| Friday, 3rd March 2017, 8:53 pm

ബജറ്റ് ചോര്‍ച്ച : സംഭവിച്ചത് ഗുരുതരമായ വീഴ്ച്ചയെന്ന് ധനമന്ത്രി തോമസ് ഐസക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്


തിരുവനന്തപുരം: ബജറ്റ് ചോര്‍ച്ചയില്‍ വീഴ്ച്ച പറ്റിയെന്ന് സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക്ക്. വീഴ്ച്ച സംഭവിച്ചത് ഗൗരവമായ കാര്യമാണെന്നും വീഴ്ച്ച അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ബജറ്റ് ചോര്‍ന്ന സംഭവത്തില്‍ പേഴ്‌സണല്‍ സ്റ്റാഫിനെ മാറ്റിയതായും മന്ത്രി അറിയിച്ചു. സംഭവത്തില്‍ പ്രതിപക്ഷം രാഷ്ട്രീയമായ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണെന്നും തോമസ് ഐസക്ക് ആരോപിച്ചു. അത് അനുവദിച്ചു കൊടുക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.


Also Read: ആ പറഞ്ഞതില്‍ ഞാന്‍ ഖേദിക്കുന്നു; പിണറായി വിജയന്റെ തലയ്ക്ക് ഇനാം പ്രഖ്യാപിച്ച പ്രസ്താവന പിന്‍വലിക്കുന്നതായി ചന്ദ്രാവത്ത്


സംഭവത്തില്‍ ധനമന്ത്രിയുടെ പ്രസ് സെക്രട്ടറിയെ നേരത്തെ പുറത്താക്കിയിരുന്നു. മനോജ് കെ പുതിയവിളയെ ആണ് മാറ്റിയിരിക്കുന്നത്. ബജറ്റ് ചോര്‍ന്നത് മന്ത്രിയുടെ ഓഫീസിന്റെ വീഴ്ചയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ മനോജിന്റെ ഭാഗത്ത് തെറ്റുണ്ടായി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ശക്തമായ നടപടിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ബജറ്റ് ചോര്‍ന്നതിനാല്‍ പുതിയ ബജറ്റ് അവതരിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. പുതിയ മന്ത്രി ബജറ്റ് അവതരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പ്രശ്നത്തെ സര്‍ക്കാര്‍ നിസ്സാരവത്കരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

സംഭവത്തില്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. ചോര്‍ച്ചയെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിഷയം സിപിഐഎം പരിശോധിക്കുമെന്ന് നിയമമന്ത്രി എകെ ബാലനും നേരത്തെ വ്യക്തമാക്കിയിരുന്നു.

തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കവെയാണ് ബജറ്റ് ചോര്‍ന്നെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയത്. ധനമന്ത്രി സഭയില്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ബജറ്റിലെ വിവരങ്ങള്‍ ദൃശ്യമാധ്യങ്ങളും പുറത്തുവിട്ടിരുന്നു. ഇതോടെ പ്രതിപക്ഷം ബഹളം ആരംഭിക്കുകയായിരുന്നു. ബജറ്റ് ചോര്‍ന്നെന്നും ധനമന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more