സംഘപരിവാര്‍ നേതാക്കള്‍ ദയവായി എന്നെയും സഹായിക്കണം; ചോദ്യപേപ്പറില്‍ കൗടില്യനെ ജി.എസ്.ടിയുടെ പിതാവാക്കിയതില്‍ പരിഹാസവുമായി തോമസ് ഐസക്ക്
Kerala
സംഘപരിവാര്‍ നേതാക്കള്‍ ദയവായി എന്നെയും സഹായിക്കണം; ചോദ്യപേപ്പറില്‍ കൗടില്യനെ ജി.എസ്.ടിയുടെ പിതാവാക്കിയതില്‍ പരിഹാസവുമായി തോമസ് ഐസക്ക്
എഡിറ്റര്‍
Friday, 8th December 2017, 12:09 am

 

കോഴിക്കോട്: ബനാറസ് യൂണിവേഴ്‌സിറ്റിയിലെ എം. എ ചോദ്യപേപ്പറില്‍ കൗടില്യനെ ജി.എസ്.ടി യുടെയും മനുവിനെ ആഗോളവത്കരണത്തിന്റെയും പിതാവാക്കിയ സംഘപരിവാരത്തെ പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്ക്്. സംഘപരിവാര്‍ നേതാക്കള്‍ ദയവായി എന്നെയും സഹായിക്കണം. അര്‍ത്ഥശാസ്ത്രത്തിലെ ജി.എസ്.ടി സങ്കല്‍പങ്ങളെക്കുറിച്ച് 15 മാര്‍ക്കു തരപ്പെടുന്ന ഉപന്യാസമെഴുതാന്‍ ആഗ്രഹമുണ്ട് എന്ന് പറഞ്ഞാണ് തോമസ് ഐസക്ക് രംഗത്തെത്തിയിരിക്കുന്നത്.

ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ പരീക്ഷാ ചോദ്യപേപ്പറില്‍ മനുവിനെ ആഗോളവത്കരണത്തിന്റെ ചിന്തകനായും കൗടില്യനെ ജി.എസ്.ടിയുടെ പിതാവായും ചിത്രീകരിക്കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ നല്‍കിയത് വിവാദമായതിനെ തുടര്‍ന്നാണ് മന്ത്രിയുടെ പരിഹാസം. ആര്‍.എസ്.എസുകാരനായ അധ്യാപകനാണ് ചോദ്യങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്.


Also Read: ഓഖി ദുരന്തം; സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 39 ആയി


ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ എംഎ പൊളിറ്റിക്സ് ചോദ്യപ്പേപ്പറിലാണ് ജി.എസ്.ടിയുടെ പൈതൃകം കൗടില്യനും ആഗോളവത്കരണത്തിന്റെ ഉത്ഭവം മനുവിലും ചാര്‍ത്തിയിരിക്കുന്നത്. വിമാനത്തിന്റെയും റോക്കറ്റിന്റെയും മിസൈലുകളുടെയും ടെസ്റ്റ് ട്യൂബ് ശിശുവിന്റെയും ക്ലോണിംഗിന്റെയുമൊക്കെ അവകാശം ഏറ്റെടുത്ത് ലോകത്തിനു മുന്നില്‍ ഇന്ത്യയെ പരിഹാസ്യരാക്കി തൊലിക്കട്ടി തെളിയിച്ചവര്‍ക്ക് ഇതൊന്നും അത്ര വലിയ പ്രശ്നമാകാന്‍ സാധ്യതയില്ല എന്നും അദ്ദേഹം പറയുന്നു.

എം.എ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ചോദ്യപേപേപ്പറിലാണ് ഈ ചോദ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഹിന്ദു മിത്ത്‌സിലെ മൗര്യ പണ്ഡിതനായ കൗടില്യന്റെ പുസ്തകമായ അര്‍ത്ഥശാസ്ത്രത്തില്‍ ജി.എസ്.ടി യുമായി ബന്ധപ്പെട്ട വിവരങ്ങളെപ്പറ്റി എഴുതുവാനാണ് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്. അതുമാത്രമല്ല മനുവിന്റെ സിദ്ധാന്തങ്ങളാണ് ആഗോളവത്കരണമെന്ന ആശയത്തിന് കാരണമെന്നും അവകാശപ്പെട്ടുകൊണ്ടുളള ചോദ്യങ്ങളും ഉണ്ടായിരുന്നു. പതിനഞ്ച് മാര്‍ക്കിന്റെ ചോദ്യങ്ങളായിരുന്നു ഇവ.


Also  Read: ഓഖി; പ്രധാനമന്ത്രി വിളിക്കാതിരുന്നത് കേരളത്തില്‍ ഇടതു സര്‍ക്കാരായതിനാല്‍; ബുള്ളറ്റ് പ്രൂഫ് കാര്‍ തനിക്ക് വേണ്ടി വാങ്ങിയിട്ടില്ലെന്നും പിണറായി


മണ്ടത്തരങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ പുതിയ ചരിത്രപുസ്തകങ്ങളും സയന്‍സ് പുസ്തകങ്ങളും ഇഷ്ടംപോലെ സംഘപരിവാര്‍ അച്ചടിശാലകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയുടെ പ്രചരണത്തിനു വേണ്ടി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം അനുഭാവികളെ കുത്തിനിറച്ചിട്ടുമുണ്ട്. ആ ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ കണ്ടതെന്നും തോമസ് ഐസക് പറയുന്നു.

ഇത്രയൊക്കെ ആയ സ്ഥിതിയ്ക്ക് വാറ്റ് നികുതിയുടെ കാര്യത്തില്‍ ഉപേക്ഷ വിചാരിക്കരുത് എന്നൊരപേക്ഷയുമുണ്ട്. എത്രയും വേഗം അതിന്റെ പിതൃത്വവും ആരെയെങ്കിലും ഏല്‍പ്പിക്കണം. പുത്തന്‍ അറിവുകളുടെ വിസ്ഫോടനശേഷി കണക്കിലെടുക്കുമ്പോള്‍ ചോദ്യം ഒന്നിന് ഒരു ആയിരം മാര്‍ക്കൊക്കെ നല്‍കാവുന്നതാണ്. പാസ് മാര്‍ക്കു കിട്ടുന്നവര്‍ക്കെല്ലാം കനപ്പെട്ട ബിരുദങ്ങളും കൊടുക്കണം. പിഎച്ച്ഡിയും ഡോക്ടറേറ്റുമൊക്കെ പാശ്ചാത്യരീതികളാണ്. അവയ്ക്കൊക്കെ പകരം പേരുകളുണ്ടാകണം. “കൂപമണ്ഡൂകാചാര്യ” തുടങ്ങിയ വിദ്യാഭ്യാസബിരുദങ്ങളെക്കുറിച്ച് ആലോചിക്കാന്‍ സമയമായി എന്നും സംഘപരിവാരിനെ അദ്ദേഹം പരിഹസിക്കുന്നു.

എന്നാല്‍ തങ്ങളുടെ സിലബസ്സിന്റെ ഒരുഭാഗത്തും ഉള്‍പ്പെടാത്ത ചോദ്യങ്ങള്‍ ആണ് അധ്യാപകന്‍ നല്‍കിയതെന്ന് ആരോപിച്ച്് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ പോളിസികളെ കുറിച്ച് അവലോകനം നടത്താന്‍ ഇത്തരത്തിലുള്ള മിത്തുകള്‍ ഉപയോഗിച്ച്് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നിലവാരം തകര്‍ക്കുകയാണ് ഈ അധ്യാപകന്‍ എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.