കൊച്ചി: തന്നെ കോടതി കുറ്റക്കാരനാക്കിയിട്ടില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി. തനിക്ക് എതിരായിട്ടുള്ളതൊന്നും കോടതിവിധിയിലുണ്ടായിട്ടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കോടതി ഉത്തരവ് കയ്യില്‍ കിട്ടിയ ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാമെന്ന് പറഞ്ഞ തോമസ് ഉത്തരവ് പ്രതികൂലമാണെങ്കില്‍ ഉറപ്പായും നാളെത്തന്നെ രാജിവച്ചൊഴിയുമെന്നും പറഞ്ഞു.
“കോടതി നടത്തിയ വാക്കാലുള്ള പരാമര്‍ശങ്ങളുടെ പേരില്‍ രാജിവയ്ക്കില്ല. നാളെ ഹൈക്കോടതി വിധിയിലും ഈ പരാമര്‍ശങ്ങളുണ്ടെങ്കില്‍ ആ നിമിഷം രാജിവച്ചൊഴിയും. തന്നെ കോടതി കുറ്റക്കാരനാക്കിയിട്ടില്ല. തനിക്കുണ്ടായിരുന്ന 90 ശതമാനം പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു. താന്‍ ഭൂമി കൈയേറിയിട്ടില്ലെന്ന് കോടതി ശരിവച്ചു” അദ്ദേഹം പറഞ്ഞു.
നേരത്തെ കായല്‍കയ്യേറ്റവുമായി ബന്ധപ്പെട്ടുള്ള കള്കടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. ജസ്റ്റിസ് പി.എന്‍ രവീന്ദ്രനും ദേവന്‍ രാമചന്ദ്രനും അടങ്ങിയ ബെഞ്ചായിരുന്നു ഹരജി തള്ളിയത്. തോമസ് ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ നടത്തിയ ശേഷമാണ് കോടതിയുടെ നടപടി.
മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമുണ്ടായെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിനെ എതിര്‍കകക്ഷിയാക്കിക്കൊണ്ട് മന്ത്രി തന്നെ ഹരജിയുമായി എത്താനുള്ള അവകാശം ഇല്ലെന്നും അത്തരത്തില്‍ ഹരജി എത്തുന്നത് കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമാണെന്നും ബെഞ്ച് നിരീക്ഷിച്ചിരുന്നു.
എന്നാല്‍ തന്നെ കോടതി കുറ്റക്കാരനാക്കിയിട്ടില്ലെന്നും താന്‍ ഭൂമി കയ്യേറിയിട്ടില്ലെന്ന് കോടതി ശരിവെക്കുകയാണുണ്ടായതെന്നുമാണ് മന്ത്രിയുടെ ന്യായീകരണം. നേരത്തെ സി.പി.ഐ നേതാക്കള്‍ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനെക്കുറിച്ച് പ്രതികരിച്ച തോമസ് ചാണ്ടി താന്‍ അതൊന്നും കാര്യമാക്കുന്നില്ലെന്നും കോടതി വിധി എതിരാണെങ്കില്‍ രാജിയുള്ളൂവെന്നുമാണ് പറഞ്ഞത്.