| Friday, 23rd April 2021, 12:08 pm

കേന്ദ്രം എത്ര വില കൂട്ടിയാലും കേരളം വാക്‌സിന്‍ സൗജന്യമായി നല്‍കും: കേന്ദ്രം തന്നില്ലെങ്കില്‍ നാട്ടുകാര്‍ക്ക് കിട്ടില്ല എന്ന അവസ്ഥയുണ്ടാകില്ല: തോമസ് ഐസക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് വാക്സിന് കേന്ദ്രം എത്ര വില കൂട്ടിയാലും കേരളം അത് സൗജന്യമായി നല്‍കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്.

ലോക്ഡൗണിലൂടെ രാജ്യത്തിന് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിന് പകരം, അല്‍പ്പം നഷ്ടം സഹിച്ച് വാക്സിന്‍ സൗജന്യമായി നല്‍കുന്നതാണ് മികച്ച സാമ്പത്തിക ശാസ്ത്രമെന്നും തോമസ് ഐസക്ക് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

കേരളം ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളും വലിയ പ്രതിസന്ധിയിലാണ്. ഈയൊരു സാഹചര്യത്തില്‍ ആയിരം കോടിയൊക്കെ എടുത്ത് ഒറ്റയടിക്ക് ചിലവു ചെയ്യുക എന്നത് കൂടുതല്‍ സാമ്പത്തിക പ്രയാസങ്ങളിലേക്ക് നയിക്കും. പക്ഷേ, ജനങ്ങളുടെ പ്രയാസം പരിഹരിക്കാനായി സര്‍ക്കാരിന്റെ ചില പ്രവര്‍ത്തനങ്ങള്‍ നീട്ടിവയ്ക്കുകയാണ്. കേന്ദ്രം തന്നില്ലെങ്കില്‍ നാട്ടുകാര്‍ക്ക് കിട്ടില്ല എന്ന അവസ്ഥയുണ്ടാവില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.

കേന്ദ്രത്തിന് 150 രൂപയ്ക്കും സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കും വാക്സിന്‍ എന്നുപറയുന്നതില്‍ എന്ത് ന്യായമാണ് ഉള്ളത്. ഒരു രാഷ്ട്രത്തില്‍ എല്ലാം ഒരേപോലെ വേണമെന്ന് പറയുന്നവര്‍ തന്നെ ഒരു രാഷ്ട്രവും മൂന്ന് വിലയുമാക്കി മാറ്റിയിരിക്കുകയാണ്.

20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു എന്നൊക്കെയാണല്ലോ കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. അതുപയോഗിച്ച് സൗജന്യവാക്സിന്‍ നല്‍കാമായിരുന്നല്ലോയെന്നും തോമസ് ഐസക്ക് ചോദിച്ചു.

സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായാണ് വാക്സിന് പണം ഇടാക്കുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

സംസ്ഥാനങ്ങള്‍ മത്സരിച്ച് വാക്സിന്‍ വാങ്ങണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഇരട്ട വില സമ്പ്രദായത്തിനെതിരെയും സംസ്ഥാനങ്ങളുടെ മേല്‍ ഭാരം വരുന്നതിനെതിരെയും ശക്തമായ വിമര്‍ശനം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ സംഭാവന ചെയ്യണമെന്നും. അല്ലെങ്കില്‍ 1100 കോടി രൂപ എവിടെനിന്നാണ് ഉണ്ടാക്കാന്‍ കഴിയുക എന്നും തോമസ് ഐസക് ചോദിച്ചു.

കമ്പനികളില്‍നിന്നു നേരിട്ടു വാക്‌സിന്‍ വാങ്ങാന്‍ സംസ്ഥാനം നടപടി തുടങ്ങിയിട്ടുണ്ട്. കമ്പനികളുമായി ചര്‍ച്ച നടത്താനും വാങ്ങേണ്ടതിന്റെ അളവും വിലയും നിശ്ചയിക്കാനും ചീഫ് സെക്രട്ടറി, ധന, ആരോഗ്യ സെക്രട്ടറിമാര്‍ എന്നിവരെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്.

വാക്‌സിന്‍ തുടര്‍ന്നും സൗജന്യമായി ലഭ്യമാക്കണമെന്ന അഭ്യര്‍ഥനയ്ക്ക് കേന്ദ്രത്തിന്റെ മറുപടി ലഭിച്ചിട്ടില്ലെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ല. ഇന്നത്തെ സാഹചര്യത്തില്‍ സ്വന്തം നിലയ്ക്കു വാങ്ങാന്‍ മാത്രമേ സംസ്ഥാനത്തിനു കഴിയൂ. അല്ലെങ്കില്‍ വൈകിയേക്കാം. സംസ്ഥാനം ചെലവഴിക്കുന്ന തുക കേന്ദ്രത്തിനു പിന്നീടു തിരിച്ചുതരാവുന്നതേയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

18 45 പ്രായക്കാരായ 1.65 കോടി പേര്‍ക്കു മേയ് 1 മുതല്‍ വാക്‌സീന്‍ നല്‍കാന്‍ നടപടി തുടങ്ങുകയാണ്. രണ്ടോ മൂന്നോ ഘട്ടമായാകും വിതരണം. രോഗമുള്ളവര്‍ക്കു മുന്‍ഗണന നല്‍കും. ഇക്കാര്യം പഠിച്ച് ഉടന്‍ മാനദണ്ഡം ഉണ്ടാക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Thomas Issac About Free Vaccination

Latest Stories

We use cookies to give you the best possible experience. Learn more