| Sunday, 12th November 2017, 5:09 pm

തോമസ് ചാണ്ടിയുടെ രാജി ഇന്നില്ല, തീരുമാനം മുഖ്യമന്ത്രിയ്ക്ക് വിട്ട് മുന്നണി; സി.പി.ഐ ഹാപ്പിയെന്ന് കാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജി അനിവാര്യമെന്ന് എല്‍.ഡി.എഫ് മുന്നണിയില്‍ പൊതുവികാരം. അതേസമയം രാജി ഇന്നുണ്ടാകില്ലെന്നും ഇതുസംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിയ്ക്ക് വിടാനാണ് എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനമായത്.

അതേസമയം, സി.പി.ഐയ്ക്ക് അനുകൂലമായ തീരുമാനങ്ങളാണ് യോഗത്തിലുണ്ടായതെന്നും സി.പി.ഐ ഹാപ്പിയാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. തോമസ് ചാണ്ടിയും യോഗത്തില്‍ പങ്കെടുത്തിരുന്നു. അതേസമയം, രാജിയ്ക്ക് സമയം വേണമെന്ന് എന്‍.സി.പി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

നേരത്തെ, കായല്‍ കൈയേറ്റ വിഷയത്തില്‍ തോമസ് ചാണ്ടി രാജിവെക്കേണ്ടതില്ലെന്ന് എന്‍.സി.പി വ്യക്തമാക്കിയിരുന്നു. തോമസ് ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാണി. സി കാപ്പനും സുള്‍ഫിക്കര്‍ മയൂരിയുമാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.


Also Read: ‘പ്രധാനമന്ത്രിയെ അവഹേളിക്കാന്‍ ഞങ്ങളുടെ പാര്‍ട്ടി ബി.ജെ.പിയല്ല’; ട്വീറ്റുകള്‍ പിഡിയും താനും വീതിച്ചെടുക്കുകയാണെന്നും രാഹുല്‍ ഗാന്ധി


ഹൈക്കോടതിയിലുള്ള കേസുകളുടെ കാര്യത്തില്‍ തീരുമാനം വന്നതിനു ശേഷം മാത്രം പാര്‍ട്ടി വിഷയത്തില്‍ അന്തിമവിധി കൈക്കൊള്ളുമെന്നും ഇക്കാര്യം ഇടതുമുന്നണി യോഗത്തില്‍ പറയുമെന്നും അവര്‍ പറഞ്ഞിരുന്നു. അതേസമയം മന്ത്രി രാജിവയ്ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്ററും പറഞ്ഞിരുന്നു.

കാനവും കോടിയേരിയും രാജിയാവശ്യം ഇതുവരെ ഉന്നയിച്ചിട്ടില്ല. എകെ ശശീന്ദ്രന്‍ കുറ്റവിമുക്തനായി വന്നാല്‍ മന്ത്രിസ്ഥാനം തിരിച്ചുനല്‍കുമെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. മന്ത്രിയുടെ രാജിക്കാര്യത്തില്‍ ധൃതി പിടിച്ച് തീരുമാനമെടുക്കേണ്ടതില്ലെന്നായിരുന്നു എന്‍.സി.പി ദേശീയ നേതൃത്വത്തിന്റെയും നിലപാട്.

We use cookies to give you the best possible experience. Learn more