മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിന് ഉത്തരവാദിയാണെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്ന പ്രൊഫസര്‍ സുദര്‍ശന്‍ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തോള്‍ തിരുമാളവന്‍ എം.പി. എല്ലാ ഐ.ഐ.ടികളിലും എസ്.സി,എസ്.ടി, ഒ.ബി.സി സെല്‍ ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യവിഭശേഷി മന്ത്രി രമേഷ് പൊക്രിയാല്‍ നിശാങ്കിനെഴുതിയ കത്തിലാണ് എം.പി ഇക്കാര്യം ആവശ്യപ്പെട്ടത്.
വിദ്യാര്‍ത്ഥികളോടുള്ള വിവേചനത്തിലും വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയുടെ കാര്യത്തിലുമാണ് മദ്രാസ് ഐ.ഐ.ടി അറിയപ്പെടുന്നത്. 2019ല്‍ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ വിദ്യാര്‍ത്ഥിയാണ് ഫാത്തിമ. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ 14 വിദ്യാര്‍ത്ഥികളാണ് ഇവിടെ ആത്മഹത്യ ചെയ്തത്. ഇത് വ്യക്തിപരമായ പ്രശ്‌നമല്ല. മതത്തിന്റെയും ജാതിയുടേയും ലിംഗത്തിന്റെയും പേരിലുള്ള വിവേചനത്തെ കുറിച്ച് നിരവധി വിദ്യാര്‍ത്ഥികളാണ് പരാതിപ്പെടുന്നതെന്നും തിരുമാവളന്‍ കത്തില്‍ പറയുന്നു.
വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയെ കണക്കിലെടുത്ത് ഇന്ത്യയിലെ സര്‍വകലാശാലകളില്‍ രോഹിത് ആക്ട് നടപ്പിലാക്കണമെന്നും തിരുമാവളന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നം പഠിക്കുന്നതിന് വേണ്ടി പ്രശ്‌നപരിഹാര സെല്ലുകള്‍ വേണം. മുഴുവന്‍ സമയ മാനസിക രോഗ വിദഗ്ധന്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.