| Sunday, 16th May 2021, 11:07 am

71 ദിവസത്തിനിടയില്‍ രേഖപ്പെടുത്തിയത് 1.23 ലക്ഷം മരണങ്ങള്‍; ഗുജറാത്തിലെ കൊവിഡ് മരണങ്ങള്‍ മറച്ചുവെക്കുന്നെന്ന് തോമസ് ഐസക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഗുജറാത്തിലെ കൊവിഡ് വ്യാപനത്തിന്റെ തീവ്രത മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയെന്ന് തോമസ് ഐസക്. ഗ്രാമീണ മേഖലയില്‍ കൊവിഡ് വ്യാപിക്കുന്നു എന്ന് മോദിക്ക് സമ്മതിക്കേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.

‘മാര്‍ച്ച് 1 മുതല്‍ മെയ് 10 വരെയുള്ള 71 ദിവസത്തിനിടയില്‍ ഗുജറാത്തില്‍ 1.23 ലക്ഷം മരണ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. തലേവര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായതിനേക്കാള്‍ 58,000 മരണം കൂടുതലാണ് ഉണ്ടായത്,’ ദിവ്യ ഭാസ്‌കര്‍ എന്ന ദിനപത്രത്തെ ഉദ്ധരിച്ച് തോമസ് ഐസക് ഫേസ്ബുക്കിലെഴുതി.

ഗുജറാത്തിലെ ഔദ്യോഗിക കൊവിഡ് മരണം 4218 മാത്രമാണെന്നിരിക്കെ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടുന്നില്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പ്രധാനമന്ത്രി മൗനം വെടിഞ്ഞു. ഗ്രാമീണ മേഖലയില്‍ കോവിഡ് കൂടുതല്‍ രൂക്ഷമാവുകയാണെന്ന് അദ്ദേഹം സമ്മതിച്ചു. കിസാന്‍ സമ്മാന്‍ 2000 രൂപ വീതം കൃഷിക്കാര്‍ക്കു നല്‍കുന്നതു പകര്‍ച്ചവ്യാധിക്കു പ്രതിവിധിയൊന്നും ആകുന്നില്ലായെന്നത് മറ്റൊരു കാര്യം.

പക്ഷെ പ്രധാനമന്ത്രിയും ബിജെപി സംസ്ഥാനങ്ങളും സമ്മതിക്കാന്‍ തയ്യാറാകുന്നതിനും അപ്പുറത്താണ് കാര്യങ്ങളുടെ കിടപ്പ്. ഗുജറാത്തിലെ സ്ഥിതിവിശേഷം അവിടുത്തെ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിട്ടുണ്ട്. ‘ദിവ്യ ഭാസ്‌ക്കര്‍’ എന്ന പത്രമാണ് ഇതിനു തുടക്കം കുറിച്ചത്. മാര്‍ച്ച് 1 മുതല്‍ മെയ് 10 വരെയുള്ള 71 ദിവസത്തിനിടയില്‍ ഗുജറാത്തില്‍ 1.23 ലക്ഷം മരണ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. തലേവര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായതിനേക്കാള്‍ 58,000 മരണം കൂടുതലാണ് ഉണ്ടായത്.

അതേസമയം ഔദ്യോഗിക കോവിഡ് മരണം 4,218 മാത്രമാണ്. യഥാര്‍ത്ഥ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ 10 മടങ്ങിലേറെ വരുമെന്നു നിസംശയം പറയാം. കണക്കുകളില്‍ വലിയ കള്ളക്കളിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

മരണത്തിന്റെ മുഖ്യകാരണം എന്താണെന്നതിന്റെ അടിസ്ഥാനത്തിലാണ് കോവിഡ് മരണമാണോ അല്ലയോയെന്നു നിശ്ചയിക്കുന്നത് എന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ രൂപാണി പറയുന്നത്. ഉദാഹരണത്തിനു കോവിഡ് പോസിറ്റീവായ ഒരാള്‍ ഹൃദയസ്തംഭനംമൂലം മരിച്ചാല്‍ ആ മരണം ഹൃദയസ്തംഭനത്തിന്റെ അക്കൗണ്ടിലാണ് രേഖപ്പെടുത്തുന്നത്.

ഐസിഎംആര്‍ ഇത് അംഗീകരിച്ചിട്ടുണ്ടെന്നാണു മുഖ്യമന്ത്രിയുടെ വാദം. ഇതു ശുദ്ധ നുണയാണ്. ഐസിഎംആറിന്റെ മാനദണ്ഡങ്ങള്‍ക്കു കടകവിരുദ്ധമാണ് ഈ രീതി.
ആരെയാണ് മോദിയും കൂട്ടരും കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്? രോഗത്തിന്റെ തീവ്രത എത്ര മറച്ചുവയ്ക്കുന്നവോ അത്രയും വ്യാപനം മൂര്‍ച്ഛിക്കും.

കാര്യങ്ങള്‍ തുറന്നുപറഞ്ഞു രോഗികളെ ക്വാറന്റൈന്‍ ചെയ്യിക്കുകയും ചികിത്സ നല്‍കുകയുമാണു വേണ്ടത്. അതുപോലെ കോവിഡ് മാനദണ്ഡങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവല്‍ക്കരിക്കുകയും എത്രയും പെട്ടെന്നു വാക്‌സിനേഷന്‍ നല്‍കുകയും വേണം. ഇതിനൊന്നും ആവശ്യമായ പണം ചെലവഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല.

ഇതിനിടയില്‍ ഗംഗാ നദിയിലൂടെ ഒഴുക്കിവിടുന്ന കോവിഡ് മൃതദേഹങ്ങളുടെ എണ്ണം വിചാരിച്ചതിനേക്കാളും അപ്പുറത്താണെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ‘ഏഷ്യന്‍ ഏജ്’ എന്ന പത്രം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രഹസ്യ റിപ്പോര്‍ട്ട് പുറത്തുവിട്ടു. എന്റെ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞപോലെ 100 ഒന്നുമല്ല 2000 മൃതദേഹങ്ങളാണ് നദിയില്‍ നിന്നും എടുത്തു മാറ്റിയത്. ഇതു മുഖ്യമായും കാണ്‍പൂര്‍, ഗാസിപ്പൂര്‍, ഉന്നാവോ, ബാലിയ ജില്ലകളിലാണ്.

അതിനിടയില്‍ മറ്റൊരു വാര്‍ത്തകൂടി പുറത്തുവന്നിട്ടുണ്ട്. ഗ്രാമീണര്‍ മൃതദേഹങ്ങള്‍ ഗംഗാതീരത്തു ദഹിപ്പിക്കുന്നതിനു പകരം അവിടെ കുഴിച്ചിടുകയാണ്. നായകള്‍ മൃതദേഹങ്ങള്‍ കടിച്ചു പുറത്തെടുക്കുന്നു. ഏറ്റവും പ്രിയപ്പെട്ടവരാണെങ്കിലും ചിതയൊരുക്കുന്നതിനു വിറകു വാങ്ങാന്‍ പണമില്ല. അത്ര കൊടിയ ദാരിദ്ര്യത്തിലേയ്ക്കു ഗ്രാമങ്ങള്‍ വീണിരിക്കുകയാണ്.

മോദി നല്‍കുന്ന 2000 രൂപയുടെ കിസാന്‍ സമ്മാന്‍ കൊണ്ടു പരിഹാരത്തിന്റെ അരികില്‍ എത്തുന്നില്ല. ഒന്നരലക്ഷം കോടി രൂപ കോര്‍പ്പറേറ്റുകള്‍ക്കു നികുതി ഇളവു നല്‍കുന്നതിനു മോദിക്കു രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ലല്ലോ. പക്ഷെ പാവങ്ങളോട് എന്തൊരു പിശുക്ക്?

എന്താണ് ഈ രാജ്യത്ത് നടക്കുന്നത്? മോദിയുടെയും കൂട്ടരുടെയും രാജി ആവശ്യപ്പെടേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു. കോവിഡ് ബിജെപി ഭരണത്തെയുംകൊണ്ടേ പോവുകയുള്ളൂവെന്നു തോന്നുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Thomas Isaac Gujrath Covid Death

We use cookies to give you the best possible experience. Learn more