കെ.എം ഏബ്രഹാം അഴിമതിക്കെതിരെ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഉദ്യോഗസ്ഥന്‍; പിന്തുണയുമായി തോമസ് ഐസക്ക്
Daily News
കെ.എം ഏബ്രഹാം അഴിമതിക്കെതിരെ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഉദ്യോഗസ്ഥന്‍; പിന്തുണയുമായി തോമസ് ഐസക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th October 2016, 3:20 pm

അഴിമതിക്കെതിരെ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഉദ്യോഗസ്ഥനാണ് കെ.എം എബ്രഹാമെന്ന് തോമസ് ഐസക്ക് പറഞ്ഞു. 


ആലപ്പുഴ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം ഏബ്രഹാം ഐ.എ.എസിന് ധനമന്ത്രി തോമസ് ഐസക്കിന്റെ പിന്തുണ.

അഴിമതിക്കെതിരെ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഉദ്യോഗസ്ഥനാണ് കെ.എം എബ്രഹാമെന്ന് തോമസ് ഐസക്ക് പറഞ്ഞു. വിജിലന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയും. നികുതി വകുപ്പില്‍ സ്തുത്യര്‍ഹമായ സേവനമാണ് ഏബ്രഹാം നടത്തുന്നത്. അഴിമതിക്കെതിരായി മികച്ച ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം. സഹാറ കേസ് മാത്രം മതി ഇതിന് തെളിവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതിയില്‍ ഉദ്യോഗസ്ഥരല്ല ഭരിച്ചവരാണ് മറുപടി പറയേണ്ടതെന്നും ധനമന്ത്രി പറഞ്ഞു.

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ കെ.എം.എബ്രഹാമിന്റെ ഫ്‌ളാറ്റില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. നടപടി വിവാദമായതിന് പിന്നാലെ എബ്രാഹാമിനെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രിയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. പരിശോധനയില്‍ വീഴ്ച്ച പറ്റിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ സമ്മതിക്കുകയും ചെയ്തു.

എന്നാല്‍ വിജിലന്‍സ് എസ്.പി രാജേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധന താന്‍ അറിയാതെയാണെന്നായിരുന്നു വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിലപാട്. തുടര്‍ന്ന് രാജേന്ദ്രന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. പൊതു പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരക്കലിന്റെ പരാതിയിലായിരുന്നു വിജിലന്‍സ് പരിശോധന.