| Thursday, 4th October 2018, 4:13 pm

ജയ്റ്റ്‌ലി വര്‍ധിപ്പിച്ച നികുതി ആദ്യം കുറയ്‌ക്കെട്ടെ; അതിന് ശേഷം ഞങ്ങള്‍ കുറച്ചോളാം: തോമസ് ഐസക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്ധനവിലയില്‍ നാമമാത്രമായ കുറവ് വരുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്.

വലിയ വര്‍ധന വരുത്തിയ ശേഷം ചെറിയ കുറവ് വരുത്തുകയാണ് ജെയ്റ്റ്‌ലി ചെയ്തതെന്നും അതിനെ വലിയ കാര്യമായി സംസ്ഥാനം കാണുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു.

ആദ്യം ജെയ്റ്റ്‌ലി വര്‍ധിപ്പിച്ച നികുതി കുറയ്ക്കണം. 9 രൂപയോളം നികുതി കൂട്ടിയ ശേഷം 1.50 രൂപയാണ് ഇപ്പോള്‍ കുറച്ചത്. കേരള സര്‍ക്കാര്‍ ഇതിന് മുന്‍പ് തന്നെ നികുതി കുറച്ചുകഴിഞ്ഞു. അദ്ദേഹം ധനകാര്യമന്ത്രിയായതിന് പിന്നാലെയാണ് വലിയ തോതില്‍ നികുതി വര്‍ധിപ്പിച്ചത്. ഇപ്പോള്‍ 10 ശതമാനം മാത്രമാണ് നികുതിയിനത്തില്‍ കുറച്ചത്. ഇനി 90 ശതമാനം കുറക്കട്ടെ. അപ്പോള്‍ ആലോചിക്കാം.


നിങ്ങളുടെ തട്ടിപ്പ് മനസിലാകാത്തവരാണോ ജനങ്ങള്‍; തെരഞ്ഞെടുപ്പ് അടുക്കെ ഇന്ധന വിലകുറച്ച കേന്ദ്രനടപടിയെ വിമര്‍ശിച്ച് എം.ബി രാജേഷ്


“ഞങ്ങള്‍ വര്‍ധിപ്പിച്ചത് പൂര്‍ണമായും ഞങ്ങള്‍ കുറച്ചു, ഇനി നിങ്ങള്‍ കുറയ്ക്കൂ” എന്ന് പറയുകയാണെങ്കില്‍ അതില്‍ ഒരു ന്യായമുണ്ട്. കൂട്ടിയ നികുതി പൂര്‍ണമായും പിന്‍വലിച്ചിട്ട് നികുതി കുറയ്ക്കാന്‍ ആവശ്യപ്പെട്ടാല്‍ പരിഗണിക്കാം. ഞാന്‍ കാത്തിരിക്കുകയാണ്.

താന്‍ വര്‍ധിപ്പിച്ച നികുതി കുറച്ച് കുറയ്ക്കുന്നു. അത്ര തന്നെ സംസ്ഥാനവും കുറയ്ക്കണം. അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ സംസ്ഥാനത്തിന് വരുമായിരുന്ന നഷ്ടം സഹിച്ച് അത് ചെയ്യുമായിരുന്നു.

ജനം ഇവരുടെ ഈ രാഷ്ട്രീയം മനസിലാക്കും. ജയ്റ്റ്‌ലിയാണ് ഡീസലിന് 14 ഉം പെട്രോളിനും 9 രൂപയും നികുതി വര്‍ധിപ്പിച്ചത്. അത് അദ്ദേഹം കുറയ്ക്കട്ടെ. എന്നിട്ട് സംസ്ഥാനത്തോട് കുറക്കാന്‍ പറയൂ. പറയുന്നതില്‍ ന്യായം വേണ്ടേ? പേരിന് 10 ശതമാനം കുറയ്ക്കുന്നു. ബാക്കി സംസ്ഥാനം കുറക്കട്ടെ എന്ന് പറഞ്ഞാല്‍ എന്താണ് ചെയ്യുക. ഇതില്‍ മറ്റൊന്നും സര്‍ക്കാരിന് പറയാനില്ല. നികുതി കുറയ്ക്കാന്‍ ഈ സാഹചര്യത്തില്‍ ഉദ്ദേശിക്കുന്നില്ല- തോമസ് ഐസക് പറഞ്ഞു.

We use cookies to give you the best possible experience. Learn more