| Monday, 6th February 2023, 10:06 pm

മോദിയുടെ വിദ്വേഷ രാഷ്ട്രീയം തടയണം; ബി.ബി.സി ഡോക്യുമെന്ററിയുടെ തമിഴ് പതിപ്പ് പ്രദര്‍ശിപ്പിച്ച് തോള്‍ തിരുമാവളവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബി.ബി.സി പുറത്തിറക്കിയ ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററിയുടെ തമിഴ് പതിപ്പ് പ്രദര്‍ശിപ്പിച്ച് വിടുതലൈ ചിരുതൈകള്‍ കച്ചി (വി.സി.കെ) നേതാവ് തോള്‍ തിരുമാവളവന്‍. പാര്‍ട്ടി ഓഫീസില്‍ വെച്ചായിരുന്നു പ്രദര്‍ശനം.

പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുടരുന്ന വിദ്വേഷ രാഷ്ട്രീയം തടയണമെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവന് വേണ്ടി പൊരുതിയോ, ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി മല്ലടിച്ചോ അല്ല മറിച്ച് വെറുപ്പ് പ്രചരിപ്പിച്ചാണ് മോദി ഉയരത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

‘പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയരത്തിലേക്കെത്തിയത് ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതിയിട്ടല്ല. വിദ്വേഷവും വെറുപ്പും പ്രചരിപ്പിച്ചു തന്നെയാണ്. ഇതൊക്കെ ചെയ്യാന്‍ തനിക്ക് മാത്രമേ കഴിയൂ എന്ന ഒരുതരം പൊള്ളയായ തോന്നല്‍ മോദി സൃഷ്ടിച്ചെടുത്തു. അങ്ങനെയാണ് സംസ്ഥാനതലത്തില്‍ നിന്നും മോദി ദേശീയ തലത്തിലേക്ക് ഉയര്‍ന്നത്,’ തോള്‍ തിരുമാവളവന്‍ പറഞ്ഞു.

വി.സി.കെ, ദ്രാവിഡര്‍ കഴകം പോലുള്ള ഏതാനും ചില പാര്‍ട്ടികള്‍ ബി.ജെ.പിക്കെതിരെ ശക്തമായി പോരാടുന്നുണ്ട്. ഇനി ചര്‍ച്ചകള്‍ നടക്കേണ്ടത് 2024ല്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്ഥിതി എന്താകും എന്നതിനെ കുറിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പലരും പെരിയാറിസത്തേയും വി.സി.കെ, ദ്രാവഡര്‍ കഴകം പോലുള്ളവരേയും വിമര്‍ശിക്കുന്നത് കണ്ടു. വിമര്‍ശിക്കപ്പെടേണ്ട പാര്‍ട്ടിയാണെന്നോ നയങ്ങളാണെന്നോ പറയുന്നില്ല. പക്ഷേ ഇപ്പോള്‍ അതിനേക്കാള്‍ പ്രധാനം മോദിയുടെ വിദ്വേഷ രാഷ്ട്രീയമാണ്. മോദി പുറത്തുവിടുന്ന വിദ്വേഷത്തെ എങ്ങനെ ചെറുക്കുമെന്നാണ് നിങ്ങള്‍ കരുതുന്നത്? ,’ തോള്‍ തിരുമാവളവന്‍ ചോദിച്ചു.

ക്യാമ്പസുകളില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി നടത്താനിരുന്ന ഡോക്യുമെന്ററി പ്രദര്‍ശനത്തിന് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ മൗലീകാവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന ആഹ്വാനവുമായി സി.പി.ഐ.എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.

അതേസമയം വി.സി.കെ നേതാവും എം.പിയുമായ ഡി. രവികുമാര്‍, സംവിധായകന്‍ വെട്രിമാരന്‍, ദ്രാവിഡര്‍ കഴകം നേതാവ് കാലി പൂങ്കുണ്ട്രന്‍ തുടങ്ങിയവര്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്തിരുന്നു.

Content Highlight: Thol Thirumavalavan’s VCK screens tamil version of bbc documentary on modi

We use cookies to give you the best possible experience. Learn more