| Tuesday, 15th June 2021, 10:13 am

ഇത് അടുത്ത ഓഹരി തട്ടിപ്പോ?; അദാനി ഗ്രൂപ്പിന്റെ ഓഹരി തകര്‍ച്ചയില്‍ സംശയങ്ങളുമായി തോമസ് ഐസക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അദാനി ഗ്രൂപ്പിലെ മൂന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ അക്കൗണ്ട് ഇന്ത്യന്‍ ഓഹരി വിപണി നിയന്ത്രണ അധികൃതര്‍ മരവിപ്പിച്ചെന്ന വാര്‍ത്തയിലും തുടര്‍ന്നുണ്ടായ ഓഹരി വീഴ്ചയിലും പ്രതികരണവുമായി മുന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്.

ഓഹരി വിപണി തട്ടിപ്പിന്റെ സൂചനകളാണ് ഈ വാര്‍ത്തകള്‍ നല്‍കുന്നതെന്ന് തോമസ് ഐസക് പറഞ്ഞു. ഹര്‍ഷദ് മേത്ത ഓഹരി കുംഭകോണം പുറത്തുകൊണ്ടുവന്ന സുചേത ദലാലിന്റെ അദാനിയുമായി ബന്ധപ്പെട്ട ട്വീറ്റിനെ ഉദ്ധരിച്ചുകൊണ്ടാണ് തോമസ് ഐസക് ഫേസ്ബുക്കിലെഴുതിയത്. പുതിയ ഹര്‍ഷദ് മേത്ത ആര് എന്നായിരുന്നു സുചേത ദലാലിന്റെ ട്വീറ്റ്.

ഇക്കോണിമിക് ടൈംസാണ് മൗറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 3 വിദേശ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനികളുടെ അക്കൗണ്ടുകള്‍ നാഷണല്‍ സെക്യൂരിറ്റി ഡെപ്പോസിറ്ററി ലിമിറ്റഡ് (NSDL) മരവിപ്പിച്ചുവെന്ന വാര്‍ത്ത തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.

നാല് അദാനി ഗ്രൂപ്പ് കമ്പനികളിലായി 45,000 കോടി രൂപയുടെ ഓഹരി നിക്ഷേപമുള്ള ഈ കമ്പനികളുടെ അക്കൗണ്ട് മരവിപ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിപണയില്‍ വലിയ നഷ്ടമുണ്ടാകാന്‍ തുടങ്ങി.

തിങ്കളാഴ്ച ഓഹരി വ്യാപാരം തുടങ്ങിയപ്പോള്‍ അദാനി ഗ്രൂപ്പിന്റെ ഓഹരിവില 25 ശതമാനമായിരുന്നു താഴ്ന്നത്. പിന്നീട് വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന വിശദീകരണവുമായി കമ്പനിയെത്തിയെങ്കിലും ഓഹരി വിപണിയില്‍ കാര്യമായ ചലനമുണ്ടാക്കാനായില്ല.

അദാനി ഗ്രൂപ്പിന്റെ വിശദീകരണം വന്നെങ്കിലും എന്‍.എസ്.ഡി.എല്ലിന്റെ ഡാറ്റയില്‍ മൂന്ന് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നു എന്നുതന്നെയാണ് കാണിക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കമ്പനികളുടെ അക്കൗണ്ട് റദ്ദാക്കിയതിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും കള്ളപ്പണ വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാകാം നടപടിയെന്നു സൂചനയുണ്ടെന്ന് തോമസ് ഐസക് പറയുന്നു. സംഭവത്തിലെ വിദേശ ഏജന്‍സികളുടെ പങ്കാളിത്തത്തെ കുറിച്ച് സുചേത ദലാലിന്റെ ട്വീറ്റില്‍ നല്‍കുന്ന സൂചനകളെ കുറിച്ചും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

ഒരു വര്‍ഷംകൊണ്ട് 800 ശതമാനം ഓഹരി വിലക്കയറ്റം സൃഷ്ടിച്ച് കൊവിഡുകാലത്ത് റെക്കോര്‍ഡ് ഇട്ടതാണ് അദാനി. ഒരു ട്വീറ്റും പത്രറിപ്പോര്‍ട്ടും ഒറ്റദിവസംകൊണ്ട് ഇതിന്റെ 25 ശതമാനം ഇല്ലാതാക്കിയെന്നും, ഓഹരി ബ്രോക്കര്‍മാര്‍ തങ്ങളുടെ കൈയ്യിലെ അദാനി ഷെയറുകള്‍ കൈയ്യൊഴിയാനുള്ള പരിഭ്രാന്തിക്കു തുടക്കം കുറിക്കാന്‍ ഇത്രയും മതിയായിരുന്നെന്നും തോമസ് ഐസക് പറയുന്നു.

‘ഓഹരി വിലകള്‍ കുത്തനെ ഇടിഞ്ഞപ്പോള്‍ ചില അദാനി കമ്പനികളുടെ ഷെയര്‍ ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടിവന്നു. ഒരുലക്ഷം കോടി രൂപ വിപണിമൂല്യം നഷ്ടം അദാനിക്ക് ഉണ്ടായിയെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരുലക്ഷം കോടി നഷ്ടമുണ്ടായെന്നു കേള്‍ക്കുമ്പോള്‍ ഞെട്ടണ്ട.

ഒറ്റവര്‍ഷംകൊണ്ട് 2,55,000 കോടി രൂപയാണ് അദാനിയുടെ ആസ്തികളുടെ മൂല്യത്തില്‍ 2020ല്‍ വര്‍ദ്ധനയുണ്ടായത്. ഇതിന്റെ ഫലമായി ലോകത്തെ പതിനാലാമത്തെ ഏറ്റവും വലിയ പണക്കാരനായി അദ്ദേഹത്തിന്റെ റാങ്ക് ഉയര്‍ന്നു. അംബാനി കഴിഞ്ഞാല്‍ ഏഷ്യയിലെ ഏറ്റവും വലിയ പണക്കാരന്‍.

തന്റെ സ്വത്ത് ഇങ്ങനെ വര്‍ദ്ധിപ്പിക്കുന്നതിന് ഓഹരി വിപണിയില്‍ ഇപ്പോള്‍ എന്‍.എസ്.ഡി.എല്‍. മരവിപ്പിച്ചിരിക്കുന്ന ഫണ്ട് അക്കൗണ്ടുകള്‍ ഉപയോഗിച്ച് തിരിമറി നടത്തിയിട്ടുണ്ടോയെന്നുള്ളത് അടുത്ത ദിവസങ്ങളില്‍ അറിയാം. ഏതാണ്ട് എല്ലാ പത്തു വര്‍ഷം കൂടുമ്പോഴും ഒരു ഓഹരി കുംഭകോണം ഇന്ത്യയെ ഞെട്ടിക്കാറുണ്ട്. ആദ്യം ഹര്‍ഷദ് മേത്ത, പിന്നെ കേതന്‍ പരേഖ്, അതുകഴിഞ്ഞ് ജിഗ്‌നേഷ് ഷായുടെ നാഷണല്‍ സ്പോട്ട് എക്സ്ചേഞ്ച് ഇന്നിപ്പോള്‍ ആരുടെ ഓഹരിത്തട്ടിപ്പ്?,’ തോമസ് ഐസക് ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

പുതിയ ഹര്‍ഷദ് മേത്ത ആര്? ഇതാണ് ഇന്നത്തെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ അദാനിയുടെ കമ്പനികളുടെ ഷെയര്‍ വില ഇടിവ് വാര്‍ത്ത കണ്ടപ്പോള്‍ ഓര്‍മ്മിച്ചത്. അദാനി കമ്പനികളുടെ ഷെയര്‍ വില ഇതിനകം 25 ശതമാനം ഇടിഞ്ഞു കഴിഞ്ഞു. ഒരു വര്‍ഷംകൊണ്ട് 800 ശതമാനം ഓഹരി വിലക്കയറ്റം സൃഷ്ടിച്ച് കോവിഡുകാലത്ത് റെക്കോര്‍ഡ് ഇട്ടതാണ് അദാനി. ഒരു ട്വീറ്റും പത്രറിപ്പോര്‍ട്ടും ഒറ്റദിവസംകൊണ്ട് ഇതിന്റെ 25 ശതമാനം ഇല്ലാതാക്കി.

ട്വീറ്റ് സുചേതാ ദലാല്‍ കഴിഞ്ഞ ദിവസം നടത്തിയതാണ്. സുചേതാ ദലാല്‍ ചില്ലറക്കാരിയല്ല. അവരാണ് നരസിംഹ റാവുവിനെ വലച്ച ഹര്‍ഷദ് മേത്ത ഓഹരി കുംഭകോണം പുറത്തുകൊണ്ടുവന്നത്. താല്‍പ്പര്യമുള്ളവര്‍ക്ക് എന്റെ ചിന്ത ലേഖനം വായിക്കാം. (http://dr-tm-thomas-isaac.blogspot.com/…/06/blog-post.html). അധികവായനയ്ക്ക് സുചേതാ ദലാലും ഭര്‍ത്താവ് ദേബാഷിഷ് ബസുവും ചേര്‍ന്നെഴുതിയ ദി സ്‌കാം (തട്ടിപ്പ്) എന്ന ഗ്രന്ഥം വായിക്കുക.

ഹര്‍ഷദ് മേത്തയെക്കുറിച്ചു മാത്രമല്ല, പത്തുവര്‍ഷം കഴിഞ്ഞ് കേതന്‍ പരേഖ് നടത്തിയ മറ്റൊരു ഭീമന്‍ ഓഹരിത്തട്ടിപ്പിന്റെയും വിശദമായ കഥ ഇതിലുണ്ട്. മറ്റൊരു ഓഹരിത്തട്ടിപ്പ് ഉരുണ്ടുകൂടുന്നുവെന്ന സൂചനയാണ് സുചേത തന്റെ ട്വീറ്റിലൂടെ നല്‍കിയത്. വിദേശ ഏജന്‍സികളുടെ പങ്കാളിത്തത്തെക്കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്.

ഇന്നത്തെ ഇക്കണോമിക് ടൈംസ് പത്രത്തിന്റെ തലക്കെട്ട് മൗറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 3 വിദേശ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനികളുടെ അക്കൗണ്ടുകള്‍ നാഷണല്‍ സെക്യൂരിറ്റി ഡെപ്പോസിറ്ററി ലിമിറ്റഡ് (NSDL) മരവിപ്പിച്ചുവെന്ന വാര്‍ത്തയാണ്. ഈ കമ്പനികള്‍ക്കുംകൂടി അദാനിയുടെ കമ്പനി ഓഹരികളില്‍ 43,000 കോടി രൂപയുടെ നിക്ഷേപമുണ്ടത്രേ. കാരണമെന്തെന്നു വ്യക്തമല്ലെങ്കിലും കള്ളപ്പണ വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാകാം നടപടിയെന്നു സൂചനയുണ്ട്.

ഇത്രയും മതി ഓഹരി ബ്രോക്കര്‍മാര്‍ തങ്ങളുടെ കൈയ്യിലെ അദാനി ഷെയറുകള്‍ കൈയ്യൊഴിയാനുള്ള പരിഭ്രാന്തിക്കു തുടക്കം കുറിക്കാന്‍. ഓഹരി വിലകള്‍ കുത്തനെ ഇടിഞ്ഞപ്പോള്‍ ചില അദാനി കമ്പനികളുടെ ഷെയര്‍ ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. ഒരുലക്ഷം കോടി രൂപ വിപണിമൂല്യം നഷ്ടം അദാനിക്ക് ഉണ്ടായിയെന്നാണ് കണക്കാക്കപ്പെടുന്നത്.

ഒരുലക്ഷം കോടി നഷ്ടമുണ്ടായെന്നു കേള്‍ക്കുമ്പോള്‍ ഞെട്ടണ്ട. ഒറ്റവര്‍ഷംകൊണ്ട് 2,55,000 കോടി രൂപയാണ് അദാനിയുടെ ആസ്തികളുടെ മൂല്യത്തില്‍ 2020ല്‍ വര്‍ദ്ധനയുണ്ടായത്. ഇതിന്റെ ഫലമായി ലോകത്തെ പതിനാലാമത്തെ ഏറ്റവും വലിയ പണക്കാരനായി അദ്ദേഹത്തിന്റെ റാങ്ക് ഉയര്‍ന്നു. അംബാനി കഴിഞ്ഞാല്‍ ഏഷ്യയിലെ ഏറ്റവും വലിയ പണക്കാരന്‍.

തന്റെ സ്വത്ത് ഇങ്ങനെ വര്‍ദ്ധിപ്പിക്കുന്നതിന് ഓഹരി വിപണിയില്‍ ഇപ്പോള്‍ എന്‍.എസ്.ഡി.എല്‍. മരവിപ്പിച്ചിരിക്കുന്ന ഫണ്ട് അക്കൗണ്ടുകള്‍ ഉപയോഗിച്ച് തിരിമറി നടത്തിയിട്ടുണ്ടോയെന്നുള്ളത് അടുത്ത ദിവസങ്ങളില്‍ അറിയാം. ഏതാണ്ട് എല്ലാ പത്തു വര്‍ഷം കൂടുമ്പോഴും ഒരു ഓഹരി കുംഭകോണം ഇന്ത്യയെ ഞെട്ടിക്കാറുണ്ട്. ആദ്യം ഹര്‍ഷദ് മേത്ത, പിന്നെ കേതന്‍ പരേഖ്, അതുകഴിഞ്ഞ് ജിഗ്‌നേഷ് ഷായുടെ നാഷണല്‍ സ്പോട്ട് എക്സ്ചേഞ്ച് ഇന്നിപ്പോള്‍ ആരുടെ ഓഹരിത്തട്ടിപ്പ്?

വാല്‍ക്കഷണം – തങ്ങളുമായി ബന്ധപ്പെട്ട മൂന്ന് വിദേശഫണ്ട് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ടെന്ന വാര്‍ത്ത അദാനി ഗ്രൂപ്പ് നിഷേധിച്ചിട്ടുണ്ട്. പക്ഷെ ഈ പ്രസ്താവന പ്രസിദ്ധീകരിച്ച മണി കണ്‍ട്രോള്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തിട്ടുണ്ട് – ‘ഈ പ്രസ്താവന ഉണ്ടെങ്കിലും എന്‍.എസ്.ഡി.എല്ലിന്റെ ഡാറ്റ കാണിക്കുന്നത് മൂന്നു വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നു എന്നാണ്’.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Dr. T.M. Thomas Isaac about Adani group’s stock market collapse

We use cookies to give you the best possible experience. Learn more