താലിബാന്റെ അഫ്ഗാന്‍ അധിനിവേശ പശ്ചാത്തലത്തില്‍ അമേരിക്കക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അമേരിക്കയെ ശക്തമായി വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തിയത്.
അമേരിക്കന്‍ ഇടപെടലുകള്‍ നടന്നിട്ടുള്ള ഇറാഖ്, സിറിയ, ലിബിയ എന്നീ രാജ്യങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു വിമര്‍ശനം.
ഭീകരതയെ അവശേഷിപ്പിച്ചാണ് അമേരിക്ക അഫ്ഗാനില്‍ നിന്നും മടങ്ങുന്നതെന്നും ഇത് ലോകമാകെയുള്ള തീവ്രവലതുപക്ഷ സംഘങ്ങളെ ലോകത്തിന് ഭീഷണിയാക്കി വളര്‍ത്തുമെന്നും ഐസക് തന്റെ പോസ്റ്റില്‍ പറഞ്ഞു.
”ഭീകരതയുടെ ടൈം ബോംബാണ് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ അവശേഷിപ്പിക്കുന്നത്. എല്ലാ മതങ്ങളിലെയും തീവ്രവലതുപക്ഷം ലോകത്തിനാകെ വെല്ലുവിളിയാകുംവിധം ശക്തിപ്പെടും എന്നതാണ് ഈ ബോംബുസ്ഫോടനത്തിന്റെ ആത്യന്തികമായ ഫലശ്രുതി.”
ഇന്ത്യയില്‍ ബി.ജെ.പിയുടെ വളര്‍ച്ചയെക്കൂടി സൂചിപ്പിച്ചു കൊണ്ടാണ് ഐസക് തന്റെ വാദം വിശദീകരിച്ചത്. യുപിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താലിബാന്‍ വിജയം ബി.ജെ.പിക്ക് ഗുണം ചെയ്യുന്നതായി വായിച്ചതായും പോസ്റ്റില്‍ പറയുന്നുണ്ട്. ”ജനാധിപത്യത്തിന്റെ തുറസുകളില്‍ ഗന്ധകപ്പുക നിറയ്ക്കാന്‍ എല്ലാ മതതീവ്രവാദങ്ങള്‍ക്കുമുള്ള ലൈസന്‍സാവുകയാണ് താലിബാന്‍” അദ്ദേഹം പറഞ്ഞു.
സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ നിലനിന്നിരുന്ന രാജ്യങ്ങളില്‍ അവയുടെ സ്വാധീനത്തെ തകര്‍ക്കുന്നതിനാണ് അമേരിക്ക വഹാബി ഇസ്ലാം, മുസ്ലിം ബ്രദര്‍ഹുഡ് പോലുള്ള സംഘടനകളെ പ്രോല്‍സാപ്പിച്ചതെന്നും അഫ്ഗാനിലെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കുവാനാണ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ അഫ്ഗാന്‍ മതഭീകരര്‍ക്ക് സഹായമെത്തിക്കുന്നതിന് ഓപ്പറേഷന്‍ സൈക്ലോണ്‍ എന്ന പദ്ധതി ആരംഭിച്ചതെന്നും പോസ്റ്റില്‍ പറയുന്നു.