തിരുവനന്തപുരം: വയനാട് ലോക്‌സഭാ സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയെ ദേശാഭിമാനി പത്രത്തിന്റെ എഡിറ്റോറിയല്‍ പപ്പുവെന്ന് പരാമര്‍ശിച്ചത് കൈപ്പിഴയാണെന്ന് മന്ത്രി തോമസ് ഐസക്.
പപ്പുവെന്ന് വിളിക്കുന്നത് സി.പി.ഐ.എം നിലപാടല്ലെന്നും രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കുന്നത് എല്‍.ഡി.എഫിനെ ബാധിക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു. രാഹുലിന്റെ വരവോടെ യു.ഡി.എഫ്-ബി.ജെ.പി വോട്ടുകച്ചവടം പ്രയാസകരമാകുമെന്നും തോമസ് ഐസക് പറഞ്ഞു.
എന്നാല്‍ പപ്പു വിളിയില്‍ നിന്ന് പുറത്തു വന്ന രാഹുല്‍ ഗാന്ധി തിരികെ പപ്പുവാകാതിരിക്കാനാണ് ദേശാഭിമാനിയുടെ മുഖപ്രസംഗമെന്ന് സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം ബിനോയ് വിശ്വം പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ ഒരു തരത്തിലുമുള ആശങ്കയില്ല. പത്രത്തിലെ എഡിറ്റോറിയല്‍ രാഹുല്‍ ഗാന്ധിക്കുള്ള പാഠമാണ്. ആഗോള കുത്തകകളുടെ തീരുമാനപ്രകാരമാണ് രാഹുല്‍ വയനാട്ടില്‍ മലസരിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
അതേസമയം, ദേശാഭിമാനി എഡിറ്റോറിയല്‍ തലക്കെട്ടില്‍ പപ്പുമോന്‍ എന്ന പ്രയോഗം വന്നത് അനുചിതമാണെന്നും ജാഗ്രതക്കുറവ് കൊണ്ട് ഉണ്ടായ പിശകാണെന്നും ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പി.എം മനോജ് പറഞ്ഞിരുന്നു.
രാഹുല്‍ഗാന്ധിയെ എന്നല്ല രാഷ്ട്രീയനേതാക്കളെ ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതും അധിക്ഷേപിക്കുന്നതും തങ്ങളുടെ രാഷ്ട്രീയമല്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ എത്തുന്ന രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ദേശാഭിമാനിയുടെ മുഖപ്രസംഗം. “കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സ്ട്രൈക്ക്” എന്ന തലക്കെട്ടിലായിരുന്നു മുഖപ്രസംഗം എഴുതിയത്.
ഗാന്ധി കുടുംബത്തിന് ഒപ്പം നിന്ന അമേഠിയില്‍ പരാജയഭീതി കൊണ്ടാണ് ഇക്കുറി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നതെന്നും മത്സരിച്ച് ജയിക്കാന്‍ രാഹുലിനും കോണ്‍ഗ്രസിനും സുരക്ഷിതമായ ഒരു മണ്ഡലം പോലും ഉത്തരേന്ത്യയില്‍ ഇല്ലെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞിരുന്നു.
രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുകയാണെന്നും ഗതികേടിന്റെ ഭാഗമായാണ് രാഹുല്‍ വയനാട്ടിലെത്തുന്നതെന്നുമായിരുന്നു മുഖപ്രസംഗം വിമര്‍ശിച്ചത്. വയനാട്ടില്‍ മത്സരിക്കാനുള്ള രാഹുലിന്റേയും കോണ്‍ഗ്രസിന്റേയും തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് മുഖപ്രസംഗം ഉന്നയിച്ചത്.