| Wednesday, 15th November 2017, 1:13 pm

രാജിവെക്കേണ്ടി വന്നത് ഒരു ഘടകക്ഷിയുടെ നിലപാട് കാരണം; മന്ത്രിസ്ഥാനം എന്‍.സി.പിയ്ക്കായി ഒഴിച്ചിടുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും തോമസ് ചാണ്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗതാഗതമന്ത്രിസ്ഥാനം എന്‍.സി.പിക്കായി ഒഴിച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയതായി രാജിവെച്ച മന്ത്രി തോമസ് ചാണ്ടി. ആദ്യം കുറ്റവിമുക്തനാകുന്നയാള്‍ മന്ത്രിയാകും. അത് ശശീന്ദ്രനായാലും താനായാലും- എന്നായിരുന്നു തോമസ് ചാണ്ടിയുടെ പ്രതികരണം.

മുഖ്യമന്ത്രി എല്ലാവരേയും സംരക്ഷിക്കുന്ന ആളാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. അദ്ദേഹത്തെ ഉടന്‍ താഴെയിറക്കാമെന്നൊന്നും ആരും കരുതേണ്ട.

ഈ വിഷയത്തില്‍ രാജിയെ കുറിച്ചൊന്നും ആരും ചിന്തിച്ചിട്ടില്ലായിരുന്നു. രാജി വെക്കേണ്ട സാഹചര്യവും ഇല്ലായിരുന്നു. എന്നാല്‍ ഒരു ഘടകക്ഷി എടുത്ത തീരുമാനമാണ് രാജിക്ക് വഴിവെച്ചത്. രാജിവെക്കാന്‍ തങ്ങള്‍ ആവശ്യപ്പെടില്ലെന്നും പാര്‍ട്ടി നേതൃത്വത്തോട് ആലോചിക്കണം എന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

പ്രഫുല്‍പട്ടേലുമായും ഒ.ആര്‍.ജിയുമായി സംസാരിച്ചതിന് ശേഷമാണ് രാജിക്കാര്യത്തില്‍ തീരുമാനമായത്. രാജിക്കത്ത് പീതാംബരക്കുറുപ്പിന് കൈമാറിയിട്ടുണ്ട്. രണ്ട് മണിക്ക് രാജിക്കാര്യം അദ്ദേഹം പറയും. എന്‍.സി.പിക്ക് പുതിയ മന്ത്രിയുണ്ടാകില്ല. മന്ത്രിസ്ഥാനം ശശീന്ദ്രനോ താനോ തന്നെ കൈകാര്യം ചെയ്യും. ശശീന്ദ്രന്‍ മന്ത്രിയായാല്‍ സന്തോഷം. അദ്ദേഹം വന്നാല്‍ അദ്ദേഹം കയറും. അദ്ദേഹം വന്നില്ലെങ്കില്‍ ഞാന്‍ കയറും. എന്തായാലും പാര്‍ട്ടിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തില്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.

കൂട്ടുത്തരവാദിത്തം നഷ്ടമായമെന്നും മന്ത്രിക്ക് കേസ് ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്നുമൊക്കെയാണ് ഹൈക്കോടതിപറഞ്ഞത്. എന്നാല്‍ അങ്ങനെയല്ല ഞങ്ങള്‍ക്ക് ലഭിച്ച നിയമോപദേശം. അതുകൊണ്ട് നാളെ തന്നെ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും തോമസ് ചാണ്ടി പറഞ്ഞു.

We use cookies to give you the best possible experience. Learn more