| Saturday, 23rd May 2020, 10:27 am

ചിലരെ പ്രതീപ്പെടുത്താന്‍ നികുതി കുറച്ചതിന്റെ പ്രത്യാഘാതമാണ് ഇത്; ജി.എസ്.ടിക്ക് മേല്‍ സെസ് ഏര്‍പ്പെടുത്താനുള്ള കേന്ദ്രനീക്കത്തിനെതിരെ തോമസ് ഐസക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജി.എസ്.ടിക്ക് മേല്‍ സെസ് ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്.

ജി.എസ്.ടിക്ക് മേല്‍ സെസ് ഏര്‍പ്പെടുത്താനുള്ള സമയമല്ല ഇതെന്നും പ്രതീക്ഷിക്കുന്ന വരുമാനം സെസില്‍ നിന്ന് ലഭിക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു.

നികുതി വര്‍ധിപ്പിക്കാനുള്ള സാഹചര്യമല്ല സംസ്ഥാനത്തുള്ളത്. ജി.എസ്.ടിക്ക് മേല്‍ സെസ് ഏര്‍പ്പെടുത്താനുള്ള സാഹചര്യം നിലവിലില്ല. വോട്ടിന് വേണ്ടി ചിലരെ പ്രതീപ്പെടുത്താന്‍ നികുതി കുറച്ചതിന്റെ പ്രത്യാഘാതമാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

നികുതി വര്‍ധിപ്പിക്കാനൊന്നും പറ്റിയ സമയമല്ല ഇത്. അത് ജനങ്ങളുടെ മേല്‍ അധിക ഭാരം വര്‍ധിപ്പിക്കുകയേയുള്ളു. സെസ് ചുമത്തിയാലും ജി.എസ്.ടി വരുമാനം കുറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഇവര്‍ ആഗ്രഹിക്കുന്ന വരുമാന വര്‍ധനവ് സെസില്‍ നിന്ന് കിട്ടില്ല.

ഇത് സ്വയം വരുത്തി വെച്ചതാണ്. എല്ലാവരും വളരെ വിശദമായി മാസങ്ങളോളം എടുത്ത് ചര്‍ച്ച ചെയ്ത് ഉണ്ടാക്കിയ ഒരു നികുതി ഘടന ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് മുന്നേ ചിലരെയൊക്കെ പ്രീതിപ്പെടുത്താന്‍ വേണ്ടി ഒരു നോട്ടീസ് പോലും നല്‍കാതെ സകല നികുതി നിരക്കുകളും വെട്ടിക്കുറച്ചു. എന്നിട്ട് ഇപ്പോള്‍ സെസ് ഏര്‍പ്പെടുത്താന്‍ വേണ്ടി നില്‍ക്കുകയാണ്.

കഴിഞ്ഞ മാസം ഒരു നികുതിയുമില്ല. ജി.എസ്.ടി 20 ശതമാനം മാത്രമേ കിട്ടിയിട്ടുള്ളൂ. 80 ശതമാനം കേന്ദ്രം നഷ്ടപരിഹാരം തരേണ്ടതാണ്. പക്ഷേ തരില്ല. ജി.എസ്.ടി കോമ്പന്‍സേഷന്‍ സെസില്‍ പണം കിട്ടുന്നതുവരെ പണം തരില്ലെന്നാണ് പറയുന്നത്. എന്തിനാണ് ഇങ്ങനെയൊക്കെ ദുര്‍വാശി കാണിക്കുന്നത്.

കേന്ദ്രം ജനങ്ങളിലേക്ക് നേരിട്ട് പണം എത്തിക്കാനുള്ള യാതൊരു ശ്രമവും നടത്തുന്നില്ല. അതുകൊണ്ട് തന്നെ രാജ്യത്ത് ജനങ്ങള്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അവസ്ഥയുണ്ട്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായാല്‍ മാത്രമേ ഏത് നികുതി വര്‍ധനവ് കൊണ്ടും ഗുണമുള്ളൂ.

സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട ജി.എസ്.ടി വിഹിതം നല്‍കാനുള്ള നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. എന്നാല്‍ വായ്പാ പരിധി ഉയര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമായി നിബന്ധനങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും തോമസ് ഐസക് പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്ക് വരുമാന മാര്‍ഗം ഇല്ലാത്ത അവസ്ഥയാണ്. എവിടെ തുടങ്ങണമെന്ന് പോലും അറിയാത്ത അവസ്ഥ. ഈ സാഹചര്യത്തില്‍ വിപണിയില്‍ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more