തിരുവനന്തപുരം: ആലപ്പുഴയിലെ ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിക്കാന്‍ വയല്‍ നികത്തിയെന്ന കേസില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിയെ ഒന്നാം പ്രതിയാക്കി അന്വേഷണ സംഘം വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ച ദിവസം തന്നെയാണ് വിജിലന്‍സ് സംഘത്തെ മാറ്റിക്കൊണ്ട് ഡയരക്ടര്‍ ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ് വരുന്നത്. കോടതി കേസ് പരിഗണിക്കുന്നതിന് തൊട്ടുമുന്‍പാണ് കേസ് അന്വേഷണം വിജിലന്‍സിന്റെ തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിനെയാണ് ഏല്‍പ്പിച്ചുകൊണ്ടുള്ള
ഉത്തരവ് വിജിലന്‍സ് ഡയറക്ടറുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
മതിയായ കാരണങ്ങള്‍ ഇല്ലാതെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റരുതെന്ന കോടതി വിധി നിലവിലുള്ളപ്പോഴാണ് അതുപാലിക്കാതെ തോമസ് ചാണ്ടി കേസിലെ അന്വേഷണ സംഘത്തെ ഒന്നാകെ മാറ്റിയത്. വിജിലന്‍സ് സംഘത്തെ മാറ്റിയ കോടതി നടപടിക്കെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. അന്വേഷണ സംഘത്തെ മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്ന് പരാതിക്കാരനായ ആലപ്പുഴ സ്വദേശി സുഭാഷ് തീക്കാടന്‍ ആരോപിച്ചു. കേസിന്റെ എഫ്.ഐ.ആറിന്റെ കോപ്പി തനിക്ക് നല്‍കിയിരുന്നില്ലെന്നും അന്വേഷണസംഘത്തെയോ മാറ്റിയതായിട്ടോ പുതിയ അന്വേഷണ സംഘത്തെ നിയമിച്ചതായിട്ടോ അവസാന നിമിഷം വരെ താന്‍ അറിഞ്ഞിരുന്നില്ലെന്നും പരാതിക്കാരനായ സുഭാഷ് പറയുന്നു.
“അന്വേഷണ ഉദ്യോഗസ്ഥനെ ബന്ധപ്പെട്ട് എഫ്.ഐ.ആറിന്റെ കോപ്പി ആവശ്യപ്പെട്ട ഘട്ടത്തില്‍ മാത്രമാണ് ടീമിനെ മാറ്റിയതായി അറിയുന്നത്. എഫ്.ഐ.ആറിന്റെ കോപ്പി നല്‍കാന്‍ കഴിയില്ലെന്നും എഫ്.ഐ.ആര്‍ തിരുവനന്തപുരം ടീമിലെ പുതിയ എസ്.പി കെ.ഇ ബൈജു തയ്യാറാക്കുമെന്നും അറിയിച്ചുകൊണ്ട് ഡയരക്ടര്‍ ലോക്‌നാഥ് ബെഹ്‌റയുടെ സന്ദേശം ഉണ്ടായിരുന്നെന്നുമാണ് അദ്ദേഹം എന്നോട് പറഞ്ഞത്.
ഹൈക്കോടതിയില്‍ നിന്നും തോമസ് ചാണ്ടിക്ക് അനുകൂലമെന്ന് വ്യാഖ്യാനിക്കാവുന്ന വിധി വന്നതിന് ശേഷം എന്തുകൊണ്ടാണ് ഇത്ര പെട്ടെന്ന് രാത്രിയില്‍ തന്നെ അന്വേഷണ സംഘത്തെ മാറ്റിയതെന്ന് അപ്പോള്‍ തന്നെ സംശയം ഉണ്ടായിരുന്നു. ഹൈക്കോടതിയില്‍ നിലവില്‍ തോമസ് ചാണ്ടിക്കെതിരെ റിട്ടുകളൊന്നും ഇല്ല. അപ്പോള്‍ വിജിലന്‍സ് കോടതിയില്‍ കൂടി അന്വേഷണം വഴിതിരിച്ച് അനുകൂലമായ ഒരു റിപ്പോര്‍ട്ട് വന്നുകഴിഞ്ഞാല്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരുന്നതിനുള്ള ഒരു സാഹചര്യം സൃഷ്ടിക്കുകയാണോ കേരളത്തിലെ വിജിലന്‍സിന്റെ ചുമതലയുള്ള ഡി.ജി.പി ചെയ്തതെന്ന സംശമാണ് എനിക്ക് ഉണ്ടായത്. “- സുഭാഷ് പറയുന്നു.
ആലപ്പുഴയിലെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ ചൊല്‍പ്പടിക്ക് വഴങ്ങാത്തതുകൊണ്ട് തന്നെയാണ് കേസ് പുതിയ അന്വേഷണ സംഘത്തെ ഏല്‍പ്പിച്ചതെന്നാണ് അഡ്വ. ഹരീഷ് വാസുദേവന്റെ പ്രതികരണം.
എഫ്.ഐ.ആര്‍ സമര്‍പ്പിച്ച ഘട്ടത്തില്‍ കേസ് പരിഗണിക്കവെ കേസ് മറ്റൊരു യൂണിറ്റിന് കൈമാറന്‍ തക്ക ഒരു കാരണവും നിയമപരമായി കാണുന്നില്ല. തോമസ് ചാണ്ടിയെ സഹായിക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കളിച്ച അതേ നാടകം വിജിലന്‍സിലും കളിക്കുകയാണെന്നും ഹരീഷ് വാസുദേവന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.
“കേസില്‍ ഇപ്പോഴത്തെ എഫ്.ഐ.ആര്‍ ഇടാനുള്ള സാഹചര്യം എങ്ങനെയാണ് ഉണ്ടായത്. സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് സംവിധാനം തോമസ് ചാണ്ടിയെന്നയാള്‍ അഴിമതി നടത്തിയിരിക്കുന്നു എന്ന് സ്വയം അന്വേഷിച്ച് കണ്ടെത്തിയതല്ലല്ലോ? ഒരു സ്വകാര്യ വ്യക്തി സ്വന്തം പണം ചിലവഴിച്ച് കോടതിയില്‍ പോയി ഒരു ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. സി.എം.പിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹം തെളിവുകള്‍ ഹാജരാക്കി ജില്ലാ ജഡ്ജിക്ക് തുല്യനായ ഒരു വ്യക്തിയെ അദ്ദേഹം ഈ തെളിവുകളെല്ലാം ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ തോമസ് ചാണ്ടിക്കെതിരെ ഒരു എഫ്.ഐ.ആര്‍ ഇടാന്‍ ഒരു കുറ്റകൃത്യമുണ്ട് എന്ന് ബോധ്യപ്പെടുത്തുകയും കേസില്‍ എഫ്.ഐ.ആര്‍ ഇടുകയുമായിരുന്നു ആദ്യഘട്ടത്തില്‍. അതില്‍ ഒരു പ്രിലിമിനെറി ഇന്‍വെസ്റ്റിഗേഷന് ഓര്‍ഡര്‍ ചെയ്തു. അപ്പോഴാണല്ലോ വിജിലന്‍സിന്റെ കോര്‍ട്ടിലേക്ക് ഈ ബോര്‍ഡ് വരുന്നത്. ഈ പ്രിലിമിനറി ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയത് ആലപ്പുഴയിലെ ടീമാണ്.
ആ പ്രിലിമിനറി ഇന്‍വെസ്റ്റിഗേഷനില്‍ കിട്ടിയ തെളിവുകള്‍ സത്യസന്ധമായി ആ ഉദ്യോഗസ്ഥന്‍ കോടതിയെ ധരിപ്പിച്ചു. അതിന് പിന്നാലെ എഫ്.ഐ.ആര്‍ ഇടാന്‍ കോടതി പറഞ്ഞു.ഇതെല്ലാം ചെയ്യേണ്ടിയിരുന്ന വിജിലന്‍സ് സംവിധാനം തോമസ് ചാണ്ടിയുടെ കൂടെ നിന്ന് അതിനെ കോടതിയില്‍ ശക്തമായി എതിര്‍ക്കുകയായിരുന്നു. ആദ്യഘട്ടത്തിലും രണ്ടാം ഘട്ടത്തിലും അവര്‍ എതിര്‍ത്തു. പക്ഷേ കോടതി പരാതിക്കാരന്റെ വാദം പരിഗണിച്ചുകൊണ്ട് എഫ്.ഐ.ആര്‍ ഇടാന്‍ നിര്‍ദേശിച്ചു. ആ എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണ നടപടികളുമായി മുന്നോട്ടു പോകുന്ന ആലപ്പുഴ ടീമില്‍ നിന്നും എന്തിന്റെ പേരിലാണ് ഇപ്പോള്‍ അന്വേഷണം തിരുവനന്തപുരം ടീമിലേക്ക് മാറ്റിയത്?- ഹരീഷ് ചോദിക്കുന്നു.
കോട്ടയം എസ്.പിയുടെ നേതൃത്വത്തില്‍ ഏറ്റവും നല്ല രീതിയില്‍ അന്വേഷിച്ച കേസ് ആ അന്വേഷണ സംഘത്തെ മാറ്റുന്നതോടുകൂടി ഈ കേസ് അട്ടിമറിക്കാനാണെന്ന പരാതിക്കാരന്റെ സംശയം ശരിയാണെന്നാണ് തോന്നുന്നതെന്ന് തോമസ് ചാണ്ടിയുടെ കയ്യേറ്റം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനായ ടിവി പ്രസാദ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“” നല്ല രീതിയില്‍ അന്വേഷിച്ച് എല്ലാ കാര്യങ്ങളും കണ്ടെത്തി എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. എം.എല്‍.എ എന്ന പദവി തോമസ് ചാണ്ടി തന്റെ വ്യവസായ വളര്‍ച്ചയ്ക്ക് വേണ്ടി ഉപയോഗിക്കുകയായിരുന്നു എന്നാണ് വാര്‍ത്തയിലൂടെ പറയാന്‍ ശ്രമിച്ചത്. സ്വന്തം മണ്ഡലത്തില്‍ പോലും ഒന്നും ചെയ്യാത്ത വ്യക്തി മറ്റൊരു മണ്ഡലത്തില്‍ ജി. സുധാകരന്റെ മണ്ഡലമായ അമ്പലപ്പുഴയിലെ ഒരു റോഡിന് വേണ്ടിയിട്ടാണ് അദ്ദേഹം വ്യവസായ വകുപ്പിനോട് ശുപാര്‍ശ ചെയ്തിട്ട് 28 ലക്ഷം രൂപ നേടിയെടുത്തത്. ടാറിങ് റോഡിനറ്റത്തേക്ക് പോകാതെ റിസോര്‍ട്ടിന് സമീപമായി അവസാനിക്കുകയാണ്. അങ്ങനെയാണ് ജില്ലാ കളക്ടര്‍ അത് കണ്ടെത്തുന്നത്. റോഡിന്റെ അറ്റത്തെത്തിയാല്‍ മാത്രമേ അത് അവിടെയുള്ള മറ്റു കുടുംബങ്ങള്‍ക്ക് പോലും ഉപയോഗിക്കാന്‍ പറ്റുകയുള്ളൂ. അതുകൊണ്ട് ഏറ്റവും സമര്‍ത്ഥമായി ഇത് ഉദ്യോഗസ്ഥര്‍ കൂടി ചേര്‍ന്നുള്ള ഗൂഢാലോചനയാണെന്ന് അന്വേഷണ സംഘത്തിലെ ഒരാളെ പോലും ഉള്‍പ്പെടുത്താതെ പുതിയൊരു സംഘത്തിന് അന്വേഷണചുമതല നല്‍കുകയെന്നത് സംശയകരമായ അവസ്ഥ തന്നെയാണ്. അന്വേഷണ സംഘത്തിന് ഒരു തടസവും ഇതുവരെ ഉണ്ടായിരുന്നില്ല. ഏപ്രില്‍ മാസത്തില്‍ റിപ്പോര്‍ട്ട് കൊടുക്കണം. അവര്‍ ഭൂരിഭാഗവും അന്വേഷിച്ച് കഴിഞ്ഞു. എല്ലാ രേഖകളും അവര്‍ കണ്ടെത്തിക്കഴിഞ്ഞിരുന്നു. മികച്ച രീതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഒരു സംഘത്തെയാണ് ഒരു പരാതിയുമില്ലാതെ മാറ്റിയത്. സംശയത്തിന് ഇടനല്‍കുന്നതാണ്.
സര്‍ക്കാരിന് തുടക്കംമുതലേ ഈ അന്വേഷണത്തില്‍ ഒരു താത്പര്യവുമില്ല. പക്ഷേ സര്‍ക്കാര്‍ ഇടപെടേണ്ട രീതിയില്‍ ഇടപെട്ടാണ് ഇപ്പോള്‍ അന്വേഷണ സംഘത്തെ മാറ്റിയിരിക്കുന്നത്. ജനങ്ങളും പരാതിക്കാരനും കരുതുന്നതുപോലെ സംശയത്തിന് ഇടനല്‍കുന്നത് തന്നെയാണ്. “”- ടിവി പ്രസാദ് പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയ നടപടി സംശയാസ്പദമാണെന്നും എന്തുകൊണ്ടാണ് ഇത്തരമൊരു മാറ്റം എന്ന് വിശദീകരിക്കാന്‍ സര്‍ക്കാരോ ഉന്നത അധികാരികളോ തയ്യാറായിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവായ എ.എ ഷുക്കൂര്‍ പ്രതികരിക്കുന്നു. ആലപ്പുഴ ജില്ലയിലെ ഒരു വിഷയം ആലപ്പുഴ ജില്ലാ കളക്ടര്‍ കൊടുത്തിട്ടുള്ള റിപ്പോര്‍ട്ട് ഏറ്റവും നന്നായി നടക്കുന്ന അന്വേഷണ റിപ്പോര്‍ട്ടാണ് വിജിലന്‍സ് കോടതിയില്‍ കൊടുത്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നതിനിടെയുണ്ടായ ഈ നടപടി എന്തിന് വേണ്ടിയാണെന്ന് രാഷ്ട്രീയബോധമുള്ള ഏതൊരാള്‍ക്കും മനസിലാകുമെന്നും അദ്ദേഹം പറയുന്നു.
ആലപ്പുഴയിലെ അന്വേഷണ സംഘം വളരെ വ്യക്തതോടെ അന്വേഷിക്കുകയും തോമസ് ചാണ്ടിക്കെതിരെ നിരവധി തെളിവുകള്‍ ശേഖരിക്കുകയും ചെയ്തതാണ്. എന്നാല്‍ അന്വേഷണ സംഘത്തെ മാറ്റിയതിലൂടെ ഇത് അട്ടിമറിക്കപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള രേഖ പരിശോധിച്ചാല്‍ കളക്ടറുടേയും തഹസില്‍ദാരുടെയും രേഖകള്‍ പരിശോധിക്കുമ്പോള്‍ വിജിലന്‍സ് കോട്ടയം മേഖള നടത്തിയിട്ടുള്ള സത്യസന്ധമായ അന്വേഷണത്തിന്‍മേലുള്ള നടപടികള്‍ വരുമ്പോള്‍ അത് തോമസ് ചാണ്ടിക്കെതിരാവും എന്ന് മനസിലാക്കിക്കൊണ്ടാണ് ബോധപൂര്‍വം ഇപ്പോള്‍ അന്വേഷണസംഘത്തെ മാറ്റിയിരിക്കുന്നത്. – ഷുക്കൂര്‍ പ്രതികരിക്കുന്നു.
അതേസമയം കേസിനെ മുന്‍വിധിയോടെ സമീപിക്കരുതെന്നും അന്വേഷണം നടത്തി കേസ് അട്ടിമറിച്ചാല്‍ അത് ചോദ്യം ചെയ്യാന്‍ ഈ രാജ്യത്ത് നിയമസംവിധാനങ്ങള്‍ ഉണ്ടല്ലോയെന്നായിരുന്നു ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജുവിന്റെ പ്രതികരണം. മുന്‍വിധിയോടെ ഒരു സംഘത്തെ നോക്കിക്കാണുകയും ഇവര്‍ കേസ് അട്ടിമറിക്കാന്‍ പോകുകയാണെന്നും പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറയുന്നു.
വിജിലന്‍സ് റേഞ്ച് എസ്.പി എം. ജോണ്‍സണ്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പ്രാഥമിക പരിശോധനയ്ക്ക് ശേഷം അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ നേരത്തെ ഡയരക്ടര്‍ക്ക് ശുപാര്‍ശ നല്‍കിയത്. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചാണ് വയല്‍ നികത്തി റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചതെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.
എന്നാല്‍ ഈ റിപ്പോര്‍ട്ട് സ്വീകരിക്കാതെ കൂടുതല്‍ അന്വേഷണം നടത്താനായിരുന്നു ഡയരക്ടര്‍ ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം. എന്നാല്‍ ഈ ശുപാര്‍ശയോട് ഡയരക്ടര്‍ക്ക് യോജിപ്പില്ലെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ കണ്ടെത്തിയ തെളിവുകള്‍ കേസെടുക്കാന്‍ പര്യാപ്തമാണെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥര്‍. ആ രീതിയില്‍ അന്വേഷണം പുരോഗമിക്കുമ്പോഴാണ് സംഘത്തെ മാറ്റി തിരുവനന്തപുരം പ്രത്യേക യൂണിറ്റ് എസ്.പി കെ.ഇ ബൈജുവിനെ അന്വേഷണ ചുമതലയേല്‍പ്പിച്ചത്. അന്വേഷണ സംഘത്തെ മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്ന് സുഭാഷ് കോടതിയില്‍ ആരോപിച്ചെങ്കിലും അന്വേഷണ സംഘത്തെ മാറ്റിയതില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു വിജിലന്‍സ് എന്‍ക്വയറി കമ്മീഷണര്‍ ആന്‍ഡ് സ്‌പെഷ്യല്‍ ജഡ്ജിയുടെ ന്യായം. കേസ് അന്വേഷണത്തിന് കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടം വേണമെന്ന പരാതിക്കാരന്റെ ആവശ്യവും കോടതി നിരാകരിച്ചിരുന്നു.
തോമസ് ചാണ്ടി സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗിക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. സീറോ ജെട്ടി റോഡിന് പ്രത്യേകം തുക അനുവദിക്കാന്‍ തോമസ് ചാണ്ടി ശുപാര്‍ശ ചെയ്‌തെന്നും ഇതിന് കളക്ടര്‍മാരായിരുന്ന പി. വേണുഗോപാലും സൗരഭ് ജെയിനും കൂട്ടുനിന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തോമസ് ചാണ്ടിയെ ഒന്നാം പ്രതിയാക്കിയാണ് മുന്‍ അന്വേഷണസംഘം എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്.
ആകെ 22 പ്രതികളാണ് കേസിലുള്ളത്. 12 ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്നായിരുന്നു റിപ്പോര്‍ട്ടിലെ ആവശ്യം. തോമസ് ചാണ്ടിയെ കൂടാതെ ആലപ്പുഴ മുന്‍ കലക്ടര്‍ പി. വേണുഗോപാല്‍, സബ്കലക്ടര്‍ സൗരഭ് ജെയിന്‍, എഡിഎം കെ.പി. തമ്പി തുടങ്ങിയവരും പട്ടികയിലുണ്ടായിരുന്നു.
പട്ടികയിലെ രണ്ടു മുതല്‍ 14 വരെയുള്ള ഉദ്യോഗസ്ഥര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു കുറ്റകരമായ ഗൂഢാലോചനയ്ക്കു കൂട്ടുനിന്നെന്നാണ് കണ്ടെത്തല്‍. കമ്പനിയുടെ ഡയറക്ടര്‍മാരുടെ പങ്കും അന്വേഷിക്കപ്പെടണമെന്നും തോമസ് ചാണ്ടിക്കും കുടുംബാംഗങ്ങള്‍ക്കുമാണു റിസോര്‍ട്ടിന്റെ കൂടുതല്‍ ഓഹരികളുള്ളതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ പുതിയ എഫ്.ഐ.ആറില്‍ രണ്ടാം പ്രതികളുടെ സ്ഥാനത്ത് മൂന്ന് പേരുകളാണ് ഉള്ളതെന്നും ഒരേസമയം എങ്ങനെ മൂന്ന് പേര്‍ക്ക് രണ്ടാം പ്രതിയാകാന്‍ കഴിയുമെന്നും സുഭാഷ് ചോദിക്കുന്നു.
“പുതിയ എഫ്.ഐ.ആര്‍ തിരുവനന്തപുരത്തെ എസ്.പി ആരും കാണാതെ മുക്കിക്കളയുകയായിരുന്നു. കേസ് വിളിക്കുമ്പോള്‍ കോടതിയില്‍ വെച്ച് എഫ്.ഐ.ആര്‍ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ അതിന്റെ കുഴപ്പം കോടതിയില്‍ പറയാമായിരുന്നു. എന്നാല്‍ അതിന് അവസരം തന്നില്ല. എനിക്ക് എഫ്.ഐ.ആര്‍ ലഭ്യമാക്കിയില്ല. അതിന് ശേഷം വൈകീട്ടാണ് കോടതിയില്‍ നിന്നും ലഭിക്കുന്നത്. അത് കിട്ടിക്കഴിഞ്ഞപ്പോഴാണ് അതിലെ കുഴപ്പം മനസിലാകുന്നത്. ഇതില്‍ രണ്ടാംപ്രതിയായി പറയുന്നത് the district collector alappuzha during the period 2010-2012 എന്നാണ്.
അതില്‍ മൂന്ന് പേര്‍ ജില്ലാ കളക്ടറായുണ്ട്. മൂന്ന് പേര്‍ക്ക് ഒരേസമയം രണ്ടാം പ്രതിയാകാന്‍ പറ്റുമോ?
വേണുഗോപാലിനേയും സൗരഭിനേയും തമ്പിയേയും ഒരേസമയം രണ്ടാം പ്രതിയാകാന്‍ പറ്റുമോ? എഫ്.ഐ.ആറില്‍ തന്നെ കുഴപ്പം ഉണ്ടാക്കിവെച്ചാണ് തുടങ്ങിയത്. ഇത് ഞാന്‍ കണ്ടുപിടിച്ച് കോടതിയോട് പറഞ്ഞ് പ്രതിപട്ടിക മാറ്റണമെന്ന് കോടതിയോട് പറഞ്ഞാലോ എന്ന് ഭയന്നായിരിക്കാം രാവിലെ അവിടെ നിന്ന് മുങ്ങിക്കളഞ്ഞത്. – സുഭാഷ് പറയുന്നു.
അതേസമയം കായല്‍ കയ്യേറ്റ കേസില്‍ തോമസ് ചാണ്ടിക്ക് ആശ്വാസം പകരുന്ന വിധിയായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നും ഉണ്ടായത്.
തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം മനഃപൂര്‍വ്വമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. തോമസ് ചാണ്ടിക്കെതിരായ സര്‍ക്കാര്‍ സര്‍വേ മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ തോമസ് ചാണ്ടിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.
സര്‍വേ പൂര്‍ത്തിയാക്കിയ ശേഷം ബന്ധപ്പെട്ട കക്ഷികളെ നോട്ടീസ് നല്‍കി കേള്‍ക്കണമെന്ന് നിര്‍ദേശിച്ച കോടതി തോമസ് ചാണ്ടിക്കെതിരെ സമര്‍പ്പിച്ചിരുന്ന രണ്ട് ഹര്‍ജികളും തീര്‍പ്പാക്കുകയായിരുന്നു.
കൈനകരി പഞ്ചായത്തംഗം ബി.കെ വിനോദ്, സി.പി.ഐ നേതാവ് മുകുന്ദന്‍ എന്നിവരാണ് കോടതിയെ സമീപിച്ചിരുന്നത്. അതേസമയം, കേസെടുക്കേണ്ട എന്ന കോടതിയുടെ നിരീക്ഷണത്തില്‍ അതൃപ്തിയുണ്ടെന്ന് പരാതിക്കാരനായ വിനോദ് പറഞ്ഞു.
” സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും സുപ്രീം കോടതിയെ സമീപിക്കാന്‍ താന്‍ നിര്‍ബന്ധിതനാകും. വിധി പകര്‍പ്പ് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ തുടര്‍ നടപടികളുമായി മുന്നോട്ടുപോകും. സര്‍ക്കാരിന്റെ സ്ഥലം അളഞ്ഞുതിരിക്കപ്പെടാത്ത കാലത്തോളം കയ്യേറ്റമായി തന്നെയാണ് കണക്കാക്കുന്നതെന്നും” വിനോദ് പറഞ്ഞു.
കയ്യേറ്റ കേസില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ തിരിച്ചടി നീക്കാന്‍ തോമസ് ചാണ്ടി സുപ്രീം കോടതിയെ സമീപിച്ചിരിക്കേ കൂടിയാണ് ഹൈക്കോടതിയില്‍ നിന്ന് ആശ്വാസ നടപടിയുണ്ടാകുന്നത്.
അതിനിടെ നിലംനികത്തലും പുറമ്പോക്കു കയ്യേറ്റവും സംബന്ധിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതി തള്ളിയതിനെതിരെ മുന്‍ മന്ത്രി തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് പിന്മാറി. കാരണം വ്യക്തമാക്കാതെയാണു പിന്മാറ്റം. മറ്റൊരു ബെഞ്ച് കേസുകേള്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നേരത്തെ സുപ്രീംകോടതിയിലെ രണ്ടു ജഡ്ജിമാര്‍ പിന്മാറിയിരുന്നു. ജസ്റ്റിസുമാരായ ഖാന്‍ വില്‍ക്കറും അഭയ് മനോഹര്‍ സാപ്രെയുമാണ് നേരത്തെ കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയത്.