| Thursday, 26th December 2024, 3:24 pm

നോട്ട് നിരോധനം ഒരു തുഗ്ലക് തീരുമാനമാകുമെന്ന് എം.ടി ആദ്യമേ മുന്നറിയിപ്പ് നല്‍കിയിരുന്നു: തോമസ് ഐസക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മലയാളത്തിലെ മഹാനായ എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അദ്ദേഹവുമൊത്തുള്ള ഓര്‍മകള്‍ പങ്കിടുകയാണ് മുന്‍ ധനമന്ത്രിയും സാമ്പത്തികശാസ്ത്ര വിദഗ്ദനുമായ ഡോ. തോമസ് ഐസക്. ഒരു വായനക്കാരന്‍ എന്ന നിലയില്‍ എം.ടിയെ അദ്ദേഹത്തിന്റെ പുസ്തകങ്ങളിലൂടെ പരിചയമുണ്ടെങ്കിലും അദ്ദേഹവുമൊത്തുള്ള ബന്ധം ആരംഭിക്കുന്നത് തുഞ്ചന്‍ പറമ്പിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളിലൂടെയാണെന്ന് തോമസ് ഐസക് ഓര്‍ത്തെടുക്കുന്നു.

തോമസ് ഐസക്കിന്റെ രണ്ട് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തത് എം.ടിയായിരുന്നു. ഏതൊരു എഴുത്തുകാരനും സ്വപ്‌നം കാണുന്ന ഒരു നിമിഷമാണ് അതെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. അതില്‍ ഒന്ന് നോട്ടു മരവിപ്പിക്കലിനെക്കുറിച്ചും മറ്റൊന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെക്കുറിച്ചുള്ളതുമാണ്.

നോട്ട് മരവിപ്പിക്കലിനെക്കുറിച്ചുള്ള പുസ്തത്തിന്റെ പ്രകാശനച്ചടങ്ങില്‍ നോട്ടുമരവിപ്പിക്കലിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് എം.ടി തുറന്നടിച്ചത് പലരേയും പ്രകോപിപ്പിച്ചതായി തോമസ് ഐസക് പറയുന്നു.

നോട്ടുമരവിപ്പിക്കലിന്റെ തിരിച്ചടിയില്‍ നിന്ന് സമ്പദ്ഘടന ഇനിയും മോചിതമായിട്ടില്ലെന്ന് പറഞ്ഞ മുന്‍ മന്ത്രി സാമ്പത്തിക ശാസ്ത്രത്തിന്റെ സങ്കീര്‍ണതകളൊന്നും അറിയില്ല എന്ന ആമുഖത്തോടെ തുടങ്ങിയ എം.ടിയുടെ പ്രസംഗം ഇപ്പോഴും തന്റെ ഓര്‍മ്മയിലുണ്ടെന്നും പറയുന്നുണ്ട്.

എന്നാല്‍ എം.ടി നടത്തിയ വിമര്‍ശനങ്ങള്‍ എല്ലാം തന്നെ നിശിതമായിരുന്നെന്നും അദ്ദേഹത്തിന്റെ മുന്നറിയിപ്പ് പോലെ പാവപ്പെട്ടവരെയും രാജ്യത്തിന്റെ അനൗദ്യോഗിക സമ്പദ്‌വ്യവസ്ഥയെയുമൊക്കെ നോട്ട് നിരോധനമെന്ന തുഗ്ലക് തീരുമാനം ദോഷകരമായി ബാധിച്ചെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

എഴുത്തിലൂടെ അനശ്വരനായിക്കഴിഞ്ഞ എം.ടി യഥാര്‍ത്ഥത്തില്‍ നമ്മെ വിട്ടുപോകുന്നില്ലെന്നും തോമസ് ഐസക് പറയുന്നു. അക്ഷരങ്ങളും ഭാഷയും ജീവിതവും നിലനില്‍ക്കുന്ന കാലത്തോളം അദ്ദേഹം നമുക്കൊപ്പമുണ്ടാകും. മലയാളിയ്ക്ക് എന്തായിരുന്നു എം.ടി എന്ന് പരിശോധിക്കുന്നതിനേക്കാള്‍ എന്തല്ലാതായിരുന്നു എന്നു നോക്കുന്നതാവും എളുപ്പമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

എഴുത്തിനും വായനയ്ക്കും വേണ്ടി തന്നെ സമ്പൂര്‍ണമായി സമര്‍പ്പിച്ച എം.ടി മലയാളത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരന്‍ എന്നതിലുപരി ഏറ്റവും മഹാനായ വായനക്കാരന്‍ കൂടിയായിരുന്നു എന്ന് പറഞ്ഞാണ് തോമസ് ഐസക് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Content Highlight: Thomas Isaac remembers M. T. Vasudevan Nair and his remarks on demonetisation

Video Stories

We use cookies to give you the best possible experience. Learn more