കോഴിക്കോട്: കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെതിരെ വി.ഡി. സതീശന്‍ ഉയര്‍ത്തിയ അഴിമതി ആരോപണത്തില്‍ പ്രതികരണവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്. 2018ല്‍ കെ.എഫ്.സി, റിലയന്‍സ് കൊമേഴ്‌സ്യല്‍ എന്ന ധനകാര്യ സ്ഥാപനത്തിന്റെ ബോണ്ടില്‍ 60 കോടി രൂപ നിക്ഷേപിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് തോമസ് ഐസക് പറഞ്ഞു.
കെ.എഫ്.സിയെപ്പറ്റി അദ്ദേഹം ഉന്നയിച്ച പ്രശ്‌നങ്ങള്‍ പ്രസക്തമാണെങ്കിലും അഴിമതി ആരോപണങ്ങള്‍ കൂട്ടിക്കുഴച്ച് അവയെ അപഹാസ്യമാക്കരുതെന്നാണ് തോമസ് ഐസക് പറഞ്ഞത്.
കെ.എഫ്.സി റിലയന്‍സ് കമ്പനിയില്‍ നിക്ഷേപം നടത്തിയെങ്കിലും 2019ല്‍ എല്‍&എഫ്.എസ് അടക്കമുള്ള ബാങ്കേതര ധനകാര്യ സ്ഥാപനങ്ങളെ പിടിച്ചുകുലുക്കിയ പ്രതിസന്ധിയില്‍ റിലയന്‍സിന്റെ സ്ഥാപനം തകര്‍ന്നതോടെ 60 കോടി രൂപ ഇന്‍വെസ്റ്റ്‌മെന്റ് നിഷ്‌ക്രിയപ്പെടുകയായിരുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കെ.എഫ്‌സിക്ക് 1951ലെ എസ്.എഫ്.സി ആക്ടിലെ വകുപ്പ് 33 പ്രകാരം നിക്ഷേപം നടത്തുന്നതിന് അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം പൂര്‍ണമായി തെറ്റാണെന്നും തോമസ് ഐസക് പറഞ്ഞു. കാരണം എസ്.എഫ്.സിലെ ആക്ട് 34ല്‍ കെ.എഫ്.സിക്ക് ഇത്തരം നിക്ഷേപം നടത്താനുള്ള അവകാശമുണ്ടെന്ന് പറയുന്നുണ്ട്.
കെ.എഫ്.സി പോലുള്ള സ്ഥാപനങ്ങളുടെ മുഖ്യ പ്രവര്‍ത്തന ഉദ്ദേശം വായ്പ നല്‍കല്‍ തന്നെയാണെന്നും എന്നാല്‍ ഇത്തരത്തിലുള്ള വായ്പകള്‍ നല്‍കണമെങ്കില്‍ വിഭവസമാഹരണം നടത്തേണ്ടതിന്റെ ആവശ്യമുണ്ട്. സാധാരണഗതിയില്‍ സിഡ്ബിയില്‍ നിന്നു വായ്പയെടുക്കുകയാണ് പതിവ്.
എന്നാല്‍ സിഡ്ബി എസ്.എഫ്.സികള്‍ക്ക് വായ്പ നല്‍കുന്നത് നിര്‍ത്തിയതോടെ കോര്‍പ്പറേറ്റ് കമ്പനികളില്‍ ബോണ്ട് ഇറക്കി കെ.എഫ്.സി വിഭവസമാഹരണം നടത്തണം അതിനാല്‍ തന്നെ റിലയന്‍സിലെ നിക്ഷേപം ആ സ്വാഭാവികമായ വിഭവസമാഹരണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇങ്ങനെ ബോണ്ട് ഇറക്കാന്‍ എ.എ റേറ്റിങ് വേണം. അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഗ്യാരണ്ടി വേണം. 2014ല്‍ യു.ഡി.എഫ് ഭരിക്കുമ്പോള്‍ കെ.എഫ്.സിക്കുള്ള സര്‍ക്കാര്‍ ഗ്യാരണ്ടി അവസാനിപ്പിച്ചു. അപ്പോള്‍ പിന്നെ മാര്‍ഗം ബോണ്ടിന്റെ 20% വരുന്ന തുകയെങ്കിലും പെട്ടെന്ന് കാശാക്കാന്‍ കഴിയുന്ന ഏതെങ്കിലും ആസ്തികളില്‍ നിക്ഷേപിക്കുകയാണ്.
ഇതിനാണ് കെ.എഫ്.സി നിക്ഷേപം നടത്തിയത്. ഇങ്ങനെ റേറ്റിങ് ഉയര്‍ത്തിയതിന്റെ ഫലമായി 2016-2023 കാലത്ത് 2000 കോടി രൂപ ബോണ്ടുകളിലൂടെ താരതമ്യേന താഴ്ന്ന പലിശയ്ക്ക് സമാഹരിക്കാന്‍ കെ.എഫ്.സിക്ക് കഴിഞ്ഞെന്നും തോമസ് ഐസക് പറഞ്ഞു.
മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിക്ഷേപത്തിന് റിലയന്‍സ് കൊമേഷ്യലിനെ തെരഞ്ഞെടുത്തതെന്ന ആക്ഷേപമുണ്ട്. എന്നാല്‍ കൃത്യമായ നിക്ഷേപ നയം കെ.എഫ്.സിക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനം ആയിരിക്കണം. AA റേറ്റിങ് ഉണ്ടാവണം. ഇതെല്ലാമുള്ള ഒരു സ്ഥാപനമായിരുന്നു റിലയന്‍സ്.
റിലയന്‍സ് കൊമേഷ്യല്‍ പൊളിയാന്‍ പോകുന്ന കമ്പനിയാണെന്ന് ഏതൊരാള്‍ക്കും അറിയാമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. കെ.എഫ്.സി നിക്ഷേപം നടത്തിയ 2018ല്‍ രണ്ട് റേറ്റിങ് കമ്പനികള്‍ റിലയന്‍സ് കമ്പനിക്ക് AA+ റേറ്റിങ് നല്‍കിയിരുന്നത്.
12500 കോടി രൂപയായിരുന്നു നെറ്റ് വര്‍ത്ത്. ക്യാപിറ്റല്‍ അഡിക്വസി റേഷ്യോ 17% ആയിരുന്നു. 2017ലും 2018ലും കമ്പനി 295ഉം 121ഉം കോടി രൂപ വീതം ലാഭമുണ്ടാക്കിയിരുന്നു. അതിനാല്‍ തന്നെ ഇത്തരമൊരു കമ്പനി പൊളിയുമെന്ന് എങ്ങനെ ഊഹിക്കാന്‍ കഴിയുമെന്നും തോമസ് ഐസക് ചോദിച്ചു.
നിക്ഷേപം ബോര്‍ഡില്‍ നിന്നും മറച്ചുവച്ചുവെന്ന ആക്ഷേപവും തോമസ് ഐസക് തള്ളുന്നുണ്ട്. ഫെഡറല്‍ ബാങ്കില്‍ 6.5%ന് സൂക്ഷിച്ചിരുന്ന ഡെപ്പോസിറ്റ് 8-9 ശതമാനം പലിശയ്ക്ക് ബോണ്ടില്‍ നിക്ഷേപിക്കുന്നതിന് നിയമാനുസൃതമായ ഇന്‍വെസ്റ്റ്‌മെന്റ് കമ്മിറ്റിയാണ് തീരുമാനിച്ചത്. നിക്ഷേപത്തിനു ശേഷമുള്ള ആദ്യ ബോര്‍ഡ് യോഗത്തില്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.
റിലയന്‍സ് കമ്പനി പൊളിഞ്ഞപ്പോള്‍ കെ.എഫ്.സി പണം തിരിച്ചുപിടിക്കുന്നതിന് ഊര്‍ജ്ജിതമായി ഇടപെട്ടിരുന്നു. ഇതിന്റെ ഭാഗമായി 8.13 കോടി രൂപ തിരിച്ചുകിട്ടി. ബാക്കി പ്രധാനപ്പെട്ട ഇടപാടുകാരെല്ലാം 24% തുക വാങ്ങിക്കൊണ്ട് സെറ്റില്‍ ചെയ്തു. കെ.എഫ്.സി പൂര്‍ണ്ണ പണം ആവശ്യപ്പെട്ടെങ്കിലും അത് കിട്ടിയിട്ടില്ലെന്നും അതിനുള്ള ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുകയാണെന്നും ഒടുവില്‍ 52% തിരിച്ചു നല്‍കാമെന്ന് ധാരണ ആയതായും മുന്‍മന്ത്രി പറയുന്നു.
‘ഇതിനു പുറമേ അടുത്ത അഞ്ച് വര്‍ഷം റിലയന്‍സ് കമ്പനി ഏറ്റെടുത്ത പുതിയ ധനകാര്യ സ്ഥാപനം അടുത്ത അഞ്ച് വര്‍ഷം വരെ റിക്കവറി ചെയ്യുന്ന ആനുപാതിക അധിക തുകയുടെ 1% കെ.എഫ്.സിക്ക് നല്‍കാമെന്നും ഏറ്റിട്ടുണ്ട്. എങ്കിലും ഇപ്പോഴും ഒത്തുതീര്‍പ്പില്‍ എത്തിയിട്ടില്ല.
പ്രതിക്ഷനേതാവ് എന്നാലും ചോദിക്കുക 60 കോടി രൂപയും ഇത്രയും കാലത്തെ പലിശയും നഷ്ടമായില്ലേ എന്നായിരിക്കും. എത്ര നഷ്ടംവരുമെന്നുള്ളത് സെറ്റില്‍മെന്റില്‍ എത്തുമ്പോഴേ പറയാനാകൂ.
ബിസിനസ് സ്ഥാപനമാകുമ്പോള്‍ ഉത്തമവിശ്വാസത്തോടെ എടുക്കുന്ന ചില തീരുമാനങ്ങളില്‍ നഷ്ടം വരും. പക്ഷേ, യു.ഡി.എഫ് കാലത്തെ അപേക്ഷിച്ച് ഒരു വ്യത്യാസമുണ്ട്. മറ്റിടപാടുകളില്‍ വലിയ ലാഭം കെ.എഫ്.സിക്ക് കൈവരിക്കാന്‍ കഴിഞ്ഞു. 2016-ല്‍ എന്‍പിഎ 10.5% ആയിരുന്നത് ഇന്നിപ്പോള്‍ 2.88% ആയി കുറഞ്ഞു,’ തോമസ് ഐസക് പറഞ്ഞു. നിലവില്‍ സ്ഥാപനം മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മന്ത്രി പറയുകയുണ്ടായി.
മൊത്തം നല്‍കുന്ന വായ്പ 2000 കോടിയില്‍ നിന്ന് ഇന്നിപ്പോള്‍ 7000 കോടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. ഈ കാലയളവില്‍ 60 കോടി രൂപയുടെ റിലയന്‍സ് നിഷ്‌ക്രിയ ആസ്തിക്കടക്കമുള്ള ബാഡ് ഡെബ്റ്റ് പ്രൊവിഷണിംഗ് നടത്തിക്കഴിഞ്ഞിട്ടും കെ.എഫ്.സി 2023-24-ല്‍ മാത്രം 74 കോടി രൂപ ലാഭമുണ്ടാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ പ്രതിപക്ഷനേതാവിന്റെ അഴിമതി ആരോപണം അപഹാസ്യമാണെന്നും അതിനുദാഹരണമാണ് നബാര്‍ഡിന്റെ 1100 കോടി നിക്ഷേപമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മറ്റു ബാങ്കുകളുടെയെല്ലാം കൂടി നിക്ഷേപം 7000 കോടി വരും. ഇതെല്ലാം അഴിമതി ആയിരുന്നുവെന്ന് എങ്ങനെയാണ് പറയാന്‍ സാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. റേറ്റിങ് കമ്പനികളെ എങ്ങനെയാണ് കെ.എഫ്.സി സ്വാധീനിച്ചത് എന്നതിനു തെളിവ് പ്രതിപക്ഷ നേതാവ് ഹാജരാക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടിട്ടുണ്ട്.
താത്പര്യമുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ കെ.എഫ്.സി നടത്തിയ ഷോര്‍ട്ട് ടെണ്ടറില്‍ റിലയന്‍സ് കമ്പനിക്ക് ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്നതിനുള്ള ഉദ്ദേശം എന്തായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വെളിപ്പെടുത്തണം. അതിനാല്‍ അദ്ദേഹം ഉണ്ടയില്ലാതെ വെടിവയ്ക്കരുതെന്നും തോമസ് ഐസക് പറഞ്ഞു.
Content Highlight: Thomas Isaac reply to V.D Satheesan on KFC issue