| Wednesday, 5th June 2019, 6:52 pm

ദളിത് പ്രസ്ഥാനങ്ങള്‍ ബി.ജെ.പിയെ എതിര്‍ക്കാന്‍ കമ്മ്യൂണിസ്റ്റുകളോടും ജനാധിപത്യ പ്രസ്ഥാനങ്ങളോടും കൈക്കോര്‍ക്കണം; തോള്‍ തിരുമാളവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജ്യത്തെ ദളിത് പ്രസ്ഥാനങ്ങള്‍ ബിജെപിക്കെതിരെ ഒന്നിക്കണമെന്ന് വി.സി.കെ നേതാവ് തോള്‍ തിരുമാളവന്‍. ദളിതുകളെ സംബന്ധിച്ചിടത്തോളം ഒന്നാം മോഡി സര്‍ക്കാരിനെക്കാളും അപകടകാരിയായിരിക്കും രണ്ടാം മോദി സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തോള്‍ തിരുമാളവന്റെ വാക്കുകള്‍.

ഇത്തവണ വലിയ വെല്ലുവിളികളായിരിക്കും പാര്‍ലമെന്റില്‍ നേരിടേണ്ടി വരിക. ബി.ജെ.പിക്ക് ലഭിച്ച വലിയ ഭൂരിപക്ഷം ആസ്വദിച്ചു കൊണ്ട് അവര്‍ അവരുടെ തീരുമാനങ്ങള്‍ രാജ്യത്തിന് മേല്‍ അടിച്ചേല്‍പ്പിക്കും. ഹിന്ദു രാഷ്ട്ര അജണ്ട, രാമ ക്ഷേത്ര നിര്‍മ്മാണ ആവശ്യം, ഒരു രാജ്യം ഒരു സംസ്‌ക്കാരം, ഗര്‍ വാപ്പസി, ഗോവധ നിരോധനം, ലവ് ജിഹാദ് എന്നിങ്ങനെയുള്ള വിഷയങ്ങളുണ്ടാവും. ഈ വിഷയങ്ങളെല്ലാം ദളിതുകളെ ഭയപ്പെടുത്തുന്നതാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടേയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയും ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്വം എന്നും തിരുമാളവന്‍ പറഞ്ഞു.

ബി.ജെ.പിയുടേയും ആര്‍.എസ്എ.സിന്റെയും ആശയം എന്നത് ഹിന്ദുക്കളും ഹിന്ദുക്കളല്ലാത്തവരും എന്നതാണ്. മാനസികമായി ദളിതുകള്‍ ചിന്തിക്കുന്നത് അവര്‍ ഹിന്ദുക്കളാണെന്നും ബി.ജെ.പിയെ പിന്തുണക്കേണ്ടതുണ്ടെന്നുമാണ്. വടക്കേയിന്ത്യയിലെ ഭൂരിപക്ഷം ഹിന്ദു ദളിതുകളും കരുതുന്നത് ബി.ജെ.പി അവരുടെ പാര്‍ട്ടിയാണെന്നാണ്. ആ കരുതലിനെ ബി.ജെ.പി ഉപയോഗിക്കുകയും ചെയ്യുന്നു. അയിത്തം അവസാനിപ്പിക്കുന്നതിനോ ജാതി അതിക്രമത്തെ ഇല്ലാതാക്കുന്നതിനോ ബിജെപിയും ആര്‍എസ്എസും ഒന്നും ചെയ്യുന്നില്ല. അവിടത്തെ ദളിതുകള്‍ മായികവലയത്തില്‍ അകപ്പെട്ടിരിക്കുകയാണെന്നും തിരുമാളവന്‍ പറഞ്ഞു.

വി.സികെ ജനാധിപത്യ ശക്തികളുടെ ഐക്യത്തിന് വേണ്ടി നിലനില്‍ക്കുന്നു. ആരാണോ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നത് അവര്‍ കൈകോര്‍ക്കണം. അത് ഇടത്പക്ഷമാവാം, സ്ത്രീകളാവാം, ന്യൂനപക്ഷങ്ങളാവാം. രണ്ടാം മോദി സര്‍ക്കാര്‍ ദളിതുകള്‍ക്ക് കൂടുതല്‍ അപകടകരമാവും. രാഷ്ട്രീയ അധികാരമാവരുത് ദളിത് പ്രസ്ഥാനങ്ങളുടെ അടിയന്തിര അജണ്ട. രാം വിലാസ് പാസ്വാനും രാംദാസ് അത്താവാലെയും അടക്കമുള്ള ദളിത് നേതാക്കളും പ്രസ്ഥാനങ്ങളും ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുകയും ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടി കമ്മ്യൂണിസ്റ്റുകളുമായും മറ്റ് ജനാധിപത്യ പ്രസ്ഥാനങ്ങളുമായും കൈകോര്‍ക്കണമെന്നും തോള്‍ തിരുമാളവന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more