'തോല്‍വിയുടെ ചൂട് മൂക്കില്‍ തട്ടി തുടങ്ങിയതുകൊണ്ടാവും ഇത്ര വെപ്രാളം';ആര്‍.എസ്.എസുമായി രഹസ്യ വോട്ടുകച്ചവടം നടത്തിയെന്ന കോണ്‍ഗ്രസ് ആരോപണത്തിനെതിരെ തോമസ് ഐസക്ക്
KERALA BYPOLL
'തോല്‍വിയുടെ ചൂട് മൂക്കില്‍ തട്ടി തുടങ്ങിയതുകൊണ്ടാവും ഇത്ര വെപ്രാളം';ആര്‍.എസ്.എസുമായി രഹസ്യ വോട്ടുകച്ചവടം നടത്തിയെന്ന കോണ്‍ഗ്രസ് ആരോപണത്തിനെതിരെ തോമസ് ഐസക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th October 2019, 8:18 am

ആലപ്പുഴ:തോമസ് ഐസക്കും പി. ജയരാജനും ആര്‍.എസ്.എസുമായി അരൂരില്‍ രഹസ്യ വോട്ടുകച്ചവടം നടത്തിയെന്ന കോണ്‍ഗ്രസ് ആരോപണത്തിന് മറുപടി നല്‍കി തോമസ് ഐസക്ക്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു തോമസ് ഐസിന്റെ മറുപടി.


‘ഈ കച്ചവടത്തിന് പിന്നില്‍ ഞാനും സഖാവ് പി ജയരാജനും ആണത്രേ. തെളിവ് ആയി ഉയര്‍ത്തി കാണിക്കുന്നത് ഞങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകളും. രഹസ്യകച്ചവടം നടത്തി ഞങ്ങള്‍ ഫേസ്ബുക്കില്‍ പരസ്യപ്പെടുത്തിയിരിക്കുന്നു പോലും’ ഇത്തരത്തില്‍ പരിഹസിച്ചുകൊണ്ടാണ് ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്. കഴിഞ്ഞദിവസം ഐസക്കും പി.ജയരാജനും ചേര്‍ന്നു നടത്തിയ തുറവൂര്‍ സന്ദര്‍ശനത്തെക്കുറിച്ച് പി.ജയരാജന്‍ വിശദമായി പോസ്റ്റ് ഇട്ടിട്ടുണ്ടെന്നും ഐസക്ക് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തുറവൂരില്‍ തീപ്പെട്ടി കമ്പനി, തുരിശു കമ്പനി, തൊഴിലുറപ്പ് സംഘങ്ങള്‍ ഇവയൊക്കെ സന്ദര്‍ശിച്ചശേഷം തുറവൂരെ പ്രമുഖ ഗൌഡ സാരസ്വത കുടുംബമായ ജയകുമാറിന്റെ വീട് സന്ദര്‍ശിച്ച വിവരവും ജയരാജന്‍ പോസ്റ്റില്‍ നല്‍കിയിരുന്നെന്നും ധനമന്ത്രി പറഞ്ഞു. ജയകുമാര്‍ ആര്‍.എസ്.എസുകാരനാണെന്ന് കോണ്‍ഗ്രസ് പറഞ്ഞതിനെയും മന്ത്രി പരിഹസിച്ചു.

‘ജയകുമാറിന്റെ അച്ഛന്‍ ഗൗരിയമ്മയുടെയും ആദ്യകാല കമ്മ്യൂണിസ്റ്റുകാരുടെയും സുഹൃത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവിയും ആയിരുന്നു. തന്റെ അച്ഛന്‍ ഗൌഡ സാരസ്വത സമുദായത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് അനുഭാവി ആയിരുന്നു എന്നാണ് ജയകുമാര്‍ പറഞ്ഞത്. ജയകുമാറിന്റെ മകന്‍ ജയപ്രകാശ് അദ്ധ്യാപകനും കെ എസ് ടി എ അംഗവുമാണ്. അതീവഹൃദ്യമായ സ്വീകരണമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്’. ഐസക്ക് കൂട്ടിച്ചേര്‍ത്തു. ജയകുമാറുമായി കൃഷി സംബന്ധമായ കാര്യങ്ങളാണ് സംസാരിച്ചതെന്നും ധനമന്ത്രി പറഞ്ഞു.

‘ഈയൊരു ഗൃഹസന്ദര്‍ശനം ആണ് വോട്ടുകച്ചവടം എന്ന് കോണ്‍ഗ്രസുകാര്‍ വക്രീകരിച്ച് അവതരിപ്പിക്കുന്നത്. തോല്‍വിയുടെ ചൂട് യു.ഡി എഫിന്റെ മൂക്കില്‍ തട്ടി തുടങ്ങി എന്ന് വ്യക്തം. അല്ലെങ്കില്‍ എന്തിനാണ് ഇത്ര വെപ്രാളം?’ മന്ത്രി ചോദിച്ചു.

നേരത്തേ അരൂരില്‍ ആര്‍.എസ്.എസ് നേതാക്കളുടെ വീടുകളില്‍ എത്തി സി.പി.എം നേതാക്കള്‍ വോട്ട് ഉറപ്പിക്കുന്നു എന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. മന്ത്രി തോമസ് ഐസക്കും പി ജയരാജനും ആര്‍.എസ്.എസ് പ്രവര്‍ത്തകനും മുന്‍ ബി.ജെ.പി സ്ഥാര്‍ത്ഥിയുമായ എച്ച്.ജയകുമാറിന്റെ വീട്ടിലെത്തിയ ചിത്രം പുറത്തുവിട്ട് കോണ്‍ഗ്രസ് നേതാവ് എം.ലിജുവാണ് ആരോപണം ഉന്നയിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ