| Tuesday, 28th November 2023, 11:23 pm

കൂടുതല്‍ പണം മുടക്കുന്ന കേരളത്തിന് തന്നെയാണ് പദ്ധതികള്‍ക്ക് പേരിടാന്‍ അവകാശം; കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെ തോമസ് ഐസക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കി മാറ്റിയില്ലെങ്കില്‍ കേന്ദ്രസഹായം നിഷേധിക്കുമെന്ന് അറിയിച്ച കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്.

ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് ഇംഗ്ലീഷിലും ഹിന്ദിയിലും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പേര് പ്രദര്‍ശിപ്പിക്കണമെന്നാണ് നിര്‍ദേശമെന്നും ഇതിനുവേണ്ടി 3000 രൂപ വീതം കേന്ദ്രം അനുവദിച്ചിരിക്കുകയാണെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

ആരോഗ്യ മേഖലയില്‍ അഞ്ചുലക്ഷം രൂപ മാത്രം മുടക്കുകയും പേര് എഴുതാന്‍ 3000 വീതം നല്‍കാനും തീരുമാനിച്ച് കേരളത്തിലെ ആശുപത്രികളെ ചാപ്പകുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇറങ്ങിയിരിക്കുകയാണ് തോമസ് ഐസക് കുറ്റപ്പെടുത്തി. ഒരുകോടി രൂപയോളം മുടക്കുന്ന കേരള സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തില്‍ നിലവിലുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് കേരളം ഒരുവര്‍ഷം ചെലവാക്കുന്നത് 1200 കോടി രൂപയാണെന്നും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത് വെറും 130 കോടി രൂപ മാത്രമാണെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. കേന്ദ്രസഹായമുള്ള ഗുണഭോക്താക്കളുടെ എണ്ണം 22 ലക്ഷം മാത്രമാണെന്നും അവര്‍ക്ക് ശരാശരി 600 രൂപ വീതമാണ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്രയും പദ്ധതികള്‍ കേരളം സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടും പേര് കേന്ദ്ര സര്‍ക്കാരിന് വേണമെന്നാണ് പറയുന്നതെന്ന് തോമസ് ഐസക് കുറിച്ചു.

ലൈഫ് ഭവന പദ്ധതി സ്‌കീമില്‍ വീട് ഒന്നിന് 4 ലക്ഷം രൂപയും, ഫ്‌ലാറ്റിന് 10, 20 ലക്ഷം രൂപയുമാണ് കേരള സര്‍ക്കാര്‍ നല്‍കുന്നതെന്ന് തോമസ് ഐസക് പറഞ്ഞു. അതേസമയം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 75000 രൂപ വീതം നല്‍കുന്നുണ്ടെന്നും മൊത്തം ഭവന പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം 10 ശതമാനത്തില്‍ താഴെയാണെന്നും വീടിന്റെ മുകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ പി.എം.എ.വൈ മുദ്ര പതിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിന്റേതായി ബ്രാന്‍ഡ് ചെയ്യാന്‍ അനുവദിക്കില്ലെന്നും കേന്ദ്രം തരുന്ന ഫണ്ട് ഉപയോഗിക്കുന്ന സ്‌കീമുകള്‍ക്ക് കേന്ദ്രം പ്രഖ്യാപിച്ച പേരുകള്‍തന്നെ നല്‍കണമെന്നും കേരള സന്ദര്‍ശന പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞതായി തോമസ് ഐസക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

ഈ പദ്ധതികളൊന്നും കേന്ദ്രത്തിന്റെ മാത്രമല്ലെന്നും കേന്ദ്ര-സംസ്ഥാന പദ്ധതികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതല്‍ പണം മുടക്കുന്നത് സംസ്ഥാനം തന്നെയാണെന്നും ആയതിനാല്‍ പേരിടാന്‍ കേരള സര്‍ക്കാരിനാണ് അവകാശമെന്നും, കേന്ദ്ര സര്‍ക്കാരിന്റെ ഈ അനീതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പേര് ഇനിമേൽ ആയുഷ്മാൻ ആരോഗ്യമന്ദിർ എന്നാക്കി മാറ്റിയില്ലെങ്കിൽ കേന്ദ്രസഹായം നിഷേധിക്കുമെന്ന് കേരള സർക്കാരിനെ അറിയിച്ചിരിക്കുകയാണ്. എത്രയോ നാളായി കേരളത്തിലെ ആരോഗ്യമേഖലയിൽ അറിയപ്പെടുന്ന പേരുകളാണ് പ്രാഥമികാരോഗ്യ കേന്ദ്രം, സാമൂഹ്യാരോഗ്യ കേന്ദ്രം, താലൂക്ക് ആശൂപത്രി, ജില്ലാ ആശുപത്രി തുടങ്ങിയവ. സമീപകാലത്ത് ആർദ്രംമിഷന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി.

ഇതോടെ ഇവിടെ കൂടുതൽ ഡോക്ടർമാരെയും നേഴ്സുമാരെയും നിയോഗിച്ച് കാലത്തും വൈകിട്ടും ഒപിയാക്കി. ഫാർമസി അടക്കമുള്ള കെട്ടിടസൗകര്യങ്ങൾ വിപുലീകരിച്ചു. ലാബ് സൗകര്യങ്ങൾ ഏർപ്പെടുത്തി. മരുന്നുകൾ കൂടുതൽ ലഭ്യമാക്കി. ഇവയുടെ ചെലവിന്റെ 95% വഹിച്ചത് സംസ്ഥാന സർക്കാരാണ്. ഓരോനിന്നും ഒരുകോടി രൂപ വരെ ആസ്തിയുണ്ട്. ഈ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് ആയുഷ്മാൻ ഭാരത്തിൽ നിന്നും അഞ്ചുലക്ഷം രൂപ വീതം ഉപയോഗിച്ചു. ഈ വർഷം അവസാനിക്കുംമുമ്പ് ഇംഗ്ലീഷിലും ഹിന്ദിയിലും കേന്ദ്ര സർക്കാരിന്റെ പുതിയ പേര് പ്രദർശിപ്പിക്കണമെന്നാണു നിർദ്ദേശം. ഇതിനുവേണ്ടി 3000 രൂപ വീതം അനുവദിച്ചിരിക്കുകയാണ്.

ഇതുപോല അല്പത്തം കാണിക്കുന്ന കേന്ദ്രമന്ത്രിമാർക്കെതിരെ എന്താണു പറയേണ്ടത്? ഒരുകോടി രൂപയോളം മുടക്കുന്ന കേരള സർക്കാർ പുറത്ത്. അഞ്ചുലക്ഷം രൂപ മാത്രം മുടക്കുകയും പേര് എഴുതാൻ 3000 വീതം നൽകുകയും ചെയ്ത് കേരളത്തിലെ ആശുപത്രികളെ ചാപ്പകുത്താൻ കേന്ദ്ര സർക്കാർ ഇറങ്ങിയിരിക്കുകയാണ്. നല്ല മലയാളത്തിലുള്ള പേരുമാറ്റി ഹിന്ദിപ്പേര് ഇടുന്നതിനുള്ള നീക്കത്തെ കേരളം ചെറുക്കേണ്ടതുണ്ട്. കേന്ദ്ര സർക്കാരിന്റെ ഈ അഹങ്കാരം തമിഴ്നാട്ടിൽ നടക്കുമോ?

കേരളത്തിൽ നിലവിലുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിക്ക് കേരളം ഒരുവർഷം ചെലവാക്കുന്നത് 1200 കോടി രൂപയാണ്. കേന്ദ്ര സർക്കാർ നൽകുന്നത് വെറും 130 കോടി രൂപ മാത്രമാണ്. 10 ശതമാനം മാത്രം. കേന്ദ്രസഹായമുള്ള ഗുണഭോക്താക്കളുടെ എണ്ണം 22 ലക്ഷം മാത്രമാണ്. അവർക്ക് ശരാശരി 600 രൂപ വീതമാണ് നൽകുന്നത്. എന്നാൽ കേരള സർക്കാർ 42 ലക്ഷം ഗുണഭോക്താക്കൾക്ക് ഇൻഷ്വറൻസ് നൽകുന്നുണ്ട്. ശരാശരി ചെലവാക്കുന്നത് 2800 രൂപ വീതം. പക്ഷേ, പേര് കേന്ദ്രത്തിനുവേണം. ആയുഷ്മാൻ ഭാരത് കാരുണ്യ ഇൻഷ്വറൻസ് പദ്ധതി എന്ന പേര് പറ്റില്ല. പേരിൽ നിന്നും കാരുണ്യ നീക്കം ചെയ്തേ തീരൂ.

കൂട്ടത്തിൽ ഒന്നുകൂടി പറയട്ടെ. കേരളത്തിൽ നിലവിൽ സാർവ്വത്രിക ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയാണു നിൽവിലുള്ളത്. കാരുണ്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടാത്തവർക്ക് കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്പ് തുടങ്ങിയവയിൽ നിന്നും കവറേജുണ്ട്. 80 ലക്ഷം കുടുംബങ്ങൾക്ക് ഇൻഷ്വറൻസ് ഉള്ളപ്പോൾ, കേന്ദ്ര സർക്കാരിന്റെ നാമമാത്ര സഹായം ലഭിക്കുന്നത് 22 ലക്ഷം പേർക്കു മാത്രമാണ്.

ലൈഫ് ഭവന പദ്ധതി എന്ന പേര് പറ്റില്ലപോലും. ആ സ്കീമിൽ വീട് ഒന്നിനു കേരള സർക്കാർ നൽകുന്നത് 4 ലക്ഷം രൂപയും, ഫ്ലാറ്റിന് 10-20 ലക്ഷം രൂപയുമാണ്. ബിപിഎൽ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ 75000 രൂപ വീതം നൽകുന്നുണ്ട്. മൊത്തം ഭവന പദ്ധതിയിൽ കേന്ദ്ര സർക്കാരിന്റെ വിഹിതം 10 ശതമാനത്തിൽ താഴെയാണ്. പക്ഷേ, വീടിനു മുകളിൽ കേന്ദ്ര സർക്കാരിന്റെ പി.എം.എ.വൈ മുദ്ര പതിപ്പിച്ചേ തീരൂ.

ഇതുതന്നെയാണ് സാമൂഹ്യസുരക്ഷാ പെൻഷനുകളുടെ കാര്യത്തിലും. കേന്ദ്ര സഹായമുള്ള ഗുണഭോക്താക്കൾ 5.88 ലക്ഷം പേർ മാത്രമാണ്. കേരളം അംഗീകരിച്ച ഗുണഭോക്താക്കളുടെ എണ്ണം 64 ലക്ഷവും. കേരളം പ്രതിമാസം 1600 രൂപ നൽകുമ്പോൾ കേന്ദ്ര സർക്കാർ 200-300 രൂപ മാത്രമാണ്. കേരളം 10,000 കോടി ക്ഷേമ പെൻഷനുകൾക്ക് ചെലവഴിക്കുമ്പോൾ കേന്ദ്ര സഹായം വെറും 300 കോടി രൂപ മാത്രമാണ്. വെറും 3%.
കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമനാണ് ഈ തോന്ന്യാസത്തിന് നേതൃത്വം നൽകുന്നത്.

അവരുടെ തിരുവനന്തപുരം പ്രസംഗത്തിൽ വളരെ വാശിയോടെ പ്രഖ്യാപിച്ച കാര്യമാണിത്. കേന്ദ്ര പദ്ധതികൾ സംസ്ഥാന സർക്കാരിന്റേതായി ബ്രാൻഡ് ചെയ്യാൻ അനുവദിക്കില്ല. കേന്ദ്രം പ്രഖ്യാപിച്ച പേരുകൾതന്നെ കേന്ദ്രം തരുന്ന ഫണ്ട് ഉപയോഗിക്കുന്ന സ്കീമുകൾക്കു നൽകിയേപറ്റൂ. അതു ഗുണഭോക്താക്കൾക്കു നൽകുന്ന സർട്ടിഫിക്കറ്റിലും നിർമ്മിതികളിലും കൃത്യമായി പ്രദർശിപ്പിക്കുകയും വേണം. ഈ അനീതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നേ തീരൂ.

മേൽപ്പറഞ്ഞവയൊന്നും കേന്ദ്രത്തിന്റെ മാത്രം പദ്ധതികളല്ല. കേന്ദ്ര-സംസ്ഥാന പദ്ധതികളാണ്. പണം മുടക്കുന്നതു കൂടുതലും സംസ്ഥാനം തന്നെ. കൂടുതൽ പണം മുടക്കുന്നവർക്കാണ് പേരിടാൻ അവകാശം.

Content Highlight: Thomas Isaac against the central position to change the name of family health centers to Ayushman Arogya Mandir

We use cookies to give you the best possible experience. Learn more