|

'സോറി അദ്വാനിജി, നിങ്ങളിപ്പോഴും കുറ്റവാളിയാണ്'; ബാബ്‌റി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ തോമസ് ഐസക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബാബ്‌റി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിക്കെതിരെ ധനമന്ത്രി തോമസ് ഐസക്ക്. മസ്ജിദ് തകര്‍ത്ത പ്രവൃത്തിയില്‍ നിന്നു നിങ്ങള്‍ കുറ്റവിമുക്തി നേടിയിട്ടില്ലെന്നായിരുന്നു ഐസക്ക് ട്വിറ്ററില്‍ കുറിച്ചത്.

മസ്ജിദ് തകര്‍ത്തതു നിയമവിരുദ്ധമാണെന്നു കോടതി ഇന്നലെ വിധിന്യായത്തില്‍ പറഞ്ഞിരുന്നു. ഈ കേസില്‍ ഇതുവരെ വിധി വന്നിട്ടില്ല. ഇതു സൂചിപ്പിച്ചായിരുന്നു ഐസക്കിന്റെ ട്വീറ്റ്.

‘സോറി അദ്വാനിജി, മസ്ജിദ് തകര്‍ത്ത പ്രവൃത്തിയില്‍ നിന്നു നിങ്ങള്‍ കുറ്റവിമുക്തി നേടിയിട്ടില്ല. മസ്ജിദ് തകര്‍ത്തതു കുറ്റകരമാണെന്നാണ് സുപ്രീംകോടതി വിധി. നിങ്ങളിപ്പോഴും കുറ്റപത്രത്തില്‍ കുറ്റവാളിയാണ്. കുറ്റം ചെയ്തവരെ ശിക്ഷിക്കണമെന്നാണു നിയമം പറയുന്നത്.’- അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബാബ്‌റി തകര്‍ക്കലും അതിനു പിന്നിലെ ക്രിമിനല്‍ ഗൂഢാലോചനയുമാണ് ഇനി തെളിയാനുള്ളത്. 27 വര്‍ഷം നീണ്ട കേസിന്റെ വിചാരണ ലഖ്‌നൗ സി.ബി.ഐ കോടതിയില്‍ അവസാനഘട്ടത്തിലാണ്. ഈ കേസിലെ 49 പ്രതികളില്‍ ഭൂരിഭാഗം പേരും ഇന്ന് ജീവനോടെയില്ല.

അതേസമയം ജീവിച്ചിരിക്കുന്നവരില്‍ പലരും ഉന്നതസ്ഥാനത്തിരിക്കുന്ന മുന്‍ ഉപപ്രധാനമന്ത്രി, മുന്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, പാര്‍ലമെന്റ് എം.പിമാര്‍ തുടങ്ങിയവരാണ്.

1992 ഡിസംബര്‍ 6 ന് ബാബ്റി മസ്ജിദ് തകര്‍ത്ത് നിമിഷങ്ങള്‍ക്കകം അജ്ഞാതരായ കര്‍സേവകര്‍ക്കെതിരെ 197/92 എന്ന നമ്പറില്‍ ഒരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഐ.പി.സി സെക്ഷന്‍ 395,397, 332, 337,338, 295, 297, 153അ യും സെക്ഷന്‍ 7 ലെ ക്രിമിനല്‍ നിയമ ഭേദഗതി പ്രകാരവുമായിരുന്നു ആദ്യ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

10 മിനിറ്റിനകം രണ്ടാമത്തെ എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തു. 198/92 നമ്പറില്‍ സെക്ഷന്‍ 153അ,153 ആ,505 എന്നിവ പ്രകാരം എല്‍.കെ അദ്വാനി, അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ് കത്യാര്‍, വിഷ്ണു ഹരി ഡാല്‍മിയ, സാധ്വി ഋതംബര എന്നിവര്‍ക്കെതിരെയായിരുന്നു എഫ്.ഐ.ആര്‍.

വിദ്വേഷം പരത്തുന്നതും പ്രകോപനപരവുമായി പ്രസംഗിച്ചു എന്നതായിരുന്നു ഇവര്‍ക്കെതിരായ എഫ്.ഐ.ആര്‍. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് 47 എഫ്.ഐ.ആര്‍ വേറെയും രജിസ്റ്റര്‍ ചെയ്തു.