തിരുവനന്തപുരം: കിഫ്ബി മസാലബോണ്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേസെടുത്തതില്‍ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്. ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ നേരിടുമെന്നും കിഫ്ബിയെ ഇ.ഡി ഒരു ചുക്കും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നേരത്തെ കിഫ്ബി സി.ഇ.ഒ. കെ.എം. എബ്രഹാം, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ വിക്രംജിത്ത് സിങ്, കിഫ്ബിയുടെ പ്രധാന ബാങ്കായ ആക്സിസ് ബാങ്കിന്റെ മുംബൈ മേധാവി എന്നിവരെ അടുത്തയാഴ്ച ചോദ്യംചെയ്യാന്‍ കൊച്ചിയിലേക്ക് വിളിപ്പിച്ചിരുന്നു.
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) പ്രവര്‍ത്തനങ്ങള്‍ നിയമാനുസൃതമല്ലെന്നും വ്യാപകമായ ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടെന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. കിഫ്ബിയുടെ കടമെടുപ്പ് പ്രധാനമായും മസാലബോണ്ടിലൂടെയാണ്.
ഇന്ത്യന്‍ രൂപയില്‍ വിദേശത്തുനിന്ന് കടമെടുക്കുന്ന മസാലബോണ്ട് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെയാണ് വേണ്ടിയിരുന്നത്. വിദേശകടമെടുപ്പിന്റെ അധികാരം കേന്ദ്രസര്‍ക്കാരിനാണ്. ഇതായിരുന്നു സി.എ.ജി. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്.
കിഫ്ബി മസാലബോണ്ടിറക്കിയത് റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണെന്നാണ് സംസ്ഥാന ധനവകുപ്പ് പറഞ്ഞിരുന്നത്. എന്നാല്‍, കിഫ്ബിക്ക് ഇതിന് അധികാരമില്ലെന്നായിരുന്നു സി.എ.ജി. കണ്ടെത്തല്‍. ഇതു ശരിവെക്കുന്നതാണ് ഇ.ഡി.യുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.
റിസര്‍വ് ബാങ്ക് ചട്ടപ്രകാരം ബോണ്ടിനുള്ള അപേക്ഷകള്‍ അംഗീകൃത വിതരണക്കാരനായ ബാങ്ക് മുഖാന്തരം ആര്‍.ബി.ഐ.ക്ക് അയക്കണം. ഇതിനായി കിഫ്ബി തിരഞ്ഞെടുത്തത് ആക്സിസ് ബാങ്കിനെയായിരുന്നു. ഈ ബാങ്ക് മുഖാന്തരമാണ് മസാലബോണ്ടിറക്കാന്‍ അപേക്ഷ നല്‍കിയതെന്നാണ് ധനവകുപ്പിന്റെ വാദം.
എന്നാല്‍, ആക്സിസ് ബാങ്കിന്റെ ഇടപെടലുകളും സംശയാസ്പദമാണെന്നാണ് ഇ.ഡി. കണ്ടെത്തിയത്. ഇതാണ് ബാങ്ക് അധികൃതരെയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക