട്ടിടങ്ങള്‍ ഉടമകള്‍ നന്നാക്കാത്തതില്‍ തകര്‍ച്ചയിലാണെന്നും ഇവയെല്ലാം നവീകരിക്കാനുള്ള പ്രത്യേക പരിപാടി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക