| Monday, 17th June 2019, 11:58 am

കേരള കോണ്‍ഗ്രസ് എം പിളര്‍ന്നിട്ടില്ല; യു.പി.എയിലും യു.ഡി.എഫിലും തുടരുമെന്നും തോമസ് ചാഴികാടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരള കോണ്‍ഗ്രസ് എം പിളര്‍ന്നിട്ടില്ലെന്ന് തോമസ് ചാഴികാടന്‍ എം.പി. കേരള കോണ്‍ഗ്രസ് യു.പി.എയിലും യു.ഡി.എഫിലും തുടരുമെന്നും ചാഴികാടന്‍ പറഞ്ഞു.

പി.ജെ. ജോസഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തുടരുമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ. പറഞ്ഞിരുന്നു. മാറ്റാന്‍ ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചെയര്‍മാന്‍ സ്ഥാനത്തില്‍ മാത്രമാണ് തര്‍ക്കമുണ്ടായിരുന്നത്. പാര്‍ട്ടി ലീഡറെ തെരഞ്ഞെടുക്കാന്‍ ചെയര്‍മാന്‍ യോഗം വിളിക്കും. പാര്‍ട്ടി ലീഡര്‍ പി.ജെ ജോസഫും ചെയര്‍മാന്‍ ജോസ്.കെ മാണിയും എന്നതാണ് നിലപാടെന്നും റോഷി വ്യക്തമാക്കിയിരുന്നു.

കേരളാ കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കുമ്പോള്‍ പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ ജോസ് കെ. മാണി കൂടി ആ യോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ടെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എയും എന്‍.ജയരാജ് എം.എല്‍.എയും വ്യക്തമാക്കിയിരുന്നു.

അതേസമയം, ജോസ് കെ. മാണി കേരള കോണ്‍ഗ്രസ് എം ചെയര്‍മാനാണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ജോസ് കെ മാണിക്ക് സംസ്ഥാന കമ്മിറ്റിയിലെ 325 പേരുടെ പിന്തുണയുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം കെ.എ ആന്റണിയാണ് കത്തയച്ചത്.

അതേസമയം, നിയമസഭയില്‍ വ്യത്യസ്ത നിലപാട് എടുക്കേണ്ടെന്ന ധാരണയിലാണ് ജോസ് കെ മാണി വിഭാഗം. പാര്‍ട്ടി ലീഡറുടെ കസേരയില്‍ നിന്ന് പി.ജെ ജോസഫിനെ മാറ്റാന്‍ ആവശ്യപ്പെടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത സാഹചര്യം ചര്‍ച്ച ചെയ്യാനായി ജോസഫ് വിഭാഗം ഇന്ന് യോഗം ചേരുന്നുണ്ട്. പാര്‍ട്ടി പിടിക്കാന്‍ നിയമനടപടികളിലേക്ക് നീങ്ങണോയെന്ന കാര്യത്തില്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ തീരുമാനമുണ്ടായേക്കും.

കഴിഞ്ഞ ദിവസം നടന്ന കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗത്തിലാണ് ജോസ് കെ മാണിയെ ചെയര്‍മാനായി നിശ്ചയിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് പി.ജെ ജോസഫ്.

We use cookies to give you the best possible experience. Learn more