| Saturday, 3rd February 2018, 4:58 pm

ശശീന്ദ്രനെതിരായ കേസ് റദ്ദാക്കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത് തോമസ് ചാണ്ടിയുടെ പി.എ യുടെ സഹായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗതാഗത മന്ത്രി ശശീന്ദ്രനെതിരായ ഫോണ്‍വിളിക്കേസ് റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത് മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ വീട്ടു സഹായി. തോമസ് ചാണ്ടിയുടെ പേഴ്സണല്‍ സെക്രട്ടറിയായ ശ്രീകുമാറിന്റെ കുട്ടികളെ നോക്കുന്ന തിരുവനന്തപുരം തൈക്കാട് സ്വദേശിനി മഹാലക്ഷ്മിയാണ് ഹര്‍ജി നല്‍കിയത്.

ഫോണ്‍ വിളി കേസ് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മഹാലക്ഷ്മി ഹര്‍ജി നല്‍കിയെങ്കിലും കോടതി അത് തള്ളിയിരുന്നു. തുടര്‍ന്ന് കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കി കേസ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മഹാലക്ഷ്മി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

തനിക്ക് പ്രായപൂര്‍ത്തിയായ മകളുണ്ടെന്നും മൊത്തം സ്ത്രീകളുടെയും സുരക്ഷയുടെ വിഷയമാണെന്നും അതിനാല്‍ തന്നെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത് ശരിയല്ലെന്നും ഭയം മൂലമാണ് കേസിലെ പരാതിക്കാരിയായ മാദ്ധ്യമ പ്രവര്‍ത്തക ആരോപണത്തില്‍ നിന്ന് പിന്മാറിയതെന്നും ഹര്‍ജിയില്‍ പറയുകയുണ്ടായി.

കേസ് തള്ളാനിടയായ സാഹചര്യത്തില്‍ മഹാലക്ഷ്മിയെ കുറിച്ചുള്ള വിവരം നല്‍കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. തോമസ് ചാണ്ടി മന്ത്രിയായിരിക്കെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശ്രീകുമാറിന്റെ വീട്ടിലെ സഹായിയായ ഇവര്‍ പരാതിയില്‍ പറഞ്ഞ തൈക്കാട് ബാപ്പുജി നഗറിലെ മേല്‍വിലാസത്തില്‍ ഇപ്പോള്‍ താമസിക്കുന്നില്ലെന്നും വിലാസം വ്യാജമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അതേസമയം മഹാലക്ഷ്മിയുടെ ഹര്‍ജിക്ക് പിന്നില്‍ ശ്രീകുമാറിന് പങ്കില്ലെന്നും സ്വന്തം നിലക്കാണ് തന്റെ അമ്മ ഹര്‍ജി നല്‍കിയതെന്നും ഇവരുടെ മകള്‍ പറയുന്നു.

We use cookies to give you the best possible experience. Learn more