ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ നിന്ന് വിവാദമായ സീന്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് വി.സി.കെ പാര്‍ട്ടി അദ്ധ്യക്ഷനും എം.പിയുമായ തിരുമാവളവന്‍. ഇതേ ആവശ്യം ആക്ടിവിസ്റ്റും, രാഷ്ട്രീയപ്രവര്‍ത്തകനും, സംവിധായകനുമായ സീമാനും ആവശ്യപ്പെട്ടിരുന്നു.
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ പ്രഭാകരനെ തരംതാഴ്ത്തുന്ന ആ സീന്‍ സിനിമ ടീമിന്റെ മോശമായ സ്വഭാവത്തെ കാണിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്‍ മാപ്പ് പറഞ്ഞാല്‍ മാത്രം പോരാ, വിവാദമായ ആ സീന്‍ ഉടനടി നീക്കണമെന്നാണ് തിരുമാവളവന്‍ ആവശ്യപ്പെട്ടത്.
നടന്‍ ദുല്‍ഖര്‍ സല്‍മാനെതിരെ വ്യാപക അധിക്ഷേപമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ സുരേഷ് ഗോപിയുടെ പട്ടിക്ക് ‘പ്രഭാകരന്‍’ എന്ന് പേരിട്ടതാണ് ആളുകളെ ചൊടിപ്പിച്ചത്.
തമിഴ് പുലി നേതാവായ വേലുപിള്ള പ്രഭാകരന്റെ പേര് പട്ടിക്ക് നല്‍കിയെന്ന് ആരോപിച്ചാണ് ദുല്‍ഖറിനെതിരെ തെറിവിളിയുമായി ഒരു കൂട്ടം തമിഴ് പുലി ആരാധകര്‍ രംഗത്ത് എത്തിയത്.
ദുല്‍ഖറിന്റെ പിതാവായ മമ്മൂട്ടിയെ അടക്കം അധിക്ഷേപിക്കുന്ന തരത്തിലാണ് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നത്. തങ്ങളുടെ നായക്ക് ദുല്‍ഖര്‍ എന്ന് പേരിടും എന്നാണ് ചിലര്‍ പറയുന്നത്.
ഇതിന് മറുപടിയുമായി ദുല്‍ഖര്‍ രംഗത്ത് എത്തിയിരുന്നു. പ്രഭാകരന്‍ എന്ന പേരുമായി ബന്ധപ്പെട്ട തമാശ തമിഴ് ജനതയെ അപമാനിക്കുന്നതായി നിരവധി ആളുകള്‍ തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
എന്നാല്‍ അത്തരത്തിലെരു പേര് ഉപയോഗിച്ചത് പട്ടണപ്രവേശം എന്ന സിനിമയില്‍ നിന്നും ഊര്‍ജം കൊണ്ടാണെന്നും ഈ പേര് മലയാളിയ്ക്ക് പരിചിതമായ തമാശയാണെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.
പ്രഭാകരന്‍ എന്ന പേര് കേരളത്തില്‍ പൊതുവേ ഉപയോഗിക്കുന്നതാണെന്നും ദുല്‍ഖര്‍ പറഞ്ഞു.
സിനിമയുടെ തുടക്കത്തില്‍ പരാമര്‍ശിക്കുന്നതുപോലെ ചിത്രത്തില്‍ ജീവിച്ചിരിക്കുന്നതോ മരിച്ചതുമായ ആരെ കുറിച്ചും പരാമര്‍ശിക്കുന്നില്ല. സിനിമ കാണാതെയാണ് പലരും അഭിപ്രായം പറയുന്നത്. വെറുപ്പ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
എന്നെയും സംവിധായകനെയും വിമര്‍ശിക്കുന്നത് അംഗീകരിക്കാം. പക്ഷേ ദയവായി ഞങ്ങളുടെ പിതാക്കന്മാരേയോ സിനിമയിലെ മുതിര്‍ന്ന അഭിനേതാക്കളെയും മോശമായി ചിത്രീകരിക്കരുത്. സിനിമയില്‍ പരാമര്‍ശിച്ച പേര് വിഷമിപ്പിച്ച തമിഴ് ജനതയോട് ക്ഷമ ചോദിക്കുന്നതായും ദുല്‍ഖര്‍ പറഞ്ഞു. പട്ടണപ്രവേശം സിനിമയിലെ രംഗവും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.