| Tuesday, 8th May 2018, 12:15 am

'ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കലാപം സൃഷ്ടിക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്'; കണ്ണിപ്പോയില്‍ ബാബുവിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി തോമസ് ഐസക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൊലക്കത്തിയേന്തിയ ഭീകര രാഷ്ട്രീയത്തില്‍ നിന്നു പിന്മാറാന്‍ തങ്ങള്‍ തയ്യാറല്ല എന്ന ആര്‍.എസ്.എസിന്റെ കണ്ണില്‍ച്ചോരയില്ലായ്മയുടെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് മാഹി മുന്‍ കൗണ്‍സിലറും സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ കണ്ണിപ്പോയില്‍ ബാബുവിന്റെ കൊലപാതകമെന്ന് മന്ത്രി തോമസ് ഐസക്ക്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കലാപം സൃഷ്ടിക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും തോമസ് ഐസക്ക് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

“തെരഞ്ഞെടുപ്പു വരുമ്പോള്‍ കൊലപാതകവും സംഘര്‍ഷവും കലാപവും സൃഷ്ടിക്കുന്നത് ആര്‍എസ്എസിന്റെ സ്ഥിരം തന്ത്രമാണ്. കേരളത്തില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പു നടക്കുകയാണ്. ചുവടുറപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ആര്‍എസ്എസിന് ഒരു കലാപം കൂടിയേ തീരൂ. സംഘര്‍ഷവും സൃഷ്ടിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് അവര്‍ സഖാവ് ബാബുവിനെ പതിയിരുന്നു കൊലപ്പെടുത്തിയത്”, തോമസ് ഐസക്ക് പറഞ്ഞു.

“സഖാവ് ബാബുവിനെപ്പോലുള്ള നൂറു കണക്കിന് രക്തസാക്ഷികളുടെ ജീവത്യാഗം കൊണ്ടു നേടിയതാണ് കേരളത്തില്‍ നാമിന്നു കാണുന്ന സമാധാനവും സഹവര്‍ത്തിത്ത്വവും സഹിഷ്ണുതയും. ഈ അന്തരീക്ഷം തകര്‍ത്ത് സംഘര്‍ഷത്തിന്റെ പെരുന്തീയാളുന്ന തെരുവുകളില്‍ ചോരയില്‍ കുളിച്ച കൊലക്കത്തിയുമേന്തി താണ്ഡവം ചവിട്ടുകയാണ് സംഘപരിവാറിന്റെ ലക്ഷ്യം. അവസാന സി.പി.എം പ്രവര്‍ത്തകനും വീഴുന്നതുവരെ ഹിംസയുടെ ഈ രാഷ്ട്രീയത്തെ എന്തുവില കൊടുത്തും ചെറുത്തു നില്‍ക്കേണ്ടതുണ്ട്”, തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.

മാഹി പള്ളൂരില്‍ വച്ചാണ് ബാബുവിനെ ഒരു സംഘം വെട്ടിയത്. രാത്രി വീട്ടിലേക്ക് പോവും വഴി പതിയിരുന്ന ആക്രമികള്‍ വെട്ടിവീഴ്ത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സമാധാനം നിലനിന്നിരുന്ന കണ്ണൂര്‍ ജില്ലയില്‍ ആര്‍ എസ് എസിന്റെ കൊലക്കത്തി താഴെ വെക്കാന്‍ ഒരുക്കമല്ലെന്ന പ്രഖ്യാപനമാണ് കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലപാതകത്തിലൂടെ തെളിയുന്നതെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയറ്റ് പ്രതികരിച്ചു.

അതേസമയം, കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരിലും മാഹിയിലും ചൊവ്വാഴ്ച സി.പി.ഐ.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വാഹനങ്ങളെയും ആവശ്യ സേവനങ്ങളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


Watch DoolNews Video:

We use cookies to give you the best possible experience. Learn more