| Wednesday, 9th November 2016, 9:18 am

കള്ളപ്പണമെല്ലാം ആരും നാട്ടില്‍ നോട്ടുകളായി ചാക്കില്‍ക്കെട്ടി സൂക്ഷിച്ചിരിക്കുകയല്ലെന്ന് തോമസ് ഐസക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ന് ട്രഷറി തുറന്നിട്ട് എന്തു ചെയ്യാനാണെന്നും ധനമന്ത്രി ചോദിച്ചു. പ്രധാനമന്ത്രി മോദി പോസ്റ്റോഫീസിനെയും റെയില്‍വേ സ്റ്റേഷനെയും ബാങ്കിനെയും അല്ലാതെ ട്രഷറിയെ അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് ട്രഷറി തുറന്നു വച്ചിരിക്കാമെന്നല്ലാതെ വേറെ ഒന്നും ചെയ്യാന്‍ കഴിയില്ല. 


തിരുവനന്തപുരം:  നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കള്ളപ്പണം ആരും നോട്ടുകളായല്ല സൂക്ഷിക്കുന്നതെന്നും കീഴ്‌വഴക്കങ്ങളും പാരമ്പര്യവും ലംഘിച്ചാണ് സര്‍ക്കാരിന്റെ തീരുമാനം. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നും മന്ത്രി പറഞ്ഞു.

സമ്പദ്ഘടന ബ്രേക്കിട്ട് നിര്‍ത്തിയ അവസ്ഥയിലായി. എന്ന് വീണ്ടും ചലിച്ചുതുടങ്ങുമെന്ന് അറിയില്ല. ഉത്പാദന മേഖലയില്‍ എത്ര നഷ്ടമുണ്ടാകുമെന്നും അറിയില്ല. സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണുള്ളത്. കേന്ദ്രസര്‍ക്കാര്‍ നടപടി സഹിക്കുകയല്ലാതെ മറ്റുമാര്‍ഗമില്ല. ഭ്രാന്തമായ തീരുമാനമാണ് ഇതെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് ട്രഷറി തുറന്നിട്ട് എന്തു ചെയ്യാനാണെന്നും ധനമന്ത്രി ചോദിച്ചു. പ്രധാനമന്ത്രി മോദി പോസ്റ്റോഫീസിനെയും റെയില്‍വേ സ്റ്റേഷനെയും ബാങ്കിനെയും അല്ലാതെ ട്രഷറിയെ അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് ട്രഷറി തുറന്നു വച്ചിരിക്കാമെന്നല്ലാതെ വേറെ ഒന്നും ചെയ്യാന്‍ കഴിയില്ല.

കെ.എസ്.എഫ്.ഇ മാനേജര്‍മാര്‍ വിളിച്ചു ചോദിക്കുന്നത് ഏജന്റുമാര്‍ കളക്ട് ചെയ്തുകൊണ്ടു വരുന്ന പണം ഇന്ന് വാങ്ങണോ വേണ്ടയോ എന്നാണ്. കല്യാണത്തിനും മറ്റും പണം പറഞ്ഞു വച്ചവര്‍ ഇനി എന്തുചെയ്യും എന്നാണ് സഹകരണ ബാങ്ക് മാനേജര്‍മാര്‍ വിളിച്ചു ചോദിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

എന്റെ കൈയ്യില്‍ കുറച്ച് 500, 1000 നോട്ടുകളുണ്ട്. ഏതായാലും അത് ഉപയോഗിച്ച് നാളെ ഒന്നും വാങ്ങാന്‍ കഴിയില്ല. ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും ഇല്ലാത്ത സാധാരണക്കാരന്‍ വെട്ടിലായതു തന്നെ. സമ്പദ്ഘടന പരിപൂര്‍ണ്ണ സ്തംഭനത്തിലാകും. ഏതാനും ദിവസം കഴിഞ്ഞാല്‍ കാര്യങ്ങള്‍ സാധാരണ ഗതിയിലാകും. പക്ഷേ അതിനകം ഉണ്ടായ തിരിച്ചടി മറികടക്കാന്‍ പിന്നെയും ദിവസങ്ങള്‍ വേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള കള്ളനോട്ട് പിടിക്കാനാണ് ഈ നടപടിയെന്നാണ് പറഞ്ഞിരിക്കുന്നത്. രണ്ട് ആഴ്ച ജനങ്ങള്‍ക്ക് സാവകാശം കൊടുത്തിരുന്നൂവെങ്കില്‍ ഈ കള്ളനോട്ട് വല്ലതും രക്ഷപെടുമായിരുന്നോ? മന്ത്രി ചോദിക്കുന്നു. പുതിയ നോട്ടിന് ബാങ്കില്‍ വരുമ്പോള്‍ കള്ളനോട്ടിനെ കണ്ടുപിടിക്കാം. അര്‍ദ്ധരാത്രി നോട്ടെല്ലാം റദ്ദാക്കിയതുകൊണ്ട് കൂടുതലായി ഒരു കള്ളനോട്ടും പിടിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുതന്നെയാണ് കള്ളപ്പണത്തിന്റെയും കാര്യം. പ്രധാനമന്ത്രിയുടെ തെറ്റിദ്ധാരണ കള്ളപ്പണമെല്ലാം നാട്ടില്‍ നോട്ടുകളായി ചാക്കില്‍ക്കെട്ടി സൂക്ഷിച്ചിരിക്കുകയാണെന്നാണ്. ഇത് അബദ്ധമാണ്. കള്ളപ്പണത്തിന്റെ സിംഹഭാഗവും വിദേശത്താണ്. 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ റദ്ദാക്കിയാലും മൗറീഷ്യസ് വഴി ഇന്ത്യന്‍ ബാങ്കില്‍ കള്ളപ്പണം എത്തിക്കാനുള്ള മാര്‍ഗ്ഗം കേന്ദ്രസര്‍ക്കാര്‍ തന്നെ തുറന്നുവച്ചിട്ടുണ്ട്. ഇനി നാട്ടില്‍ കള്ളപ്പണം സൂക്ഷിക്കുന്നവര്‍ സ്വര്‍ണ്ണത്തിലോ, ഭൂമിയിലോ അത് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. നോട്ട് റദ്ദാക്കിയതുകൊണ്ട് ആ കള്ളപ്പണം കണ്ടുപിടിക്കാനാവില്ല.

പിന്നെ എന്തിനാണ് ഈ നാടകം? അത് പ്രധാനമന്ത്രി മോഡിയുടെ പ്രസംഗം വായിച്ചാല്‍ കൃത്യമായി മനസ്സിലാക്കാം. ഇത് ജനങ്ങളെയൊന്ന് ഞെട്ടിക്കാനാണ്. വിദേശത്തുനിന്നെല്ലാം കള്ളപ്പണം കൊണ്ടുവന്ന് ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിലേയ്ക്ക് 15 ലക്ഷം വീതം ഇടാമെന്ന വാഗ്ദാനം പൊളിഞ്ഞതിന്റെ ക്ഷീണം തീര്‍ക്കാനുള്ള ഒരു പൊടിക്കൈ . അത്ര തന്നെ.

Latest Stories

We use cookies to give you the best possible experience. Learn more