'കഥാന്ത്യം ചാണ്ടി'; തോമസ് ചാണ്ടി എന്‍.സി.പിയുടെ മന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ
Kerala
'കഥാന്ത്യം ചാണ്ടി'; തോമസ് ചാണ്ടി എന്‍.സി.പിയുടെ മന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st March 2017, 11:56 am

തിരുവനന്തപുരം: ഫോണ്‍ സംഭാഷണ വിവാദത്തെ തുടര്‍ന്ന് രാജി വച്ച എ.കെ ശശീന്ദ്രനു പകരം തോമസ് ചാണ്ടി മന്ത്രിയാകും. ഇതു സംബന്ധിച്ചു ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തിലാണ് തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ തീരുമാനമായത്. നാളെ വൈകിട്ട് നാലുമണിയ്ക്കായിരിക്കും തോമസ് ചാണ്ടി സത്യ പ്രതിജ്ഞ ചെയ്യുക.

നേരത്തെ ചേര്‍ന്ന എന്‍.സി.പിയുടെ യോഗത്തില്‍ മന്ത്രി സ്ഥാനത്തേക്ക് തിരികെ വരുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് താന്‍ തുടക്കം കുറിക്കില്ലെന്നും തോമസ് ചാണ്ടിയെ സ്വാഗതം ചെയ്യുന്നുവെന്നും മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തോമസ് ചാണ്ടിയെ മന്ത്രിയായി തെരഞ്ഞെടുത്തത്.

അതേസമയം. എ.കെ ശശീന്ദ്രന്റേതെന്ന് ആരോപിക്കപ്പെടുന്ന ഫോണ്‍ സംഭാഷണം പുറത്തു വിട്ട മംഗളം ചാനലിനെതിരെ കേസെടുത്തു. പ്രത്യേക അന്വഷണ സംഘമാണ് ചാനലിനെതിരെ കേസെടുത്തത്. ഫോണ്‍ കെണിയ്ക്കു പിന്നില്‍ ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷനായിരുന്നുവെന്നും ചാനലിന്റെ വനിതാ റിപ്പോര്‍ട്ടായിരുന്നു മുന്‍ മന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നതെന്നും ഇന്നലെ ചാനല്‍ സി.ഇ.ഒ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ചാനലിനെതിരെ കേസെടുത്തത്.


Also Read:‘ചെയ്യാത്ത തെറ്റിന് ശിക്ഷ എന്തിന്? ‘ സര്‍ക്കാര്‍ ശശീന്ദ്രനെ തിരിച്ചുവിളിക്കണമെന്ന് ടി. പാര്‍വ്വതി


ചാനല്‍ മേധാവിയടക്കം ഒമ്പതു പേര്‍ക്കെതിരെയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഐ.ടി ആക്ട്, ഗൂഢാലോചന, ഇലക്ട്രോണിക് മാധ്യമത്തിന്റെ ദുരുപയോഗം എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

നേരത്തെ, സി.ഇ.ഒ അജിത് കുമാറിന്റെ കുറ്റസമ്മതത്തിനു പിന്നാലെ ചാനലില്‍ നിന്നും രണ്ട് പേര്‍ രാജി വയ്ക്കുകയും ചെയ്തിരുന്നു. ഡെപ്യൂട്ടി എഡിറ്റര്‍ എം.എം. രാഗേഷ്, വയനാട് റിപ്പോര്‍ട്ട് ദീപക് മലയമ്മ എന്നിവരായിരുന്നു രാജി വച്ചത്. ചാനല്‍ സി.ഇ.ഒയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയായിരുന്നു ഇരുവരും രാജി വച്ചതും. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇരുവരുടേയും പ്രതികരണം.