[]തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ തോക്ക് സ്വാമിയുടെ അസഭ്യവര്‍ഷം. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ വി.എസ് നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് ക്ലോസറ്റ് സമരമെന്ന പേരില്‍ അസഭ്യവര്‍ഷം. വി.എസിനെതിരെ പ്രതിഷേധിച്ച ഹിമവല്‍ ഭദ്രാനന്ദ എന്ന തോക്ക് സ്വാമി സി.പി.ഐയുടെ യുവജനസംഘടനയായ എ.ഐ.വൈ.എഫ് പ്രവര്‍ത്തകരുമായുള്ള കൈയ്യാങ്കളിയിലാണ് സമരം അവസാനിപ്പിച്ചത്.[]
യൂറോപ്യന്‍ ക്ലോസറ്റും പൂമാലയുമായാണ് ഭദ്രാനന്ദ സെക്രട്ടേറിയറ്റ് നടയില്‍ പ്രതിഷേധിക്കാനെത്തി യത്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെക്കാള്‍ നല്ലത് ക്ലോസറ്റാണെന്ന് പറഞ്ഞാണ് വിവാദ സ്വാമി പ്രതിഷേധം തുടങ്ങിയത്. ക്ലോസറ്റിന് മുകളില്‍ വി.എസ് എന്നെഴുതി അതില്‍ പുഷ്പാര്‍ച്ചനയും മാലയുമിട്ട് പ്രതിഷേധിച്ച തോക്ക് സ്വാമിയുടെ തെറി കേട്ട് അത് വഴി സമരം കഴിഞ്ഞ് മടങ്ങുകയായിരുന്ന എ.ഐ.വൈ.എഫ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടാവുകയും കൈയ്യാങ്കളിയോളമെത്തിയപ്പോള്‍ പോലീസ് ഇടപെടുകയായിരുന്നു.
വി.എസിനെതിരെയും എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ക്കെതിരെയും അസഭ്യവര്‍ഷം നടത്തിയ ഭദ്രാനന്ദ പോലീസ് വലയത്തിനകത്ത് വച്ച് എ.ഐ.വൈ.എഫ് പ്രവര്‍ത്തകനെ ചവിട്ടിയത് കൊണ്ട് തോക്ക് സ്വാമി യുവജന പ്രവര്‍ത്തകരുടെ കൈച്ചൂട് അറിയേണ്ടി വന്നു. ഇവരെ ഭദ്രാനന്ദയും തല്ലാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പിന്നീട് കൂടുതല്‍ പോലീസെത്തി ഭദ്രാനന്ദയെ സ്ഥലത്ത് മാറ്റിയതോടെയാണ് തല്ല് അവസാനിച്ചത്. ക്ലോസറ്റ് ഇടതുപ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്താണ് സ്ഥലം വിട്ടത്.