| Friday, 16th September 2022, 7:03 pm

കൊച്ചിക്കാര്‍ എത്ര ഭാഗ്യവാന്മാര്‍; വിമാനത്താവളങ്ങളിലെ കൊള്ളയെക്കുറിച്ച് തോമസ് ഐസക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ വിമാനത്താവളങ്ങള്‍ കൊള്ള നടത്തുകയാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. കൊച്ചി, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളിലെ ടിക്കറ്റ് നിരക്കുകള്‍ പട്ടികപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ഇരു വിമാനത്താവളങ്ങളിലും ടിക്കറ്റിന് ഭീമമായ നിരക്ക് വ്യത്യാസമുണ്ടെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു.

കൊച്ചിക്കാര്‍ എത്ര ഭാഗ്യവാന്മാര്‍ എന്ന പ്രസ്താവനയോടെയാണ് അദ്ദേഹം തന്റെ കുറിപ്പ് ആരംഭിക്കുന്നത്. തിരുവനന്തപുരത്തു നിന്നുള്ള കണക്കുകള്‍ നോക്കുമ്പോള്‍ കൊച്ചിയില്‍ നിരക്കുകള്‍ കുറവാണെന്നും അദ്ദേഹം പറയുന്നു.

അദാനി ഏറ്റെടുത്ത് ഒരുവര്‍ഷം കഴിയുമ്പോഴും എയര്‍പോര്‍ട്ടിലെ സൗകര്യങ്ങളില്‍ ഒരു വ്യത്യാസവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കൊച്ചിക്കാര്‍ എത്ര ഭാഗ്യവാന്മാര്‍? കൊച്ചിയില്‍ നിന്നും ഹൈദരാബാദ് പോകാന്‍ ഇന്നത്തെ ടിക്കറ്റ് ചാര്‍ജ്ജ് 5171 രൂപയാണ്. തിരുവനന്തപുരത്തു നിന്ന് ഹൈദരാബാദ് പോകാന്‍ 9295 രൂപയാണ്. ഹൈദരാബാദിലെ സൗത്ത് ഫെസ്റ്റ് ഫെഡറലിസം സെമിനാറില്‍ പങ്കെടുക്കാന്‍ ടിക്കറ്റ് വാങ്ങിയപ്പോഴാണ് ഈ അന്തരം ബോധ്യപ്പെട്ടത്. അന്വേഷിച്ചു നോക്കുമ്പോള്‍ തിരുവനന്തപുരത്തു നിന്നുള്ള എല്ലാ വിമാനങ്ങളുടെയും ചാര്‍ജ്ജ് കൊച്ചിയേക്കാള്‍ എത്രയോ ഉയര്‍ന്നതാണ്.

ഉദാഹരണത്തിന് കൊച്ചിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് ഇന്ന് 1496 രൂപയാണ് ടിക്കറ്റ് ചാര്‍ജ്ജ്. തിരുവനന്തപുരത്തു നിന്നാണ് പോകുന്നതെങ്കില്‍ 5033 രൂപ നല്‍കണം. ചെന്നൈയിലേക്കാണെങ്കിലോ കൊച്ചിയില്‍ നിന്നും 2119 രൂപ മതി. തിരുവനന്തപുരത്തു നിന്നാണെങ്കില്‍ 4926 രൂപ നല്‍കണം. ഇനി ഡല്‍ഹിയിലേക്കാണെങ്കിലോ? കൊച്ചിയില്‍ നിന്ന് 8478 രൂപ. തിരുവനന്തപുരത്ത് നിന്നാണെങ്കില്‍ 12593 രൂപ.

ചെറിയൊരു വ്യത്യാസമല്ല. എയര്‍ലൈനുകള്‍ കണക്കുകളെല്ലാം ഇന്‍ഡിഗോ എയര്‍ ലൈനിന്റേതാണ്. അതുകൊണ്ട് എയര്‍ ലൈന്‍ കൊള്ളയടിക്കുകയാണെന്നു പറയാന്‍ വയ്യ. കൊള്ളയടിക്കുന്നത് എയര്‍പോര്‍ട്ടാണ്. കൊച്ചിയില്‍ യൂസര്‍ ഫീ ഇല്ല. തിരുവനന്തപുരത്ത് ഡൊമസ്റ്റിക് ഫ്ലൈറ്റാണെങ്കില്‍ 598 രൂപയും ഇന്റര്‍നാഷണല്‍ ആണെങ്കില്‍ 1260 രൂപയുമാണ് യൂസര്‍ ഫീ. എന്നാലും ഈ വ്യത്യാസം പൂര്‍ണ്ണമായും വിശദീകരിക്കപ്പെടുന്നില്ല. ഒരുപക്ഷേ അത് വിമാനക്കമ്പനികളില്‍ നിന്നും എയര്‍പോര്‍ട്ട് ഈടാക്കുന്ന ഫീസിലുള്ള വ്യത്യാസമായിരിക്കാം.

കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കൊച്ചി എയര്‍പോര്‍ട്ടും കുത്തക കമ്പനിയുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എയര്‍പോര്‍ട്ടിന്റെയും വ്യത്യാസം നല്ലൊരു കേസ് സ്റ്റഡിക്ക് വകയുണ്ട്.

എന്തൊക്കെയായിരുന്നു അദാനി വന്നാല്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ഉണ്ടാവുകയെന്ന് ശശി തരൂറിനെപ്പോലുള്ള പ്രമുഖരടക്കം വാദിച്ചുകൊണ്ടിരുന്നത്. എന്നിട്ട് ഇപ്പോള്‍ എന്തുണ്ടായി? അദാനി ഏറ്റെടുത്ത് ഒരുവര്‍ഷം കഴിയുമ്പോഴും എയര്‍പോര്‍ട്ടിലെ സൗകര്യങ്ങളില്‍ ഒരു വ്യത്യാസവും ഉണ്ടായിട്ടില്ല. എന്തിന് കോവിഡിനു മുമ്പുണ്ടായിരുന്ന ഫ്ലൈറ്റുകള്‍ പുനസ്ഥാപിക്കപ്പെട്ടിട്ടുപോലുമില്ല. തിരുവനന്തപുരത്തു നിന്നാണ് യാത്ര ചെയ്യുന്നതെങ്കില്‍ ചാര്‍ജ്ജ് ഇരട്ടി കൊടുക്കേണ്ടിവരും. ഡൊമസ്റ്റിക്ക് വിമാനയാത്രയ്ക്ക് ഇതാണെങ്കില്‍ ഇന്റര്‍നാഷണല്‍ ആകുമ്പോള്‍ എത്രയാകാം!

ഇത് ആരും ചോദ്യം ചെയ്യുന്നില്ലായെന്നത് വിസ്മയകരമാണ്. എന്തുകൊണ്ട് ഈ വ്യത്യാസമെന്ന് അദാനി എയര്‍പോര്‍ട്ട് കമ്പനി വിശദീകരിച്ചേ തീരൂ.

നിരവധി പേരാണ് തോമസ് ഐസക്കിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയത്. അദാനി വിമാനത്താവളം ഏറ്റെടുക്കുന്നതിന് മുന്‍പും ഇത് തന്നെയായിരുന്നു അവസ്ഥയെന്നും അന്ന് എന്തുകൊണ്ട് പ്രതികരിച്ചില്ല എന്നുമാണ് ചിലരുടെ ചോദ്യം.

Content Highlight: Thomas isaac point out the rate differences at airports in kerala

We use cookies to give you the best possible experience. Learn more