| Wednesday, 15th November 2017, 12:15 pm

തോമസ് ചാണ്ടി രാജിവെച്ചു; തീരുമാനം എന്‍.സി.പി യോഗത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു. എന്‍.സി.പി യോഗത്തില്‍ അദ്ദേഹം രാജിസന്നദ്ധത അറിയിക്കുകയായിരുന്നു. ദേശീയ നേതൃത്വത്തിന്റെ കൂടി അനുമതി ലഭിച്ചതിന് പിന്നാലെയാണ് രാജി തീരുമാനം. രാജിക്കത്ത് പാര്‍ട്ടിക്ക് കൈമാറി.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തല്‍ക്കാലം മാറിനില്‍ക്കാമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. എന്നാല്‍ എന്‍.സി.പി യോഗത്തില്‍ ഭൂരിഭാഗം നേതാക്കളും രാജി ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

രാവിലെ നടന്ന മന്ത്രിസഭാ യോഗത്തില്‍ തോമസ് ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് രാജി സന്നദ്ധത തോമസ് ചാണ്ടി അറിയിച്ചത്.


Dont Miss വിരമിക്കല്‍പ്രായം രാഷ്ട്രീക്കാര്‍ക്കും ബാധകമാണ്; പ്രധാനമന്ത്രിക്ക് തുറന്ന കത്തുമായി അഭിഭാഷകന്‍


മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ തോമസ് ചാണ്ടി രാജി പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ കൂടി അഭിപ്രായമറിഞ്ഞതിന് പിന്നാലെ മാത്രമേ രാജി പ്രഖ്യാപിക്കൂ എന്ന നിലപാടിലായിരുന്നു പാര്‍ട്ടി.

എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരനൊപ്പം ഇന്നു രാവിലെയാണ് മന്ത്രി ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്.

തോമസ് ചാണ്ടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നിന്നും രൂക്ഷമായ പരാമര്‍ശമുണ്ടായതിനു പിന്നാലെ ഇന്നലെ രാത്രി എ.കെ.ജി സെന്ററില്‍ മുഖ്യമന്ത്രിയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചര്‍ച്ച നടത്തിയിരുന്നു.

നേരത്തെ കോടതി വിധി വരട്ടെ, രാജിക്കാര്യം അപ്പോള്‍ ആലോചിക്കാമെന്ന നിലപാടായിരുന്നു തോമസ് ചാണ്ടിയുടേത്. എന്നാല്‍ കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ നിന്നും മന്ത്രിയ്ക്കെതിരെ രൂക്ഷവിമര്‍ശനമുണ്ടായതിനു പിന്നാലെ വിധിപ്പകര്‍പ്പു കിട്ടട്ടേ, വിധിപ്പകര്‍പ്പില്‍ തനിക്കെതിരെ പരാമര്‍ശമുണ്ടെങ്കില്‍ രാജിവെക്കാമെന്ന നിലപാടിലേക്ക് തോമസ് ചാണ്ടി മാറിയിരുന്നു.

കോടതിയുടെ പരാമര്‍ശങ്ങളെല്ലാം വിധിന്യായമല്ലെന്നും ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നുമായിരുന്നു തോമസ് ചാണ്ടി അറിയിച്ചത്.

കായല്‍ കയ്യേറ്റ ആരോപണത്തില്‍ ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ മന്ത്രി നല്‍കിയ ഹര്‍ജി ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയ്ക്കൊണ്ടായിരുന്നു കോടതി പരാമര്‍ശം. സര്‍ക്കാറിനെ എതിര്‍കക്ഷിയാക്കി മന്ത്രിക്കു ഹര്‍ജി നല്‍കാനാവില്ലെന്നും വിലയിരുത്തിയായിരുന്നു കോടതിയുടെ തോമസ് ചാണ്ടിയുടെ ഹര്‍ജി തള്ളിയത്.

We use cookies to give you the best possible experience. Learn more