| Tuesday, 10th July 2018, 1:17 pm

അംബാനി മോഹിച്ചാല്‍ അമ്പിളിയമ്മാവനെ സര്‍ക്കാര്‍ ചെലവില്‍ വീട്ടിലെത്തിക്കും കേന്ദ്രഭരണാധികാരികള്‍; ശ്രേഷ്ഠ പദവി വിവാദത്തില്‍ രൂക്ഷവിമര്‍ശനവുമായി തോമസ് ഐസക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിലവില്‍ വരുന്നതിനു മുന്‍പേ അംബാനിയുടെ സ്ഥാപനത്തിന് ശ്രേഷ്ഠപദവി നല്‍കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സംസ്ഥാനധനമന്ത്രി തോമസ് ഐസക്. ഈ നടപടിയിലൂടം സ്വപ്നത്തില്‍ തന്നെ വേട്ടയാടാനെത്തുന്ന സിംഹത്തില്‍ നിന്നു രക്ഷപെടാന്‍ മൃഗശാലയിലേയ്ക്കു പാഞ്ഞെത്തി കൂട്ടില്‍കിടന്ന സിംഹങ്ങളെ വെടിവെച്ചു കൊന്ന ഈജിപ്തിലെ ഫാറൂക്ക് രാജാവിനെയാണ് മോദി ഓര്‍മ്മിപ്പിക്കുന്നതെന്ന് തോമസ് ഐസക് പറഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം കേന്ദ്രസര്‍ക്കാര്‍ ശ്രേഷ്ഠപദവി നല്‍കിയിരിക്കുന്ന ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഇതുവരെ തറക്കല്ലുപോലുമിട്ടിട്ടില്ല പക്ഷേ, അത്തരം സ്ഥാപനങ്ങള്‍ക്കു നീക്കിവെച്ചിരിക്കുന്ന 1000 കോടിയില്‍ നിന്നു കനപ്പെട്ട ഒരു വിഹിതം കേന്ദ്രസര്‍ക്കാരില്‍ നിന്നു കിട്ടും. കാരണം സ്ഥാപനത്തിന്റെ ഉടമസ്ഥന്‍ അംബാനിയാണ്. അദ്ദേഹം മോഹിച്ചാല്‍ അമ്പിളിയമ്മാവനെ സര്‍ക്കാര്‍ ചെലവില്‍ ആള്‍ട്ട്മൌണ്ട് റോഡിലെ വീട്ടിലെത്തിക്കാന്‍ ബാധ്യസ്ഥരാണ് കേന്ദ്രഭരണാധികാരികള്‍. തോമസ് ഐസക് പറയുന്നു.


Also Read ‘എവിടെയാണ് ഈ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്ളത് എന്നെങ്കിലും പറയൂ’: കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ആഞ്ഞടിച്ച് സമൂഹമാധ്യമങ്ങള്‍


മുംബെയിലെയും ദില്ലിയിലെയും ഐഐടി, ബങ്കളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, രാജസ്ഥാനിലെ ബിര്‍ള ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്നോളജി, മണിപ്പാല്‍ അക്കാദമി ഫോര്‍ ഹയര്‍ എജ്യൂക്കേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളാണ് പട്ടികയിലെ മറ്റുപേരുകാര്‍. എല്ലാം അരനൂറ്റാണ്ടിനു മേല്‍ പ്രവര്‍ത്തനപാരമ്പര്യമുള്ളവര്‍. ജെഎന്‍യു അടക്കമുള്ള അപേക്ഷകരെ നിരസിച്ചാണ്, അംബാനിയുടെ സ്ഥാപനത്തേ ശ്രേഷ്ഠസിംഹാസനത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. അദ്ദേഹം ചൂണ്ടികാണിക്കുന്നു.

ലോകത്ത് ഇന്നുവരെ ഒരു ഭരണാധികാരിയും സഞ്ചരിച്ചിട്ടില്ലാത്ത ഭ്രമണപഥത്തിലൂടെയാണ് നരേന്ദ്രമോദിയുടെ പ്രയാണമെന്നും കടലാസ് സ്ഥാപനത്തെ ആഗോളനിലവാരവും നൂറ്റാണ്ടിനുമേല്‍ പ്രവര്‍ത്തന പാരമ്പര്യവുമുള്ള സ്ഥാപനങ്ങളോടു താരതമ്യപ്പെടുത്തി ശ്രേഷ്ഠപദവിയും ഖജനാവില്‍ നിന്ന് വന്‍ തുകയും നല്‍കി തുഗ്ലക്കിനെപ്പോലുള്ളവരെ ചരിത്രത്തില്‍ നിന്ന് എന്നെന്നേയ്ക്കുമായി അപ്രസക്തനാക്കുകയാണെന്നും തോമസ് ഐസ്‌ക് പറയുന്നു. നരേന്ദ്രമോദിയ്ക്കു കിട്ടുന്ന ഈ വിശിഷ്ടപദവി”, പക്ഷേ, ഇന്ത്യയെ സംബന്ധിച്ച് എക്കാലത്തേയ്ക്കുമുള്ള നാണക്കേടായിരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

ഭൂമിയില്‍ ഇനിയും അവതരിച്ചിട്ടില്ലാത്ത വിദ്യാഭ്യാസ സ്ഥാപനത്തിന് ശ്രേഷ്ഠപദവി നല്‍കാന്‍ തീരുമാനിച്ച നരേന്ദ്രമോദിയോടുപമിക്കാന്‍ ചരിത്രത്തില്‍ ഒരു ഭരണാധികാരിയേ ഉള്ളൂ. സ്വപ്നത്തില്‍ തന്നെ വേട്ടയാടാനെത്തുന്ന സിംഹത്തില്‍ നിന്നു രക്ഷപെടാന്‍ മൃഗശാലയിലേയ്ക്കു പാഞ്ഞെത്തി കൂട്ടില്‍കിടന്ന സിംഹങ്ങളെ വെടിവെച്ചു കൊന്ന ഈജിപ്തിലെ ഫാറൂക്ക് രാജാവിനോട്.

കേന്ദ്രസര്‍ക്കാര്‍ ശ്രേഷ്ഠപദവി നല്‍കിയിരിക്കുന്ന ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഇതുവരെ തറക്കല്ലുപോലുമിട്ടിട്ടില്ല. പക്ഷേ, അത്തരം സ്ഥാപനങ്ങള്‍ക്കു നീക്കിവെച്ചിരിക്കുന്ന 1000 കോടിയില്‍ നിന്നു കനപ്പെട്ട ഒരു വിഹിതം കേന്ദ്രസര്‍ക്കാരില്‍ നിന്നു കിട്ടും. കാരണം സ്ഥാപനത്തിന്റെ ഉടമസ്ഥന്‍ അംബാനിയാണ്. അദ്ദേഹം മോഹിച്ചാല്‍ അമ്പിളിയമ്മാവനെ സര്‍ക്കാര്‍ ചെലവില്‍ ആള്‍ട്ട്മൌണ്ട് റോഡിലെ വീട്ടിലെത്തിക്കാന്‍ ബാധ്യസ്ഥരാണ് കേന്ദ്രഭരണാധികാരികള്‍.


Also Read ആള്‍ക്കൂട്ട മര്‍ദനം: മധുവിന്റെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പൂര്‍ത്തിയായി


ശ്രേഷ്ഠപദവിയ്ക്കു പരിഗണിക്കാന്‍ തയ്യാറാക്കിയ മാനദണ്ഡങ്ങളെല്ലാം കേമമായിരുന്നു. വ്യത്യസ്ത പഠനമേഖലകളെ സംയോജിപ്പിച്ച പഠനശാഖ വേണം, സൂര്യോദയ സാങ്കേതികവിദ്യകളിന്മേല്‍ ഗവേഷണം നടക്കണം, സ്വദേശികളും വിദേശികളുമായ അധ്യാപകരും കുട്ടികളും വേണം, ലോകോത്തരസ്ഥാപനങ്ങളോടു കിടപിടിക്കുന്ന ഭൗതികസൌകര്യങ്ങളുണ്ടാകണം എന്നിങ്ങനെപോയി അവ.

മുംബെയിലെയും ദില്ലിയിലെയും ഐഐടി, ബങ്കളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, രാജസ്ഥാനിലെ ബിര്‍ള ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്നോളജി, മണിപ്പാല്‍ അക്കാദമി ഫോര്‍ ഹയര്‍ എജ്യൂക്കേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളാണ് പട്ടികയിലെ മറ്റുപേരുകാര്‍. എല്ലാം അരനൂറ്റാണ്ടിനു മേല്‍ പ്രവര്‍ത്തനപാരമ്പര്യമുള്ളവര്‍. ജെഎന്‍യു അടക്കമുള്ള അപേക്ഷകരെ നിരസിച്ചാണ്, അംബാനിയുടെ സ്ഥാപനത്തേ ശ്രേഷ്ഠസിംഹാസനത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.


ഈ പദവി നല്‍കി ഏറ്റവും മികച്ച ഇരുപതു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ആദ്യം ആലോചിച്ചത്. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായിരുന്ന എന്‍ ഗോപാലസ്വാമിയുടെ നേതൃത്വത്തിലുള്ള നാലംഗ സമിതിയ്ക്ക് പക്ഷേ, ഇന്ത്യയില്‍ നിന്ന് ഇരുപതു മുന്‍നിര സ്ഥാപനങ്ങളെ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞില്ല. ലൊടുക്കു ന്യായങ്ങള്‍ നിരത്തി അവര്‍ ഇരുപതില്‍ നിന്ന് ആറായി എണ്ണം വെട്ടിക്കുറച്ചു. പക്ഷേ, ഇനിയും പ്രവര്‍ത്തനം ആരംഭിച്ചിട്ടുപോലുമില്ലാത്ത ഒരു സ്ഥാപനത്തെ ലോകോത്തര സ്ഥാപനങ്ങളുമായി താരതമ്യം ചെയ്ത് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കമ്മിറ്റിയ്ക്ക് യാതൊരു വൈമനസ്യമുണ്ടായതുമില്ല.

ലോകത്ത് ഇന്നുവരെ ഒരു ഭരണാധികാരിയും സഞ്ചരിച്ചിട്ടില്ലാത്ത ഭ്രമണപഥത്തിലൂടെയാണ് നരേന്ദ്രമോദിയുടെ പ്രയാണം. കടലാസ് സ്ഥാപനത്തെ ആഗോളനിലവാരവും നൂറ്റാണ്ടിനുമേല്‍ പ്രവര്‍ത്തന പാരമ്പര്യവുമുള്ള സ്ഥാപനങ്ങളോടു താരതമ്യപ്പെടുത്തി ശ്രേഷ്ഠപദവിയും ഖജനാവില്‍ നിന്ന് വന്‍ തുകയും നല്‍കി തുഗ്ലക്കിനെപ്പോലുള്ളവരെ ചരിത്രത്തില്‍ നിന്ന് എന്നെന്നേയ്ക്കുമായി അപ്രസക്തനാക്കുകയാണ് അദ്ദേഹം. പക്ഷേ, അതുവഴി നരേന്ദ്രമോദിയ്ക്കു കിട്ടുന്ന “വിശിഷ്ടപദവി”, പക്ഷേ, ഇന്ത്യയെ സംബന്ധിച്ച് എക്കാലത്തേയ്ക്കുമുള്ള നാണക്കേടായിരിക്കും.

We use cookies to give you the best possible experience. Learn more