| Tuesday, 25th April 2023, 5:11 pm

സ്വര്‍ണ്ണം അയച്ചത് ആരാണ്? ആര്‍ക്കാണ് ? മോദിയുടെ വീഴ്ചയാണ് സ്വര്‍ണക്കള്ളക്കടത്തെന്ന് സമ്മതിക്കണം: തോമസ് ഐസക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ രാവും പകലും ചിലര്‍ സ്വര്‍ണക്കടത്ത് നടത്തുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി സി.പി.ഐ.എം നേതാവും മുന്‍ മന്ത്രിയുമായ തോമസ് ഐസക്. പ്രധാനമന്ത്രി ഇതിലേറെ തരം താഴാമോയെന്നും സ്വര്‍ണക്കള്ളക്കടത്തില്‍ സംഭവിച്ചത് മോദിയുടെ വീഴ്ചയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സ്വര്‍ണക്കള്ളക്കടത്ത് കേസ് നടന്നിട്ട് മൂന്ന് വര്‍ഷമായെന്നും ആരാണ്, ആര്‍ക്കാണ് സ്വര്‍ണം കൊടുത്തതെന്നും അന്വേഷിച്ചോയെന്നും അദ്ദേഹം ചോദിച്ചു.

‘പ്രധാനമന്ത്രി മോദി ഇതിലേറെ തറനിലയിലേക്ക് തരംതാഴാമോ? യുവജനങ്ങളോട് സംവദിക്കുന്നതിനായുള്ള സമ്മേളനം, രാഷ്ട്രീയ യോഗമല്ല. എന്നാല്‍ അവിടെ അദ്ദേഹം നടത്തിയ പ്രസ്താവന കേള്‍ക്കൂ: ”രാജ്യത്തിന്റെ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കഠിനപ്രയത്നം നടത്തുന്നു. ഇവിടെ ചിലര്‍ രാപ്പകല്‍ സ്വര്‍ണ്ണക്കടത്തിന്റെ തിരക്കിലാണ്. യുവജനങ്ങളില്‍ നിന്ന് ഇത് ഒളിക്കാനാവില്ല.”

സ്വര്‍ണ്ണ കള്ളക്കടത്തിനെ തടയേണ്ട കസ്റ്റംസും അവരെ വെട്ടിച്ച് സ്വര്‍ണ്ണം കടത്തിയാല്‍ പിടിക്കേണ്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സികളല്ലേ? നിങ്ങളുടെ വീഴ്ചയാണ് കള്ളക്കടത്ത് എന്നത് ആദ്യം മോദി സമ്മതിക്കുക. എന്നിട്ട് മറ്റുള്ളവരെ കുറ്റം പറയുക.

കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം മൂന്ന് ആകാറായില്ലേ. ആരാണ് സ്വര്‍ണ്ണം അയച്ചത്? ആര്‍ക്കാണ് സ്വര്‍ണ്ണം അയച്ചത്? ഇവ അന്വേഷിച്ചോ? ഇതിന് ഇടനിലക്കാരായി നിന്നവര്‍ ഇന്ന് ബി.ജെ.പിയുടെ ഏറ്റവും വേണ്ടപ്പെട്ടവരല്ലേ? അവരെ ഉപയോഗിച്ച് സര്‍ക്കാരിനെ താറടിക്കാനാണ് ശ്രമിക്കുന്നത്. ഇത് ഏറ്റുപറയാന്‍ ഒരു പ്രധാനമന്ത്രിയും,’ അദ്ദേഹം പറഞ്ഞു.

ഏറ്റവും കൂടുതല്‍ കള്ളക്കടത്ത് നടക്കുന്നത് ഗുജറാത്തിലും മഹാരാഷ്ട്രയിലുമാണെന്നും അദ്ദേഹം പറഞ്ഞു.

‘കേന്ദ്ര ധനമന്ത്രി പ്രകാശിപ്പിച്ച ‘2021-22-ലെ ഇന്ത്യയിലെ കള്ളക്കടത്ത്” എന്ന റിപ്പോര്‍ട്ടില്‍ പറയുന്നത് ഏതാണ്ട് 350 ടണ്‍ സ്വര്‍ണ്ണം ഇന്ത്യയില്‍ കള്ളക്കടത്തായി കൊണ്ടുവരുന്നൂവെന്നാണ്. അതില്‍ 37 ശതമാനവും ബര്‍മ്മ, നേപ്പാള്‍ വഴിയാണ്.

അവ ഗുജറാത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും സ്വര്‍ണ്ണ കച്ചവടക്കാരുടെ കൈകളില്‍ എത്തുന്നത് കേരളം വഴി അല്ലല്ലോ. ഏറ്റവും പ്രധാനപ്പെട്ട ഡെസ്റ്റിനേഷന്‍ ഗുജറാത്താണ്. ഇതു കഴിഞ്ഞാല്‍ പിന്നെ കള്ളക്കടത്ത് നടക്കുന്ന വിമാനത്താവളങ്ങളും തുറമുഖങ്ങളും മഹാരാഷ്ട്രയിലാണ്. അവയൊക്കെ കഴിഞ്ഞേ കേരളമുള്ളൂ. അത് തടയേണ്ടത് കേന്ദ്രത്തിന്റെ കടമയാണ്. അത് കേന്ദ്രം ചെയ്യണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീവ്രവാദത്തിനല്ലാതെ കൊണ്ടുവരുന്ന സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ മുഖ്യ ഇടപാടുകാര്‍ ബി.ജെ.പി നേതാക്കളാണെന്നും തോമസ് ഐസക്  പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രധാനമന്ത്രി മോദി ഇതിലേറെ തറനിലയിലേക്ക് തരംതാഴാമോ? യുവജനങ്ങളോട് സംവദിക്കുന്നതിനായുള്ള സമ്മേളനം. രാഷ്ട്രീയ യോഗമല്ല. എന്നാല്‍ അവിടെ അദ്ദേഹം നടത്തിയ പ്രസ്താവന കേള്‍ക്കൂ: ”രാജ്യത്തിന്റെ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കഠിനപ്രയത്‌നം നടത്തുന്നു. ഇവിടെ ചിലര്‍ രാപ്പകല്‍ സ്വര്‍ണ്ണക്കടത്തിന്റെ തിരക്കിലാണ്. യുവജനങ്ങളില്‍ നിന്ന് ഇത് ഒളിക്കാനാവില്ല.”

സ്വര്‍ണ്ണ കള്ളക്കടത്തിനെ തടയേണ്ട കസ്റ്റംസും അവരെ വെട്ടിച്ച് സ്വര്‍ണ്ണം കടത്തിയാല്‍ പിടിക്കേണ്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സികളല്ലേ? നിങ്ങളുടെ വീഴ്ചയാണ് കള്ളക്കടത്ത് എന്നത് ആദ്യം മോദി സമ്മതിക്കുക. എന്നിട്ട് മറ്റുള്ളവരെ കുറ്റം പറയുക.

കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം മൂന്ന് ആകാറായില്ലേ. ആരാണ് സ്വര്‍ണ്ണം അയച്ചത്? ആര്‍ക്കാണ് സ്വര്‍ണ്ണം അയച്ചത്? ഇവ അന്വേഷിച്ചോ? ഇതിന് ഇടനിലക്കാരായി നിന്നവര്‍ ഇന്ന് ബി.ജെ.പിയുടെ ഏറ്റവും വേണ്ടപ്പെട്ടവരല്ലേ? അവരെ ഉപയോഗിച്ച് സര്‍ക്കാരിനെ താറടിക്കാനാണ് ശ്രമിക്കുന്നത്. ഇത് ഏറ്റുപറയാന്‍ ഒരു പ്രധാനമന്ത്രിയും.

കേന്ദ്ര ധനമന്ത്രി പ്രകാശിപ്പിച്ച ‘2021-22-ലെ ഇന്ത്യയിലെ കള്ളക്കടത്ത്” എന്ന റിപ്പോര്‍ട്ടില്‍ പറയുന്നത് ഏതാണ്ട് 350 ടണ്‍ സ്വര്‍ണ്ണം ഇന്ത്യയില്‍ കള്ളക്കടത്തായി കൊണ്ടുവരുന്നൂവെന്നാണ്. അതില്‍ 37 ശതമാനവും ബര്‍മ്മ, നേപ്പാള്‍ വഴിയാണ്.

അവ ഗുജറാത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും സ്വര്‍ണ്ണ കച്ചവടക്കാരുടെ കൈകളില്‍ എത്തുന്നത് കേരളം വഴി അല്ലല്ലോ. ഏറ്റവും പ്രധാനപ്പെട്ട ഡെസ്റ്റിനേഷന്‍ ഗുജറാത്താണ്. ഇതു കഴിഞ്ഞാല്‍ പിന്നെ കള്ളക്കടത്ത് നടക്കുന്ന വിമാനത്താവളങ്ങളും തുറമുഖങ്ങളും മഹാരാഷ്ട്രയിലാണ്. അവയൊക്കെ കഴിഞ്ഞേ കേരളമുള്ളൂ. അത് തടയേണ്ടത് കേന്ദ്രത്തിന്റെ കടമയാണ്. അത് കേന്ദ്രം ചെയ്യണം.

ഇന്ന് ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്ന സ്വര്‍ണ്ണത്തില്‍ നല്ല പങ്കും കള്ളപ്പണം വെളുപ്പിക്കാന്‍ കൊണ്ടുവരുന്നതാണ്. അതല്ലെങ്കില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിംഗാണ്. മുമ്പ് ഇതിനുപുറമേ ഔദ്യോഗിക വിനിമയ നിരക്കും കമ്പോളത്തിലെ വിനിമയ നിരക്കും തമ്മിലുള്ള വ്യത്യാസത്തില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ സാധാരണ പ്രവാസി വരെ ഹവാല വഴിയും പണം അയക്കാറുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ പരിഷ്‌കാരങ്ങളുടെ ഭാഗമായി രൂപയുടെ മൂല്യം കുത്തനെയിടിഞ്ഞ് കമ്പോളനിരക്കും ഔദ്യോഗിക നിരക്കും തമ്മില്‍ വലിയ വ്യത്യാസമില്ലാത്ത സ്ഥിതിയാണ്. ഇതോടെയാണ് സ്വര്‍ണ്ണ കള്ളക്കടത്തലിന്റെ മുഖ്യലക്ഷ്യം കള്ളപ്പണം വെളുപ്പിക്കലായി മാറിയത്.

വിദേശത്താണ് കള്ളപ്പണത്തില്‍ നല്ല പങ്കും സൂക്ഷിക്കുന്നത്. ഇത് നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ നാട്ടിലേക്ക് കൊണ്ടുവരാനാകില്ലല്ലോ. അവിടെയാണ് സ്വര്‍ണ്ണത്തിന്റെ റോള്‍. വിദേശത്ത് ഡോളര്‍ നല്‍കിയാല്‍ ആ വിലയ്ക്കുള്ള സ്വര്‍ണ്ണം കള്ളക്കടത്തുകാര്‍ നാട്ടില്‍ എത്തിച്ചുതരും.

കള്ളപ്പണക്കാര്‍ നല്ല മാര്‍ജിന്‍ കൊടുക്കാന്‍ എപ്പോഴും തയ്യാറായിരിക്കുകയും ചെയ്യും. ഇറക്കുമതി തീരുവ സമീപകാലത്ത് വര്‍ദ്ധിപ്പിച്ചതോടെ ആഭരണശാലകള്‍ വലിയ തോതില്‍ സ്വര്‍ണ്ണം കള്ളക്കടത്തായി കൊണ്ടുവരാനും തുടങ്ങിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളുമല്ലേ ഇതിന് ഒത്താശ ചെയ്യുന്നത്? ഒരു രേഖയുമില്ലാതെ രാജ്യത്തെവിടെയും കടത്തിക്കൊണ്ടുപോകാന്‍ കഴിയുന്ന കച്ചവടസാധനമാണ് സ്വര്‍ണ്ണമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?

50000 രൂപയേക്കാള്‍ വിലയുള്ള ഏത് ചരക്ക് നീക്കം നടത്തണമെങ്കിലും ഇ-വേ ബില്‍ വേണമെന്നാണ് ജി.എസ്.ടി നിയമം. ആരില്‍ നിന്നും ആര്‍ക്കുവേണ്ടിയാണ് ചരക്കെന്നും അതിന് വിലയെന്തെന്നും, നികുതി അടച്ചോ എന്നതും ഇ-വേ ബില്ലില്‍ വ്യക്തമാക്കിയിരിക്കണം.

പക്ഷെ, സ്വര്‍ണ്ണത്തിന് ഇതൊന്നും വേണ്ട. ആകെ വേണ്ടത് ഇന്ന വ്യക്തിയെ അല്ലെങ്കില്‍ സ്ഥാപനത്തെ കാണിക്കാന്‍ കൊണ്ടുപോകുന്നതാണെന്നു സ്വയം സാക്ഷ്യപ്പെടുത്തി സൂക്ഷിച്ചാല്‍ മതി. കസ്റ്റംസിന്റെ കടമ്പ കഴിഞ്ഞാല്‍ കണ്ടുപിടിക്കുക ഏതാണ്ട് അസാധ്യമാക്കുന്നത് ജി.എസ്.ടി നിയമത്തിലെ പഴുതാണ്. ഒട്ടേറെ ചര്‍ച്ചയ്ക്കുശേഷം ഉണ്ടാക്കി വെച്ചത്.

തുടക്കം മുതലെ ഇതിനെ എതിര്‍ത്തുവരുന്ന സംസ്ഥാനം കേരളമാണെന്ന കാര്യം പ്രധാനമന്ത്രിക്ക് അറിയാമോ? കേരളത്തിന്റെ നിലപാടിനെ നിശിതമായി ചെറുക്കുന്ന സമീപനമാണ് ഗുജറാത്ത്, യുപി സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ ബി.ജെ.പി സംസ്ഥാനങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്.

സ്വര്‍ണ്ണത്തിന്റെ നീക്കം പുറത്തറിഞ്ഞാല്‍ സുരക്ഷിതത്വ പ്രശ്‌നം സൃഷ്ടിക്കും എന്നതായിരുന്നു അവരുടെ വാദം. ഒടുവില്‍ ഒരു ഉപസമിതിയെ വച്ചു. ഞാന്‍ ആയിരുന്നു അതിന്റെ അധ്യക്ഷന്‍. അവസാനം മഹാരാഷ്ട്രയുടെ മധ്യസ്ഥതയില്‍ ഇഷ്ടമുള്ള സംസ്ഥാനങ്ങള്‍ക്ക് സ്വര്‍ണ്ണത്തിന് ഇവേ-ബില്‍ ഏര്‍പ്പെടുത്താമെന്ന് കൗസിലില്‍ ശുപാര്‍ശ ചെയ്യാന്‍ ധാരണയായി.

എന്നാല്‍ ഇതുവരെ ഇത് നിയമമാക്കാന്‍ അനുവദിച്ചിട്ടില്ല. സ്വര്‍ണ്ണക്കള്ളക്കടത്തിനെക്കുറിച്ചൊക്കെ ഗീര്‍വാണമടിക്കുന്നതിന് മുമ്പ് ജി.എസ്.ടി നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കൂ. തീവ്രവാദത്തിനല്ലാതെ കൊണ്ടുവരുന്ന സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ മുഖ്യ ഇടപാടുകാര്‍ ബി.ജെ.പി നേതാക്കളാണ്.

CONTENT HIGHLIGHT: THOMAS ISAAC ABOUT GOLD SMUGGLING

We use cookies to give you the best possible experience. Learn more