| Thursday, 19th October 2023, 5:09 pm

'വ്യാജ കണ്ണികൾ കോർക്കുന്ന മനോരമ'; 'കോർത്ത കണ്ണികൾ' എന്ന മനോരമ ലേഖനത്തിനെതിരെ ഐസക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

‘വ്യാജ കണ്ണികൾ കോർക്കുന്ന മനോരമ’; ‘കോർത്ത കണ്ണികൾ’ എന്ന മനോരമ ലേഖനത്തിനെതിരെ ഐസക്

തിരുവനന്തപുരം: കേരളീയം പരിപാടിയിൽ റിച്ചാർഡ് ഫ്രാങ്കി പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് മലയാള മനോരമ കാഴ്ചപ്പാട് പേജിൽ നൽകിയ ലേഖനത്തിനെതിരെ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്.

ഇ.കെ. നായനാർ സർക്കാരിന്റെ കാലത്തെ ജനകീയാസൂത്രണം പദ്ധതിക്ക് അമേരിക്കൻ ചാരസംഘടന സി.ഐ.എയുമായി ബന്ധമുണ്ടെന്നും അതിലെ ഇടനിലക്കാരനായിരുന്നു റിച്ചാർഡ് ഫ്രാങ്കി എന്നും ആരോപണങ്ങൾ ഉണ്ടായിരുന്നു.

വി.എസ്. അച്യുതാനന്ദൻ റിച്ചാർഡ് ഫ്രാങ്കിക്ക് അനുകൂലമായിരുന്നില്ല എന്നും ഫ്രാങ്കി വിഷയത്തിൽ സി.പി.ഐ.എമ്മുമായി തർക്കിച്ച് പുകസ (പുരോഗമന കലസാഹിത്യ സംഘം) അധ്യക്ഷസ്ഥാനത്ത് നിന്ന് ഇറങ്ങിപ്പോയ എം.എൻ. വിജയനെ പാർട്ടി തൃശൂർ ജില്ലാ കമ്മിറ്റി ആദരിച്ചതുമൊക്കെയാണ് സുജിത് നായർ എഴുതിയ ലേഖനത്തിന്റെ പ്രമേയം.

25 വർഷം മുമ്പുള്ള ദുഷ്പ്രചരണങ്ങൾ വീണ്ടും അവലോകനം ചെയ്യുന്നതിന് ചെറിയ ഉളുപ്പൊന്നും പോരാ എന്ന് ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

‘ഈ ദുഷ്പ്രചാരണങ്ങളെല്ലാം 25 വർഷം കഴിഞ്ഞ് നിയോലിബറലിസത്തിന്റെ കുഴലൂത്തുകാർ വീണ്ടും അവലോകനം ചെയ്യുന്നതിനു ചെറിയ ഉളുപ്പു പോരാ. അന്നുയർന്ന എല്ലാ വിമർശനങ്ങൾക്കും വിശദമായ മറുപടി ഡിസി ബുക്സ് 2005-ൽ പ്രസിദ്ധീകരിച്ച “ജനകീയാസൂത്രണത്തിന്റെ രാഷ്ട്രീയം” എന്ന ഗ്രന്ഥത്തിലുണ്ട്. ഇത് മൂന്നുതവണ റീപ്രിന്റ് ചെയ്തിട്ടുമുണ്ട്. അതിൽ കൂടുതലൊന്നും എനിക്കു പറയാനില്ല,’ ഐസക് പറഞ്ഞു.

അതേസമയം, ഐസക്കിന്റെ മണ്ഡലമായിരുന്ന മാരാരിക്കുളത്ത് ഫ്രാങ്കി വഴിയെത്തിയ വിദേശ ഫണ്ടുമായി ബന്ധപ്പെട്ട് ലേഖനത്തിൽ എഴുതിയ കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് ഐസക് പറഞ്ഞു.

‘മാരാരിക്കുളം പദ്ധതിയിൽ വിദേശഫണ്ട് ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ സുകുമോൾ സെന്നിനെ പോളിറ്റ്ബ്യൂറോ നിയോഗിച്ചു എന്നതു മാത്രമാണ് പത്രവാർത്തയിലെ ശരി. ഇതാണ് ഞങ്ങളുടെ പാർട്ടി. എത്ര വലിയ ആളായാലും ആക്ഷേപം ഉണ്ടെങ്കിൽ പാർട്ടി അന്വേഷിക്കും. തെറ്റുണ്ടെങ്കിൽ നടപടിയെടുക്കും.

സുകുമോൾ സെന്നിന്റെ കണ്ടെത്തലായി സുജിത് നായർ പറഞ്ഞിരിക്കുന്ന മൂന്നും സുജിത്തിന്റെ വ്യാജവാർത്തയാണ്. അങ്ങനെയൊരു നിഗമനത്തിലും ഈ കമ്മീഷൻ എത്തിയിരുന്നില്ല. എത്തിയിരുന്നെങ്കിൽ സംശയമൊന്നും വേണ്ട അച്ചടക്ക നടപടി ഉണ്ടാകുമായിരുന്നു.

സുകുമോൾ സെൻ കമ്മീഷൻ കണ്ടെത്തിയത് ഇതാണ്, മാരാരിക്കുളം വികസന പദ്ധതി കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ അവിടുത്തെ പഞ്ചായത്തുകൾ നടപ്പാക്കുന്ന സ്പെഷ്യൽ എസ്.ജി.എസ്.വൈ പ്രൊജക്ടാണ്. ഇതിന്റെ ധനവിനിയോഗവും കണക്ക് സൂക്ഷിക്കലുമെല്ലാം തദ്ദേശഭരണ സ്ഥാപനങ്ങളാണു നടത്തുന്നത്. ഗ്രാമവികസന വകുപ്പിന്റെ മേൽനോട്ടത്തിലാണു പദ്ധതി. ഒരു വിദേശഫണ്ടും ഇല്ല,’ ഐസക് പറഞ്ഞു.

എം.എൽ.എ ആയപ്പോൾ താൻ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിൽ നിന്ന് രാജിവെച്ചെന്നും അതിലൂടെ പി.എഫും ഗ്രാറ്റുവിറ്റിയുമായി കിട്ടിയ പണമാണ് താൻ ജനകീയാസൂത്രണ പദ്ധതിക്ക് വേണ്ടി വിനിയോഗിച്ചതെന്നും ഐസക് പറഞ്ഞു.

എങ്ങനെ കേരളത്തിലെ മാധ്യമങ്ങളെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ഹാലിളക്കം സൃഷ്ടിക്കുന്നതിനു സി.ഐ.എ ഉപയോഗപ്പെടുത്തി എന്ന വിഷയം കൈകാര്യം ചെയ്യുന്ന, താനും ഫ്രാങ്കിയും ചേർന്നെഴുതിയ പുസ്തകം പ്രസിദ്ധീകരണത്തിന് ഒരുങ്ങുകയാണെന്നും ഐസക് പറഞ്ഞു.

വിദേശ ധനസഹായ പദ്ധതികളെക്കുറിച്ചുള്ള കോഴ്‌സിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ സൗകര്യത്തിനുവേണ്ടി പ്രമുഖ ഔദ്യോഗിക ധനസഹായ ഏജൻസികളുടെ ലിങ്ക് ഫ്രാങ്കി സൈറ്റിൽ കൊടുത്തിരുന്നു. ഇതിനെ യു.എസ് സഹായത്തിലേക്കുള്ള ലിങ്ക് എന്ന് എഴുതിയിട്ട് ബ്രാക്കറ്റിൽ ബന്ധമെന്നു വിശദീകരിച്ച പത്രമാണ് മനോരമയെന്നും ഐസക് വിമർശിച്ചു.

Content Highlight: Thomas Isaac against Malayala Manorama article on Richard franky

We use cookies to give you the best possible experience. Learn more