| Monday, 1st February 2021, 12:58 pm

കഷ്ടം എന്നല്ലാതെ എന്തു പറയാന്‍, ബി.ജെ.പി സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുകയാണ്; രാജ്യദ്രോഹ കേസ് എടുത്തതില്‍ തോമസ് ഐസക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കര്‍ഷക സമരം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ധനമന്ത്രി തോമസ് ഐസക്ക്.ബി.ജെ.പി സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ദല്‍ഹി പോലീസും മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുകയാണെന്നും ഐസക്ക് പറഞ്ഞു.

കഴിഞ്ഞ ദിവസം ദ വയര്‍ സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജനെതിരെയും പൊലീസ് കേസെടുത്തിരുന്നു. കര്‍ഷക സമരം റിപ്പോര്‍ട്ട് ചെയ്ത സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ മന്‍ദീപ് പൂനിയയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ധനമന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്.

കര്‍ഷക സമരം റിപ്പോര്‍ട്ടു ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസു ചുമത്തി നിശബ്ദരാക്കാനുള്ള ബി.ജെ.പി സര്‍ക്കാരുകളുടെ നീക്കം അപലപനീയമാണ്. ഒമ്പത് മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ ഇതിനകം രാജ്യദ്രോഹക്കേസുകള്‍ ചുമത്തിക്കഴിഞ്ഞു. കര്‍ഷകര്‍ക്കനുകൂലമായി അഭിപ്രായം പറയുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെയും വേട്ടയാടാനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

കേസും ഭീഷണിയുമൊക്കെ തുരുതുരാ വരുമ്പോള്‍ എല്ലാവരും ഭയപ്പെട്ടു വീട്ടിലിരിക്കുമെന്നും തങ്ങള്‍ക്കെതിരെ ആരും വാ തുറക്കില്ലെന്നുമൊക്കെയാണ് കേന്ദ്രസര്‍ക്കാരും ബി.ജെ.പി നേതൃത്വവുമൊക്കെ ധരിച്ചു വെച്ചിരിക്കുന്നത്. ഭരണകൂട ഭീകരതയ്‌ക്കെതിരെ ഇതിലും കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങിയാണ് നമ്മുടെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം വളര്‍ന്നുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് ദല്‍ഹിയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു കര്‍ഷകന്‍ മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ ഭാഗമായി എം.പി ശശി തരൂര്‍, മാധ്യമപ്രവര്‍ത്തകരായ വിനോദ് കെ ജോസ്, രജ്ദീപ് സര്‍ദേശായി തുടങ്ങി പത്തോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കര്‍ഷക സമരം റിപ്പോര്‍ട്ടു ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസു ചുമത്തി നിശബ്ദരാക്കാനുള്ള ബി.ജെ.പി സര്‍ക്കാരുകളുടെ നീക്കം അപലപനീയമാണ്. അക്ഷരാര്‍ത്ഥത്തില്‍ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുകയാണ് ബി.ജെ.പി സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ദല്‍ഹി പോലീസും.

ഒമ്പത് മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ ഇതിനകം രാജ്യദ്രോഹക്കേസുകള്‍ ചുമത്തിക്കഴിഞ്ഞു. കര്‍ഷകര്‍ക്കനുകൂലമായി അഭിപ്രായം പറയുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെയും വേട്ടയാടാനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു.

സമരകേന്ദ്രമായ സിന്‍ഘുവില്‍ കര്‍ഷകരെ കൈയേറ്റം ചെയ്ത ബി.ജെ.പിക്കാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ കാരവാന്‍ മാസികയുടെ മന്‍ദീപ് പൂണിയെ ദല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. ഓണ്‍ലൈന്‍ ന്യൂസ് ഇന്ത്യയിലെ ധര്‍മ്മേന്ദ്ര സിംഗിനെയും കസ്റ്റഡിയിലെടുത്തു.
കര്‍ഷക പ്രക്ഷോഭത്തിന്റെ സത്യസന്ധമായ വാര്‍ത്തകള്‍ ജനങ്ങളിലെത്തിച്ച മന്‍ദീപ് കുറേ നാളായി സംഘപരിവാറിന്റെ നോട്ടപ്പുള്ളിയാണ്. പൊലീസുകാരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നൊക്കെയുള്ള കുറ്റങ്ങളാണ് മന്‍ദീപിന്റെ ചുമലില്‍ ചാര്‍ത്തിയിരിക്കുന്നത്.

റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക സമരത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ വാര്‍ത്തകളും നിരീക്ഷണങ്ങളും വിശകലനങ്ങളും പങ്കുവെയ്ക്കുന്നവര്‍ക്കെല്ലാം എതിരെ കേസുകളെടുക്കുകയാണ്. രാജ് ദീപ് സര്‍ദേശായി, മൃണാള്‍ള്‍ പാണ്ഡെ, വിനോദ് കെ. ജോസ്, സിദ്ധാര്‍ത്ഥ് വരദരാജന്‍ എന്നിവര്‍ക്കെല്ലാം എതിരെ കേസെടുത്തിട്ടുണ്ട്.

കേസും ഭീഷണിയുമൊക്കെ തുരുതുരാ വരുമ്പോള്‍ എല്ലാവരും ഭയപ്പെട്ടു വീട്ടിലിരിക്കുമെന്നും തങ്ങള്‍ക്കെതിരെ ആരും വാ തുറക്കില്ലെന്നുമൊക്കെയാണ് കേന്ദ്രസര്‍ക്കാരും ബി.ജെ.പി നേതൃത്വവുമൊക്കെ ധരിച്ചു വെച്ചിരിക്കുന്നത്. ഭരണകൂട ഭീകരതയ്‌ക്കെതിരെ ഇതിലും കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങിയാണ് നമ്മുടെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം വളര്‍ന്നുവന്നത്. ഭീഷണിയ്ക്കു മുന്നില്‍ പതറാതെയും പ്രലോഭനങ്ങള്‍ക്കു വശംവദരാകാതെയും സ്വാഭിപ്രായധീരത ഉയര്‍ത്തിപ്പിടിക്കുന്ന എഡിറ്റര്‍മാരും പത്രസ്ഥാപനങ്ങളും രാജ്യത്തുണ്ട്.

അവരുടെ ആര്‍ജവത്തെയും വസ്തുതകളോടുള്ള ആഭിമുഖ്യത്തെയും രാജ്യദ്രോഹക്കേസു ചുമത്തി നിശ്ചേഷ്ടമാക്കിക്കളയാമെന്ന് കരുതുന്നവരോട് ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍. ഈ അടിച്ചമര്‍ത്തല്‍ കാലത്തെയും ഭരണത്തെയും ഇന്ത്യ അതിജീവിക്കുക തന്നെ ചെയ്യും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Thomas Issac against BJP targeting Journalists who protest

We use cookies to give you the best possible experience. Learn more