| Saturday, 21st August 2021, 5:32 pm

ഭീകരതയുടെ ടൈം ബോംബാണ് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ അവശേഷിപ്പിക്കുന്നത്; താലിബാനെ ന്യായീകരിക്കുന്നവര്‍ അവരെക്കാള്‍ മനുഷ്യത്വ വിരുദ്ധര്‍: തോമസ് ഐസക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

താലിബാന്റെ അഫ്ഗാന്‍ അധിനിവേശ പശ്ചാത്തലത്തില്‍ അമേരിക്കക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അമേരിക്കയെ ശക്തമായി വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തിയത്.

അമേരിക്കന്‍ ഇടപെടലുകള്‍ നടന്നിട്ടുള്ള ഇറാഖ്, സിറിയ, ലിബിയ എന്നീ രാജ്യങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു വിമര്‍ശനം.

ഭീകരതയെ അവശേഷിപ്പിച്ചാണ് അമേരിക്ക അഫ്ഗാനില്‍ നിന്നും മടങ്ങുന്നതെന്നും ഇത് ലോകമാകെയുള്ള തീവ്രവലതുപക്ഷ സംഘങ്ങളെ ലോകത്തിന് ഭീഷണിയാക്കി വളര്‍ത്തുമെന്നും ഐസക് തന്റെ പോസ്റ്റില്‍ പറഞ്ഞു.

”ഭീകരതയുടെ ടൈം ബോംബാണ് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ അവശേഷിപ്പിക്കുന്നത്. എല്ലാ മതങ്ങളിലെയും തീവ്രവലതുപക്ഷം ലോകത്തിനാകെ വെല്ലുവിളിയാകുംവിധം ശക്തിപ്പെടും എന്നതാണ് ഈ ബോംബുസ്ഫോടനത്തിന്റെ ആത്യന്തികമായ ഫലശ്രുതി.”

ഇന്ത്യയില്‍ ബി.ജെ.പിയുടെ വളര്‍ച്ചയെക്കൂടി സൂചിപ്പിച്ചു കൊണ്ടാണ് ഐസക് തന്റെ വാദം വിശദീകരിച്ചത്. യുപിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താലിബാന്‍ വിജയം ബി.ജെ.പിക്ക് ഗുണം ചെയ്യുന്നതായി വായിച്ചതായും പോസ്റ്റില്‍ പറയുന്നുണ്ട്. ”ജനാധിപത്യത്തിന്റെ തുറസുകളില്‍ ഗന്ധകപ്പുക നിറയ്ക്കാന്‍ എല്ലാ മതതീവ്രവാദങ്ങള്‍ക്കുമുള്ള ലൈസന്‍സാവുകയാണ് താലിബാന്‍” അദ്ദേഹം പറഞ്ഞു.

സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ നിലനിന്നിരുന്ന രാജ്യങ്ങളില്‍ അവയുടെ സ്വാധീനത്തെ തകര്‍ക്കുന്നതിനാണ് അമേരിക്ക വഹാബി ഇസ്ലാം, മുസ്ലിം ബ്രദര്‍ഹുഡ് പോലുള്ള സംഘടനകളെ പ്രോല്‍സാപ്പിച്ചതെന്നും അഫ്ഗാനിലെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കുവാനാണ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ അഫ്ഗാന്‍ മതഭീകരര്‍ക്ക് സഹായമെത്തിക്കുന്നതിന് ഓപ്പറേഷന്‍ സൈക്ലോണ്‍ എന്ന പദ്ധതി ആരംഭിച്ചതെന്നും പോസ്റ്റില്‍ പറയുന്നു.

”താലിബാനെപ്പോലുള്ള ഭീകരസംഘത്തിന് പാലും തോക്കും കൊടുത്തു വളര്‍ത്തുമ്പോള്‍, അന്നത്തെ ഭീകരത അമേരിക്കയ്ക്ക് വിശുദ്ധ ജിഹാദ് ആയിരുന്നു. സ്വാതന്ത്ര്യത്തിനും ജനാധിപത്യാവകാശങ്ങള്‍ക്കും വേണ്ടിയാണ് തങ്ങള്‍ ഇതര രാജ്യങ്ങളില്‍ ഇടപെടുന്നത് എന്നാണ് പലപ്പോഴും അധിനിവേശത്തിന്റെ ന്യായീകരണമായി അമേരിക്കയും അവരുടെ സ്തുതിപാഠകരും പയറ്റുന്ന വാദങ്ങള്‍.” തോമസ് ഐസക് പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിക്കെതിരായും ഐസക് തന്റെ പോസ്റ്റില്‍ സംസാരിക്കുന്നുണ്ട്. ”ചരിത്രവസ്തുതകളാണ് താലിബാനെ വിശുദ്ധരായി വാഴ്ത്തുന്ന ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ളവരുടെ മുഖംമൂടി വലിച്ചു കീറുന്നത്. ചരിത്രം വെണ്ടയ്ക്കാ വലിപ്പത്തില്‍ രേഖപ്പെടുത്തി വെച്ചിരിക്കുന്ന വസ്തുതകളൊക്കെയും ലോകം മറന്നു എന്ന് തെറ്റിദ്ധരിച്ചാണ് പുത്തന്‍തലമുറ ജമാഅത്തെ മസ്തിഷ്‌കങ്ങള്‍ താലിബാന്‍ സ്തുതി ആലപിക്കുന്നത്.”

ആയുധങ്ങളായും പണമായും സിനിമകളുടെ രൂപത്തിലും മറ്റു പല സഹായങ്ങളായും താലിബാനെ പാല് കൊടുത്ത് വളര്‍ത്തിയത് അമേരിക്ക തന്നെയാണ് എന്നും തന്റെ പോസ്റ്റില്‍ തോമസ് ഐസക് ഉന്നയിക്കുന്നു. ”അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമായ പ്രത്യയശാസ്ത്രത്തിന്റെ ഉടമകളാണ് താലിബാന്‍. അവരെ ന്യായീകരിക്കുന്നവര്‍ അവരെക്കാള്‍ മനുഷ്യത്വവിരുദ്ധരാണ്” അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Thomas Isaac on Taliban Terrorism in Afghanistan

We use cookies to give you the best possible experience. Learn more