തിരുവനന്തപുരം: സംഘപരിവാര്‍ നടപ്പാക്കിയ അപ്രഖ്യാപിത വധശിക്ഷയായിരുന്നു
മനുഷ്യാവകാശ പ്രവര്‍ത്തകനും ക്രൈസ്തവ പുരോഹിതനുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണമെന്ന് സി.പി.ഐ.എം നേതാവും മുന്‍ മന്ത്രിയുമായ തോമസ് ഐസക്ക്.
ഭീമ കൊറേഗാവ് കേസില്‍ വിചാരണത്തടവില്‍ കഴിയവേ മരണപ്പെട്ട ഫാ.സ്റ്റാന്‍ സ്വാമിക്കെതിരെയുള്ള പൊലീസ് രേഖകള്‍ കൃത്രിമമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം.
84 വയസുള്ള പാര്‍ക്കിന്‍സണ്‍ രോഗിയായ സ്റ്റാന്‍ സ്വാമി എന്ന വൃദ്ധ സന്യാസിയെ നിശബ്ദനാക്കാന്‍ ഏതറ്റംവരെയാണ് മോദി ഭരണകൂടം പോയതെന്ന് ഇപ്പോഴാണ് നമുക്കു പൂര്‍ണമായും മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘സംഘപരിവാര്‍ നടപ്പാക്കിയ അപ്രഖ്യാപിത വധശിക്ഷയായിരുന്നു ജെസ്യൂട്ട് പുരോഹിതന്‍ സ്റ്റാന്‍ ലൂര്‍ദ്ദ് സ്വാമിയുടെ മരണം.
സോഷ്യോളജി പണ്ഡിതനും അധ്യാപകനുമായിരുന്ന അദ്ദേഹം തന്റെ ജീവിതം ആദിവാസികളുടെ ഉന്നമനത്തിനായാണ് ഉഴിഞ്ഞുവച്ചത്. നാം അറിയുന്ന അര്‍ത്ഥത്തില്‍ അദ്ദേഹം ഒരു ആക്ടിവിസ്റ്റുപോലും ആയിരുന്നില്ല. പക്ഷേ, ദളിത്-ആദിവാസി അവസ്ഥകളെക്കുറിച്ച് നിശിതമായ വിശകലനങ്ങളും തുറന്നുകാണിക്കലുകളും അദ്ദേഹം നടത്തി. കേസുകളില്‍ പങ്കാളിയായി.
മരണാനന്തരം അദ്ദേഹത്തിന്റെ ഹരജി പരിഗണിച്ച മഹാരാഷ്ട്ര ഹൈക്കോടതി അദ്ദേഹത്തിന്റെ ആതുരസേവനത്തെ പ്രകീര്‍ത്തിച്ചു. ഈ പരാമര്‍ശം പിന്‍വലിക്കാന്‍ പെറ്റീഷന്‍ കൊടുത്തിരിക്കുകയാണ് എന്‍.ഐ.എ. എന്താണ് ഈ വൃദ്ധ താപസന്‍ ചെയ്ത കുറ്റം? രാജ്യത്ത് ലഹള ഉണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നു പറഞ്ഞു ഭീമ കൊറേഗാവ് കേസില്‍ രാജ്യത്തിന്റെ പലഭാഗത്തുനിന്നും ഒട്ടേറെപേരെ അറസ്റ്റ് ചെയ്തു.
പലരും പണ്ഡിതരും ദളിതരുടെയും ആദിവാസികളുടെയും ഉന്നമനത്തിനു പ്രവര്‍ത്തിക്കുന്നവരുമായിരുന്നു. ഇതില്‍ സ്വാമിയെ അറസ്സ് ചെയ്യാന്‍ എന്‍.ഐ.എ ചൂണ്ടിക്കാട്ടിയ തെളിവുകള്‍ (നാല്‍പതോളം ഫയലുകള്‍) സ്വാമിയുടെ ലാപ് ടോപ്പില്‍ ഹാക്ക് ചെയ്ത് കൃത്രിമമായി തിരുകി കയറ്റിയതാണ് എന്ന് ആര്‍സെനല്‍ കണ്‍സള്‍ട്ടിങ് എന്ന അമേരിക്കന്‍ ഡിജിറ്റല്‍ ഫോറന്‍സിക് സ്ഥാപനം കണ്ടെത്തിയിരിക്കുന്നു,’ തോമസ് ഐസക്ക് പറഞ്ഞു.
കൂട്ടുപ്രതി റോണാവില്‍സന്റെ ലാപ് ടോപ്പിലും കൃത്രിമ തെളിവുകള്‍ സ്ഥാപിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തു വന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
2017നും 2019നും ഇടയ്ക്കാണ് ഇത്തരത്തില്‍ 40 ഫയലുകള്‍ സ്റ്റാന്‍ സ്വാമിയുടെ ലാപ് ടോപ്പില്‍ തിരുകികയറ്റിയത്. ഈ അട്ടിമറി നടത്തിയവര്‍ക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പോകുന്ന ദിവസത്തെക്കുറിച്ചും തിരിച്ചറിവ് ഉണ്ടായിരുന്നു. കാരണം അറസ്റ്റിനു തൊട്ടുമുമ്പ് തങ്ങളുടെ ഹാക്കിങ് തെളിവുകള്‍ നശിപ്പിക്കുന്നതിനുള്ള നടപടികള്‍ അവര്‍ എടുത്തുവെന്നും ഇപ്പോള്‍ വ്യക്തമാണ്.
ഈ വെളിപ്പെടുത്തല്‍ മോദി സര്‍ക്കാരിന്റെയും അന്വേഷണ ഏജന്‍സികളുടെയും ഗൂഢപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഏറ്റവും നിശിതവിമര്‍ശനമാണ്. അവര്‍ക്ക് ഇഷ്ടമില്ലാത്തവര്‍ക്കെതിരെ കൃത്രിമ തെളിവുകള്‍ ഉണ്ടാക്കുന്ന ഒരു ഗൂഡഭീകരസംഘമായി എന്‍.ഐ.എ അധപതിച്ചിരിക്കുന്നു. ഇത്രയും വിവാദമുണ്ടായിട്ടും എന്‍.ഐ.എയോ കേന്ദ്ര സര്‍ക്കാരോ ഇതുവരെ ഒരു വിശദീകരണമോ നിഷേധമോ ആയിട്ടു വന്നിട്ടില്ല. തെറ്റായ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് തടങ്കലിലെത്തിയ അദ്ദേഹത്തോട് നീതി പീഠവും ദയ കാട്ടിയില്ല.
ജീവിതകാലമത്രയും ദയയുടെയും കാരുണ്യത്തിന്റെയും വെളിച്ചം പരത്തിയ സ്റ്റാന്‍ സ്വാമിക്കുണ്ടായ ദുര്‍വിധിയിലൂടെ ചരിത്രത്തില്‍ രാജ്യത്തിന്റെ ശിരസ് എന്നേക്കുമായി കുനിഞ്ഞു താഴുകയാണ്. കാരണം, മനുഷ്യത്വത്തിനു മേല്‍ ഒരു രാജ്യം നടപ്പാക്കിയ വധശിക്ഷയായിത്തന്നെ ഈ അനീതിയെ കാലം വിധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജയിലില്‍ ചികിത്സ മാത്രമല്ല, വിറക്കുന്ന കൈകള്‍ കൊണ്ട് ഗ്ലാസ് ഉയര്‍ത്തി വെള്ളം കുടിക്കാന്‍ കഴിയാതായപ്പോള്‍ സ്‌ട്രോ പോലും അധികൃതര്‍ നിഷേധിച്ചു. നമ്മുടെ കോടതിക്ക് 50 ദിവസം വേണ്ടി വന്നു ജയിലധികൃതരെ കൊണ്ട് സ്‌ട്രോ ലഭ്യമാക്കണമെന്ന അപേക്ഷ സ്വീകരിപ്പിക്കാന്‍. പിശാചുക്കള്‍ പോലും ചെയ്യാനറയ്ക്കുന്ന ക്രൂരത. കണ്‍മുന്നിലിരിക്കുന്ന ദാഹജലം ഒരിറക്കു കുടിക്കാന്‍ കഴിയാതെ ഒരു മനുഷ്യജീവി മരണപ്പിടച്ചില്‍ പിടയുന്നത് കണ്ടു നില്‍ക്കുന്ന അധികാരികളും ഭരണ സംവിധാനവും.
ഈ ക്രൂരതക്ക് ദയാശൂന്യരായ ഏകാധിപതികളുടെ ചരിത്രത്തില്‍പ്പോലും സമാനതകളില്ല. വരിയുടക്കകപ്പെട്ട നീതിബോധം സൃഷ്ടിച്ച രക്തസാക്ഷിയാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി. ഇനിയെങ്കിലും ഭീമ കൊറേഗാവ് തടവുകാരെ മുഴുവന്‍ മോചിപ്പിക്കാനുള്ള നട്ടെല്ല് കോടതിക്ക് ഉണ്ടാകണമെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.
Content Highlight: Thomas Isaac Says Fr Stan Swamy’s death was an unannounced execution carried out by the Sangh Parivar