തിരുവനന്തപുരം: ഇല്ലാത്ത പ്രതിസന്ധി കാണിച്ച് സര്‍ക്കാര്‍ പണപ്പിരിവ് നടത്തുകയാണെന്നുള്ള പ്രതിപക്ഷത്തിന്റെ ആരോപണത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്. കൊവിഡ് മുന്‍കരുതലുകളെടുക്കുന്ന സമയത്തും പ്രതിപക്ഷം സംസാരിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാഷയിലാണ്. പ്രതിപക്ഷം എല്ലാത്തിനെയും നിസാരവല്‍ക്കരിക്കുകയാണെന്നും തോമസ് ഐസക് ആരോപിച്ചു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘പ്രതിപക്ഷം സങ്കുചിത മനസ്സോടെയാണ് സംസാരിക്കുന്നത്. അവരുടേത് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഭാഷയാണ്. എല്ലാറ്റിനെയും അവര്‍ നിസാരവല്‍ക്കരിക്കുയാണ്. 400 കോടി രൂപയാണ് ആരോഗ്യരംഗത്തെ വിതരണത്തിന് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. എന്നാല്‍ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യമാസത്തില്‍ തന്നെ 200 കോടി രൂപ ഇതിനായി ചെലവഴിച്ചു കഴിഞ്ഞു. ഒരു ലക്ഷം കിടക്കകള്‍ ആശുപത്രിക്ക് പുറത്ത് തയ്യാറാക്കിയിട്ടുണ്ട്’, ഐസക് വിശദീകരിച്ചു.
വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചാല്‍ ഗള്‍ഫില്‍ നിന്ന് വരുന്നവരെ ക്വാറന്റൈന്‍ ചെയ്യണം. അവരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണം. 850 കോടി രൂപയാണ് ഭക്ഷണ കിറ്റു നല്‍കുന്നതിന് വേണ്ടി നല്‍കിയിരിക്കുന്നത്. 4000 കോടി രൂപയാണ് പെന്‍ഷനായി വിതരണം ചെയ്തു കഴിഞ്ഞത്. പെന്‍ഷന്‍ പറ്റാത്തവര്‍ക്കുള്ള ധനസഹായത്തിന് തന്നെ 600 കോടി വേണമെന്നും അദ്ദേഹം വ്യക്തമാക്കി.