| Monday, 21st November 2016, 7:34 pm

നോട്ട് പ്രതിസന്ധി; ജെയ്റ്റ്‌ലിയോട് ചോദിച്ച സംശയങ്ങള്‍ക്ക് ലഭിച്ച മറുപടികള്‍ പങ്കുവെച്ച് തോമസ് ഐസക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒരു ബാച്ച് നോട്ട് അച്ചടിക്കാന്‍ എത്ര നാള്‍ എടുക്കും? ജെയ്റ്റ്‌ലി പറയുന്നത് ശരിയാണെങ്കില്‍ കുറഞ്ഞത് മൂന്നാഴ്ച എടുക്കും.


ന്യൂദല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയെതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനമുയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി നടത്തിയ സംഭാഷണം പരാമര്‍ശിച്ച് മന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഒരു ബാച്ച് നോട്ട് അച്ചടിക്കാന്‍ എത്ര നാള്‍ എടുക്കും? ജെയ്റ്റ്‌ലി പറയുന്നത് ശരിയാണെങ്കില്‍ കുറഞ്ഞത് മൂന്നാഴ്ച എടുക്കും. അദ്ദേഹം രണ്ടായിരത്തിന്റെയും നൂറിന്റെയും നോട്ട് എടുത്ത് അവയിലെ പതിനഞ്ചോളം സുരക്ഷ മുന്‍കരുതലുകള്‍ എടുത്തു കാണിച്ചു. വ്യത്യസ്ത മഷിക്കൂട്ടുകള്‍, ത്രെഡ് തുടങ്ങിയ ഉള്‍ചേര്‍ക്കലുകള്‍, പ്രതലത്തിന്റെ ഉയര്‍ച്ച താഴ്ചകള്‍ എന്നിങ്ങനെ പലതും, തോമസ് ഐസക്ക് പറയുന്നു.


Also Read: രണ്ടും കള്ളപ്പണ മുന്നണികളെന്ന് കുമ്മനം; സര്‍വ്വകക്ഷി യോഗത്തില്‍ നിന്നും ബി.ജെ.പി ഇറങ്ങിപ്പോയി


ഓരോന്നും പ്രത്യകം പ്രത്യകം ഒന്നിന് പുറകെ ഒന്നായി ചെയ്യണം. പഴയ നൂറിന്റെ നോട്ടിലും ചില പ്രത്യേക സ്ഥലങ്ങളില്‍ തുടച്ചാല്‍ മഷി പടരും. പുതിയ രണ്ടായിരത്തിന്റെ മാത്രം പ്രശ്‌നമല്ലിത്. ഇങ്ങനെ പോയി നോട്ട് വിശേഷങ്ങളെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പക്ഷെ താന്‍ ആലോചിച്ചത് മറ്റൊന്നാണ്, ഒരു ബാച്ച് നോട്ട് അച്ചടിക്കാന്‍ ഇരുപത്തിയൊന്ന് ദിവസം വേണമെങ്കില്‍ രണ്ടായിരം അടക്കം പത്ത് പന്ത്രണ്ട് ലക്ഷം കോടി തുകയ്ക്കുള്ള നോട്ട് അടിക്കാന്‍ എത്ര സമയം വേണം? ഡിസംബറിലൊന്നും നോട്ട് അച്ചടിച്ച് തീരാന്‍ പോണില്ല. ചുരുങ്ങിയത് ആറേഴ് മാസം പിടിക്കുമെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടുന്നു.

കാര്യങ്ങള്‍ സാധാരണ നിലയില്‍ ആവാന്‍ പൂര്‍ണമായി നോട്ട് അച്ചടിച്ച് വിതരണം ചെയ്യണമെന്നില്ല എന്നാണ് ജെയ്റ്റ്‌ലിയുടെ അഭിപ്രായം. ഏതായാലും പഴയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ എത്തിക്കുന്നതില്‍ വേണ്ടത്ര അവധാനതയോടെയുള്ള മുന്‍കരുതലുകള്‍ എടുത്തില്ല എന്ന് വ്യക്തമാണെന്നും തോമസ് ഐസക്ക് വിമര്‍ശിച്ചു.

തുടര്‍ന്ന് ഈ നോട്ട് പ്രതിസന്ധി രാജ്യത്തിന്റെ വളര്‍ച്ചയെ എങ്ങിനെ ബാധിക്കുമെന്നും തോമസ് ഐസക്ക് പറയുന്നു. ആവശ്യത്തിന് നോട്ട് തികയാതെ വരുന്നത് രാജ്യത്തെ ഉല്‍പ്പാദനവര്‍ദ്ധനവിനെ പ്രതികൂലമായി ബാധിക്കും. ഉല്‍പ്പാദനം എത്രമാത്രം കുറയാമെന്നതിനെ പറ്റി വിശദമായ പഠനങ്ങള്‍ വരാന്‍ പോകുന്നതെയുള്ളൂ.

ആദ്യത്തെ പഠനം ആംബിറ്റ് (AMBIT) എന്ന കണ്‍സല്‍ട്ടിംഗ് ഏജന്‍സിയുടെതാണ്. അവരുടെ കണക്ക് ഞെട്ടിക്കുന്നതാണ്. 2016-17 ല്‍ 6.8 ശതമാനം വളര്‍ച്ച ആണ് അവര്‍ പ്രവചിച്ചിരുന്നത്, അത് 3. 5 ശതമാനം ആയി കുറയും. 2017-18ല്‍ അവരുടെ പ്രവചനം 7.3 ശതമാനം ആയിരുന്നു. അതവര്‍ 5.8 ശതമാനമാക്കി കുറച്ചിരിക്കുന്നു. വളര്‍ച്ചയുടെ കാര്യത്തില്‍ ചൈനയെ മാറി കടന്നു എന്ന അവകാശവാദം ഏതായാലും അടുത്ത രണ്ടു വര്‍ഷത്തേക്ക് നടക്കില്ലെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടുന്നു. ഇതാണ് ഈ തുഗ്ലിക്കയന്‍ പരിഷ്‌കാരത്തിന്റെ പരിണതിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

We use cookies to give you the best possible experience. Learn more